മന്ത്രവാദ ചികിത്സയ്‌ക്കിടെ യുവതി മരിച്ച സംഭവം; വ്യാജസിദ്ധന്‍ പിടിയില്‍

മന്ത്രവാദ ചികിത്സക്കിടെ യുവതി മരിക്കാനിടയായ സംഭവത്തില്‍ ഒളിവിലായിരുന്ന വ്യാജസിദ്ധനെ പത്തനംതിട്ടയില്‍നിന്നു പോലീസ് പിടികൂടി. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് സിറാജുദ്ദീന്‍. ഇയാള്‍ക്ക് വേണ്ടി പോലീസ് പല സ്ഥലങ്ങളിലും വല വിരിച്ചിരുന്നു. പത്തനംതിട്ടയില്‍ ഒളിവില്‍ കഴിയുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് കരുനാഗപ്പള്ളി പോലീസ് അവിടെ എത്തി പ്രതിയെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്‌തു വരികയാണ്.
ഇന്നു പുലര്‍ച്ചെ ഒന്നോടെയാണ് ആലപ്പുഴ നൂറനാട് ആദിക്കാട്ടുകുളങ്ങര ബിസ്‌മി മന്‍സിലില്‍ സിറാജുദ്ദീന്‍ കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ പിതാവും സുഹൃത്തും രണ്ടു ദിവസം മുമ്പ് അറസ്റ്റിലായിരുന്നു. കഴിഞ്ഞ 13ന് ആണു ഹസീന മരണപ്പെട്ടത്. ഹസീനയുടെ മാനസികാസ്വാസ്ഥ്യം മാറ്റാന്‍ വേണ്ടിയാണ് പിതാവായ ഹസന്‍ സുഹൃത്തിന്റെ സഹായത്തോടെ സിദ്ധ ചികിത്സ നടത്തുന്ന സിറാജുദ്ദീനെ ചികിത്സക്ക് വേണ്ടി വീട്ടിലേക്ക് കൊണ്ടുവന്നത്. രണ്ടു തവണ വിവാഹം കഴിച്ചയച്ചെങ്കിലും ഹസീനയെ ഭര്‍ത്താക്കന്മാര്‍ മൊഴി ചൊല്ലുകയായിരുന്നു.
ഏതാനും ദിവസങ്ങളായി സിറാജുദ്ദീന്‍ സിദ്ധചികിത്സയുടെ പേരില്‍ ഹസീനയെ ക്രൂരമായി പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭക്ഷണം പോലും കൊടുക്കാതെ നിലത്ത് കിടത്തി ദേഹത്ത് കയറിക്കൂടിയ ജിന്നിനെ പുറത്താക്കാനെന്നുപറഞ്ഞ് വടി കൊണ്ട് തല്ലുന്നത് പതിവായിരുന്നു. അടുത്ത ദിവസങ്ങളില്‍ ഭക്ഷണവും വെള്ളവും കിട്ടാതെ തളര്‍ന്ന ഹസീനയെ സിറാജുദ്ദീന്‍ ക്രൂരമായി മര്‍ദിച്ചതായി പറയുന്നു. ഒടുവില്‍ ഇയാളുടെ തൊഴിയേറ്റാണു ഹസീന ബോധമറ്റു വീണത്. തുടര്‍ന്ന് സിറാജുദ്ദീനൊപ്പം വീട്ടുകാര്‍ കാറില്‍ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോള്‍ മരണം സംഭവിച്ചിരുന്നു. ഇതിനിടെ സിറാജുദ്ദീന്‍ അവിടെനിന്നും മുങ്ങി. വിവരം പോലീസില്‍ അറിയിക്കാതെയും മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്താന്‍ തയാറാവാതെയും കബറടക്കാന്‍ ഹസന്‍ ശ്രമം നടത്തി. എന്നാല്‍ സംശയം തോന്നിയ നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ യുവതിയുടെ നട്ടെല്ല് തകര്‍ന്നതാണ് മരണകാരണമെന്ന് തെളിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha