ഋഷിരാജ്‌സിംഗ് പോയതോടെ റോഡുകള്‍ കുരുതിക്കളം

ഗതാഗത കമ്മീഷ്‌ണറായിരുന്ന ഋഷിരാജ്‌സിംഗ് വകുപ്പ് വിട്ടതോടെ കേരളത്തില്‍ ബൈക്ക് അപകടങ്ങള്‍ കുത്തനെ വര്‍ദ്ധിക്കുന്നു. ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടാകുന്ന അപകടങ്ങളാണ് അധികവും. അതേസമയം ബൈക്കുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് നടപ്പിലാക്കിയിരുന്ന എല്ലാ പദ്ധതികളും പാളി. ഋഷിരാജ് സിംഗിന് പണി കിട്ടിയതോടെ ഗതാഗത കമ്മാഷ്‌ണറായി പുതുതായി നിയമിതയായ ആര്‍ ശ്രീലേഖയും നിശബ്‌ദത പാലിക്കുന്നു. ആവശ്യമില്ലാത്ത ഗുലുമാലുകള്‍ക്കൊന്നും നിന്നുകൊടുക്കാന്‍ ശ്രീലേഖ തയ്യാറല്ല.
മാതാപിതാക്കളാണ് ബൈക്ക് അപകടങ്ങളുണ്ടാക്കുന്ന പ്രധാന കാരണക്കാര്‍. വിശേഷ അവസരങ്ങളില്‍ രക്ഷാകര്‍ത്താക്കള്‍ മക്കള്‍ക്ക് സമ്മാനിക്കുന്നത് ബൈക്കുകളാണ്. ബൈക്കോടിക്കുന്ന അന്‍പതു ശതമാനം ചെറുപ്പക്കാര്‍ക്കും ലൈസന്‍സില്ല. സംസ്ഥാനാതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനീയറിംഗ് കോളേജുകളില്‍ പഠിക്കുന്നവര്‍ നടത്തുന്ന മത്സര ബൈക്കോട്ടം കാഴ്‌ചയുള്ളവരെയെല്ലാം അമ്പരപ്പിക്കും. ബൈക്കോടിക്കുന്ന ചെറുപ്പക്കാരില്‍ ഒരു നല്ല ശതമാനത്തിനും ഭാഗികമായി മാത്രമാണ് ബൈക്കോടിക്കാന്‍ അറിയുന്നത്. കഴിഞ്ഞ 5 മാസത്തിനിടയിലാണ് കേരളത്തില്‍ വാഹനാപകടങ്ങളുടെ നിരക്ക് കൂടിയത്. മൂന്നുമാസത്തിലേറെയായി ഋഷിരാജ്‌സിംഗ് സജീവമല്ല. ഇതിനിടയില്‍ കുറച്ചുകാലം അദ്ദേഹം ഹൃദ്രോഗത്തെത്തുടര്‍ന്ന് ആശുപത്രിയാലായിരുന്നു.
ബോധവത്‌കരണങ്ങള്‍ കൃത്യമായി നടക്കുന്നുണ്ടെങ്കിലും ബൈക്ക് അപകടങ്ങള്‍ കുറയുന്നില്ല. വീട്ടില്‍ നിന്നും മര്യാദരാമന്‍മാരായി ബൈക്കില്‍ ഇറങ്ങുന്നവര്‍ വീട്ടുകാരുടെ കണ്ണ് മറയുന്നതോടെ ബൈക്ക് മിന്നല്‍ വേഗത്തിലാക്കും. കോളേജിന് സമീപമെത്തുന്നതോടെ കണ്ണഞ്ചിപ്പോകുന്ന വേഗതയിലായിരിക്കും സഞ്ചരിക്കുക. ക്യാമ്പസുകള്‍ക്കുള്ളിലും ഇത് തന്നെയാണ് അവസ്ഥ. കോളേജ് ബസിന് പിന്നാലെ അമിത വേഗതയില്‍ ബസ് ഓടിക്കുന്നവരുടെ എണ്ണവും കുറവല്ല. അമിതവേഗത കണ്ടെത്തുന്ന ക്യാമറകള്‍ പലയിടത്തും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ക്യാമറാക്കണ്ണുകളില്‍ അമിതവേഗതയില്‍ ബൈക്കോടിക്കുന്നവര്‍ അകപ്പെടാറില്ല. പോലീസ് പരിശോധനയും കാര്യക്ഷമമല്ല. കാരണം ഹെല്‍മറ്റുണ്ടോ എന്നു മാത്രമാണ് പോലീസ് പരിശോധിക്കാറുള്ളത്. ലൈസന്‍സുണ്ടോ എന്ന് പോലും പരിശോധിക്കാറില്ല.
ഋഷിരാജ്‌സിംഗ് സ്ഥലം വിട്ടതോടെ മോട്ടോര്‍ വാഹന വകുപ്പില്‍ ഉദ്യോസ്ഥരും തണുത്തു കഴിഞ്ഞു. സിംഗിന്റെ കാലത്ത് ഓരോരുത്തര്‍ക്കും പിഴ ഈടാക്കാന്‍ ക്വാട്ട നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അദ്ദേഹം പോയതോടെ ക്വാട്ടാ സമ്പ്രദായം അവസാനിച്ചു. ക്വാട്ടയൊക്കെ പേരിനുണ്ടെങ്കിലും ലോകായുക്ത വിധി മറയാക്കി പലിശപ്പിഴ ഈടാക്കാനാവില്ലെന്ന നിലപാടിലാണ് ഉദ്യോഗസ്ഥര്‍. ജനങ്ങളെ പിഴയടിച്ച് പിഴിയാന്‍ മന്ത്രിക്കും താല്‌പര്യമില്ലാതായതോടെ എല്ലാം തോന്നിയ പടിയായി മാറി. ഫലമോ വിലപ്പെട്ട ജീവനുകള്‍ റോഡില്‍ തല്ലിച്ചിതറുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha