രണ്ട് വര്‍ഷത്തിനകം സര്‍ക്കാര്‍ ആശുപത്രികളുടെ മുഖഛായ മാറ്റും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

രണ്ടുവര്‍ഷത്തിനകം കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളുടെ മുഖഛായ മാറ്റുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ മാറ്റങ്ങളുണ്ടാകും. കണ്ണൂര്‍ മട്ടന്നൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നടന്ന വികസന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ജീവിതശൈലീ രോഗങ്ങള്‍ നേരത്തെ കണ്ടെത്തി ശാരീരികവും മാനസികവുമായ ആരോഗ്യം പ്രദാനം ചെയ്യുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 67 ശതമാനം ജനങ്ങളും ചികിത്സ തേടുന്നത് സ്വകാര്യ ആശുപത്രികളിലാണ്. ഇതിന് മാറ്റം വരുത്തി സര്‍ക്കാരാശുപത്രികളുടെ ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ആര്‍ദ്രം ദൗത്യത്തിന്റെ ഭാഗമായി ആശുപത്രികളെ രോഗീ സൗഹൃദമാക്കി സാങ്കേതിക സൗകര്യങ്ങളൊരുക്കി സൗജന്യ ചികിത്സ നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. രോഗപ്രതിരോധത്തിലൂന്നി കുടുംബ ഡോക്ടര്‍ സങ്കല്‍പം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ പ്രാവര്‍ത്തികമാക്കും. 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും. ഇതില്‍ 55 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി ഉദ്ഘാടനം നടത്തി. ഡിസംബര്‍ അവസാനത്തോടെ 100ലധികം പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറും. 3 ഡോക്ടര്‍മാരും 4 നഴ്‌സുമാരും അവിടെയുണ്ടാകും. ഇതോടൊപ്പം മികച്ച ലാബ് സൗകര്യവും ഫാര്‍മസിയും സജ്ജമാക്കും. വിഷാദ രോഗം പോലും ചികിത്സിക്കാനുള്ള സൗകര്യമൊരുക്കും. ആശുപത്രിയില്‍ എത്തുന്നതു മുതല്‍ രോഗീസൗഹൃദമായ അന്തരീഷമൊരുക്കും. കൂടുതല്‍ സൗകര്യങ്ങള്‍ ഇത്തരം കേന്ദ്രങ്ങളില്‍ ലഭ്യമാകുന്നതോടെ ചെറിയ രോഗങ്ങള്‍ക്ക് മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന അവസ്ഥ തടയാനാകും.
ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ഗ്രാമത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് പുറമേ നഗരത്തിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ പുതുതായി അനുവദിച്ചു. താലൂക്കാശുപത്രികളുടെ സമഗ്ര വികസനത്തിനായി മാസ്റ്റര്‍പ്ലാന്‍ ഉണ്ടാക്കും. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, താലൂക്കാശുപത്രികള്‍, ജില്ലാ ആശുപത്രികള്‍, ജനറല്‍ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ മികച്ച സൗകര്യമൊരുക്കും. ഇതോടൊപ്പം മെഡിക്കല്‍ കോളേജുകളെ മികവിന്റെ കേന്ദ്രമാക്കി മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി.

മട്ടന്നൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ അനിതാ വേണു, വൈസ് ചെയര്‍മാന്‍ വി. പുരുഷോത്തമന്‍, ഡി.എം.ഒ. ഡോ. നാരായണ നായിക്, മെഡിക്കല്‍ ഓഫീസര്‍ ഡോ. സുഷമ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

https://www.facebook.com/Malayalivartha


























