സി പി എം, സി പി ഐ അനുകൂല സർവീസ് സംഘടനകൾ സമര രംഗത്തിറങ്ങുന്നതോടെ ജനുവരിയിൽ തിരുവനന്തപുരം സെക്രട്ടേറിയറ്റ് അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ സാധ്യത

സി പി എം, സി പി ഐ അനുകൂല സർവീസ് സംഘടനകൾ സമര രംഗത്തിറങ്ങുന്നതോടെ ജനുവരിയിൽ തിരുവനന്തപുരം സെക്രട്ടേറിയറ്റ് അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ സാധ്യത. ഇതുപോലൊരു ജനുവരിയിലാണ് പണ്ട് ആന്റണി സർക്കാരിന്റെ കാലത്ത് ജീവനക്കാർ കൂട്ടത്തോടെ പണിമുടക്കിയത്.
വ്യാഴാഴ്ച സെക്രട്ടറിയറ്റിലെ പ്രതിപക്ഷ സംഘടനകൾ നടത്തിയ സമരം വൻ വിജയമായി തീർന്ന പശ്ചാത്തലത്തിലാണ് ഇടത് സംഘടനകൾ സമരരംഗത്തെത്താൻ ആലോചിക്കുന്നത്. വ്യാഴാഴ്ച നടന്ന സമരത്തിൽ സെക്രട്ടേറിയറ്റിൽ ഹാജരായത് വെറും 12% ജീവനക്കാർ മാത്രമാണ്. 5230 ജീവനക്കാർ ഉള്ളതിൽ 623 പേർ മാത്രമാണ് ജോലിക്കെത്തിയത്. സെക്രട്ടേറിയറ്റിൽ ഇടത് സംഘടനക്കാണ് മുൻതൂക്കം. അതാണ് യു ഡി എഫിലേക്ക് പടലയോടെ തൊഴിഞ്ഞ് പോകുന്നത്.
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് നടപ്പിലാക്കരുതെന്നാണ് ഇടത് സംഘടനകളുടെ നയം. എന്നാൽ പിണറായി ഇക്കാര്യത്തിൽ കർക്കശ നിലപാടാണ് സ്വീകരിക്കുന്നത്. ജീവനക്കാർ കോടിയേരിയെ ഇടപെടുവിച്ചെങ്കിലും ഫലമുണ്ടായില്ല. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കെഎഎസിന്റെ കാര്യത്തിൽ പ്രത്യേക തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. കാരണം അത് പിണറായിയുടെ മാത്രം അജണ്ടയാണ്.
പിണറായിക്ക് സർക്കാർ ഉദ്യോഗസ്ഥർ ജോലി ചെയ്യുകയില്ല എന്ന അഭിപ്രായമാണുള്ളത്. ഇതേ അഭിപ്രായം തന്നെയാണ് മുഖ്യമന്ത്രിയായപ്പോൾ എ കെ ആന്റണിക്കും ഉണ്ടായിരുന്നത്. പിണറായിയുടെ അഭിപ്രായം സത്യസന്ധമാണ്. രാവിലെ ഓഫീസിലെത്തുന്നവർ ജോലിയിൽ ശ്രദ്ധിക്കാറില്ല. തങ്ങൾക്ക് മുന്നിലെത്തുന്ന ഫയലുകളിൽ നെഗറ്റീവ് തീരുമാനം എടുക്കാനാണ് ജീവനക്കാർക്ക് താത്പര്യം. ഓരോ ഫയലും ഓരോ ജീവിതമാണെന്നൊക്കെ പിണറായി പറഞ്ഞെങ്കിലും അതൊന്നും ജീവനക്കാർ ചെവിക്കൊണ്ടില്ല. ഇതിന്റെ ഈർഷ്യ മുഖ്യമന്ത്രിക്കുണ്ട്.
അടുത്ത ദിവസം മുതൽ സെക്രട്ടേറിയറ്റിൽ കയറി ഒപ്പിട്ടശേഷം ജോലി ചെയ്യാതിരിക്കുക എന്ന സമര മാർഗമാണ് ജീവനക്കാർ സ്വീകരിക്കാൻ പോകുന്നത്. അപ്പോൾ ജീവനക്കാർക്കെതിരെ കർശന ശിക്ഷണ നടപടികൾ വരും. അതോടെ ജീവനക്കാർ ഒറ്റക്കെട്ടാകും. ഇതാണ് 2001 ൽ എ കെ ആന്റണി മന്ത്രിസഭയുടെ കാലത്ത് സംഭവിച്ചത്.
അന്ന് ആന്റണിക്കെതിരെ ഉദ്യോഗസ്ഥ തലത്തിൽ പ്രതിഷേധം ഇരമ്പി. അതോടെ സാധാരണക്കാർ ഒപ്പം നിൽക്കുമെന്ന് ആന്റണി കരുതിയെങ്കിലും സാധാരണക്കാരും നിന്നില്ല. കാരണം സർക്കാർ ജീവനക്കാർ സമരം തുടങ്ങിയതോടെ സാധാരണക്കാരുടെ ആവശ്യങ്ങൾ നിരാകരിക്കപ്പെട്ടു. അതോടെ എങ്ങനെയെങ്കിലും സമരം അവസാനിക്കണം എന്ന ചിന്താഗതിയിൽ നാട്ടുകാർ എത്തി.
ഇക്കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് കെ എ എസ് ചട്ടങ്ങൾ രൂപീകരിച്ചത്. അത് മുഖ്യമന്ത്രി നൽകിയ ഉറപ്പിന് വിരുദ്ധമാണെന്നാണ് സർവീസ് സംഘടനകൾ പറയുന്നത്. മുഖ്യമന്ത്രി എന്ത് തന്നെ ഉറപ്പ് നൽകിയാലും അദ്ദേഹം കെ എ എസ് നടപ്പിലാക്കുക തന്നെ ചെയ്യും. സംവരണത്തിന്റെ കാര്യത്തിലും തർക്കം നിലനിൽക്കുന്നുണ്ട്. മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടുന്നവർക്ക് മാത്രമേ കെ എഎസിൽ പ്രവേശനം ലഭിക്കുകയുള്ളു. ഇടത് സംഘടന സമരത്തിന് നിർബന്ധിതമാകും. ജീവനക്കാരെ ഒപ്പം നിർത്താൻ അത് കൂടിയേ തീരൂ.
https://www.facebook.com/Malayalivartha


























