കേരളാ കോണ്‍ഗ്രസിനെ ഇരുമുന്നണികള്‍ക്കും വേണം; എല്‍.ഡി.എഫില്‍ ചേര്‍ന്നാല്‍ കേസ് തീരും, അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസും

മുന്‍മന്ത്രി കെ.എം മാണിക്കെതിരായ ബാര്‍ക്കോഴക്കേസ് അന്വേഷണം നീണ്ടുപോകുന്നതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് അതൃപ്തി രേഖപ്പെടുത്തിയത്. അന്വേഷണത്തിന് അവസാനമില്ലേ എന്ന് കോടതി ചോദിച്ചു. കേരളാ കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനം സംബന്ധിച്ച നിലപാട് വ്യക്തമാക്കുന്നതിന്റെ ഭാഗമായാണ് കേസ് നീട്ടിക്കൊണ്ട് പോകുന്നതെന്ന് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു. എല്‍.ഡി.എഫ് പ്രവേശനം പ്രഖ്യാപിച്ചാല്‍ കേസ് തീര്‍ക്കാമെന്ന നിലപാടിലാണ് മുന്നണിനേതൃത്വം. കേസ് അവസാനിപ്പിച്ച ശേഷം പഴയ ലാവണത്തിലേക്ക് കേരളാ കോണ്‍ഗ്രസ് പോകുമോ എന്ന ആശങ്ക എല്‍.ഡിഎഫിനുണ്ട്.
നിലവിലെ രാഷ്ട്രീയസാഹചര്യത്തില്‍ കേരളാകോണ്‍ഗ്രസിനെ സി.പി.എമ്മിന് അത്യാവശ്യമാണ്. മുന്നണിയിലും സര്‍ക്കാരിലും കല്ലുകടിയായി മാറിയ സി.പി.ഐയെ ഒതുക്കാന്‍ കേരള കോണ്‍ഗ്രസ് വേണമെന്ന നിലപാടിലാണ് സി.പി.എം. എല്‍.ഡി.എഫ് വിപുലീകരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. വിരേന്ദ്രകുമാറിന്റെ ജെ.ഡി.യുവിനെ അടക്കം മുന്നണിയില്‍ എടുക്കുമെന്നും പറഞ്ഞിരുന്നു. കേരളാ കോണ്‍ഗ്രസിനെ ഒപ്പം കൂട്ടിയാല്‍ മധ്യതിരുവിതാംകൂറില്‍ മുന്നണി കൂടുതല്‍ ശക്തിപ്പെടുമെന്ന വിലയിരുത്തലിലാണ് സി.പി.എം.
കോണ്‍ഗ്രസിലെ ചില നേതാക്കള്‍ തന്നോട് വിശ്വാസവഞ്ചന കാട്ടിയതിനെ തുടര്‍ന്നാണ് മുന്നണി വിട്ടതെന്ന് കെ.എം മാണി കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയിരുന്നു. പരസ്പപ്രവിശ്വാസവും ഐക്യവും നഷ്ടപ്പെട്ടിരുന്നു. ആ സാഹചര്യം ഇപ്പോഴും തുടരുകയാണ്. മുന്നണി പ്രവേശനം ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആറ് മാസം മുമ്പ് തീരുമാനിക്കുമെന്നും കെ.എം മാണി നിലപാട് അറിയിച്ചിരുന്നു. അതിന് മുമ്പ് എല്‍.ഡി.എഫ് പ്രവേശനം നടത്തണം എന്ന നിലപാടിലാണ് സി.പി.എം. കേരളകോണ്‍ഗ്രസിന്റെ എല്‍.ഡി.എഫ് പ്രവേശനത്തിന് തടയിടാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ കൊണ്ട് കെ.എം മാണിയെ അനുനയിപ്പിക്കാനാണ് നീക്കം.
https://www.facebook.com/Malayalivartha


























