മനോജിനെ വധിക്കാനുള്ള ലോക്കല്‍കമ്മിറ്റി തീരുമാനം ഏര്യാകമ്മിറ്റി അംഗീകരിച്ചു , ശേഷം ബ്രാഞ്ചുകളില്‍ നിന്ന് കൃത്യം നിര്‍വഹിക്കാന്‍ പ്രവര്‍ത്തകരെ തെരഞ്ഞെടുത്തു

പയ്യോളി മനോജ് വധം സി.പി.എം ആസൂത്രണം ചെയ്തതെന്ന് സി.ബി.ഐ. ഇതേ തുടര്‍ന്ന് പ്രതികളെ കോടതി 12 ദിവസത്തേക്ക് സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു. രണ്ട് പേര്‍ കൂടി പിടിയിലാകാനുണ്ട്. സി.ഐ.ടി.യു പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ ബാബുവിനെ വെട്ടിയതാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊലപാതകം സി.പി.എം ലോക്കല്‍ കമ്മിറ്റി തീരുമാന പ്രകാരമാണ്. ലോക്കല്‍കമ്മിറ്റി തീരുമാനം ഏര്യാകമ്മിറ്റി അംഗീകരിച്ചു. ശേഷം ബ്രാഞ്ചുകളില്‍ നിന്ന് കൃത്യം നിര്‍വഹിക്കാന്‍ പ്രവര്‍ത്തകരെ തെരഞ്ഞെടുത്തു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു.
പിടികൂടാനുള്ള രണ്ട് പേര്‍ വിദേശത്താണെന്നും സി.ബി.ഐ അറിയിച്ചു. ജനുവരി പത്ത് വരെയാണ് പ്രതികളെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടത്. കേസ് കെട്ടിച്ചമച്ചതാണെന്ന് പ്രതികള്‍ കോടതിയെ ബോധിപ്പിച്ചെങ്കിലും ഇക്കാര്യം വിചാരണ വേളയില്‍ തെളിയിക്കേണ്ട കാര്യമാണെന്ന് കോടതി അറിയിച്ചു. ബി.ജെ.പി പ്രവര്‍ത്തകനായിരുന്നു മരിച്ച സി.ടി മനോജ്. സി.പി.എം ജില്ലാ കമ്മിറ്റി അംഗം ടി.ചന്തു, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.വി രാമചന്ദ്രന്‍, ഏര്യാകമ്മിറ്റി അംഗം സി. സുരേഷ്, പി. അനൂപ്, പയ്യോളി നഗരസഭാ കൗണ്‍സിലര്‍ കെ.ടി ലിഖേഷ്, ലോക്കല്‍ കമ്മിറ്റി അംഗം എന്‍.സി മുസ്തഫ, അഖില്‍നാഥ്, രതീഷ്, അയനിക്കാട് സൗത്ത് ബ്രാഞ്ച് മുന്‍ സെക്രട്ടറി പി.കെ കുമാരന്‍ എന്നിവരാണ് പ്രതികള്‍. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നിന്നെത്തിയ സി.ബി.ഐ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. മുഖ്യ ആസൂത്രകനും കൃത്യത്തില്‍ പങ്കെടുത്ത പ്രതികളുമാണ് അറസ്റ്റിലായതെന്ന് സി.ബി.ഐ.
അറസ്റ്റോടെ പയ്യോളി നഗരസഭാ പരിധിയില്‍ സി.പി.എം ഇന്ന് ഹര്‍ത്താല്‍ നടത്തി. സി.ബി.ഐയെ ഉപയോഗിച്ച് ബി.ജെ.പി രാഷ്ട്രീയ ഗൂഢാലോചന നടത്തുകയാണെന്ന് സി.പി.എം ആരോപിക്കുന്നു. 2012 ഫെബ്രുവരി 12നാണ് ബി.ജെ.പി പ്രവര്‍ത്തകനായ മനോജിന്റെ വീട്ടില്‍ മുഖംമൂടി ധരിച്ച സംഘം അതിക്രമിച്ചുകയറി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ മനോജ് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പെടെ 15 പേരെ പ്രതിയാക്കി പൊലീസ് ആദ്യം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. വിചാരണ തുടങ്ങാറായപ്പോള്‍ തങ്ങള്‍ പ്രതികളല്ലെന്നും പാര്‍ട്ടിയും പൊലീസും ചേര്‍ന്ന് കുടുക്കിയതാണെന്നും പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരാണ് തങ്ങളെ ചതിച്ചതെന്നും ഇവര്‍ കോടതിയെ അറിയിച്ചു. ഇതോടെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മനോജിന്റെ ഭാര്യ പുഷ്പയും അമ്മയും പരാതി നല്‍കി. തുടര്‍ന്ന് കോടതി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
https://www.facebook.com/Malayalivartha


























