സി.പി.എം നല്‍കിയ പട്ടിക അനുസരിച്ചാണ് പൊലീസ് പ്രതി പട്ടിക തയ്യാറാക്കിയതെന്ന് പയ്യോളി മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം ബിജു

പയ്യോളി മനോജ് വധക്കേസില്‍ സി.ബി.ഐ നടത്തുന്നത് ശരിയായ അന്വേഷണമാണെന്ന് സി.പി.എം പ്രവര്‍ത്തകനായ ബിജു. പാര്‍ട്ടിയിലെ വിഭാഗീയതയാണ് താനടക്കമുള്ളവരെ പ്രതിയാക്കിയതെന്നും ബിജു ആരോപിച്ചു. പാര്‍ട്ടി നല്‍കിയ പട്ടിക അനുസരിച്ചാണ് പൊലീസ് പ്രതി പട്ടിക തയ്യാറാക്കിയത്. പയ്യോളി മുന്‍ ലോക്കല്‍ കമ്മിറ്റി അംഗമായ ബിജു വ്യക്തമാക്കി. സി.ബി.ഐ ഹാജരാകാന്‍ തനിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും കേസുമായി ബന്ധപ്പെട്ട് അറിയാവുന്ന മുഴുവന്‍ വിവരങ്ങളും കൈമാറുമെന്നും ബിജു വ്യക്തമാക്കി. കൃത്യത്തിന്റെ ഗൂഢാലോചനയില്‍ പങ്കെടുത്ത ജില്ലാ കമ്മിറ്റി അംഗത്തെ ഉള്‍പ്പെടെയാണ് സി.ബി.ഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇതിനെതിരെ പ്രദേശത്ത് സി.പി.എം വെള്ളിയാഴ്ച ഹര്‍ത്താല്‍ ആചരിച്ചിരുന്നു.
വടക്കന്‍കേരളത്തില്‍ ഉള്‍പ്പെടെ കൊലപാതകങ്ങള്‍ നടത്തിയ ശേഷം സി.പി.എം യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാന്‍ ഡമ്മി പ്രതികളെ നല്‍കിവരുന്നത് വര്‍ഷങ്ങളായി തുടരുകയാണ്. ഇക്കാര്യം നിരവധിതവണ പലരും ചൂണ്ടിക്കാട്ടിയിരുന്നു. അത് ശരിവയ്ക്കുന്നതാണ് ബിജുവിന്റെ വെളിപ്പെടുത്തല്‍. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലാണ് ഈ നടപടി പൊലീസ് അംഗീകരിക്കാതിരുന്നത്. ഷൗക്കത്തലി എന്ന ഐ.പി.എസുകാരന്‍ സി.പി.എമ്മിന്റെ ഇത്തരം പരിപാടികള്‍ക്കൊന്നും വഴങ്ങിയില്ല. യഥാര്‍ത്ഥ പ്രതികളെ അദ്ദേഹം അറസ്റ്റ് ചെയ്തു. പ്രതികളെ പിടികൂടുന്ന ഘട്ടം എത്തിയപ്പോള്‍ ധാരാളം ഭീഷണികള്‍ ഷൗക്കത്തലിക്കുണ്ടായിരുന്നു. പക്ഷെ, കേസിന്റെ ഗൂഢാലോചന അന്വേഷിക്കാന്‍ പൊലീസിന് ആയില്ല.
വര്‍ഷങ്ങളായി വടക്കന്‍ കേരളത്തില്‍ പ്രത്യേകിച്ച് കണ്ണൂരില്‍ സി.പി.എമ്മും ബി.ജെ.പിയും ആര്‍.എസ്.എസും രാഷട്രീയ കൊലപാതകങ്ങള്‍ നടത്തുന്നത് ഈ രീതിയിലാണ്. ബിജുവിന്റെ വെളിപ്പെടുത്തല്‍ സി.പി.എമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ബിജുവിന് ഭാവിയില്‍ ഭീഷണികള്‍ ഉണ്ടാകുമെന്ന ആശങ്കയിലാണ് വീട്ടുകാരും സുഹൃത്തുക്കളും. സി.പി.എമ്മിന് ശക്തമായ വേരോട്ടമുള്ള മണ്ണാണ് കോഴിക്കോട് പയ്യോളി. നിരപരാധികളായവരെ പൊലീസ് അറസ്റ്റ് ചെയ്തപ്പോഴേ പ്രദേശത്ത് പാര്‍ട്ടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha


























