ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് തകരാറിലായി, ഒടുവില്‍ രോഗി തന്നെ നന്നാക്കി
തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് തകരാറിലായി മൂന്ന് മണിക്കൂര്‍ കഴിഞ്ഞിട്ടും ആരും തിരിഞ്ഞ് നോക്കാത്തതിനെ തുടര്‍ന്ന് ഡയാലിസിസ് ചെയ്യാനെത്തിയ രോഗി തന്നെ യൂണിറ്റ് നന്നാക്കി. കോതമംഗലം കണ്ണാടിപ്പാറ വീട്ടില്‍ കെ.ജി. ഉല്ലാസാണ് (43) യൂണിറ്റിന്റെ തകരാര്‍ പരിഹരിച്ചത്. ആശുപത്രി അധികൃതര്‍ തകരാര്‍ പരിഹരിക്കാത്തതിനാല്‍ ആറ് രോഗികളുടെ ഡയാലിസിസ് മുടങ്ങുമെന്ന സ്ഥിതിയെത്തിയപ്പോഴാണ് ഇലക്ട്രിക് പ്ലംബിംഗ് ജോലികള്‍ ചെയ്യുന്ന ഉല്ലാസ് പ്രശ്നം പരിഹരിച്ചത്. ശനിയാഴ്ച വൈകിട്ട് മൂന്നിന് ഡയാലിസിസ് യൂണിറ്റിലേക്കുള്ള ഫില്‍ട്ടര്‍ വാല്‍വ് തകരാറിലാവുകയായിരുന്നു. തുടര്‍ന്ന് ചില രോഗികള്‍ക്ക് ഡയാലിസിസ് നടത്താനായില്ല.
ആര്.ഒ പ്ലാന്റ് സ്ഥാപിച്ച ഏജന്‍സിയെ വിവരമറിയിച്ചെങ്കിലും ഫില്‍ട്ടര്‍ വാല്‍വ് സ്റ്റോക്കില്ലെന്നായിരുന്നു മറുപടി. ഫില്‍ട്ടറിന് പകരം പി.വി.സി പൈപ്പ് ഉപയോഗിച്ച് ബൈപാസ് ഉണ്ടാക്കിയാല്‍ ഡയാലിസിസ് നടത്താമെന്നും അവര്‍ നിര്‍ദ്ദേശിച്ചു. ഒന്നും നടക്കാതായപ്പോള്‍ ഡയാലിസിസ് ചെയ്യാനെത്തിയ ബാക്കിയുള്ള രോഗികളോട് ഇന്നലെ രാവിലെ 10ന് ആശുപത്രിയിലെത്താന്‍ ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ ആശുപത്രിയിലെ ഇലക്ട്രിക്കല്‍ പ്ലംബിംഗ് ജോലികള്‍ ചെയ്യുന്ന താത്കാലിക ജീവനക്കാരന് 11 മണിയായിട്ടും എത്തിയില്ല. വിദൂര സ്ഥലങ്ങളില്‍ നിന്നെത്തിയ രോഗികളില്‍ പലരും സമയം വൈകും തോറും ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചു. ഒരു സ്ത്രീ കുഴഞ്ഞ് വീണു. ഒടുവില്‍ പ്ലംബിംഗ് ജോലികള്‍ ചെയ്യുന്ന ഉല്ലാസ് തന്നെ അവശതകള്‍ മറന്ന് ഡയാലിസിസ് യൂണിറ്റ് നന്നാക്കി. ഡയാലിസിസ് ടെക്നിഷ്യന്‍ ജോബിന് ജോര്‍ജ് വിവരം ആര്.എം.ഒയെ അറിയിച്ച് അനുമതി നേടിയിരുന്നു. തുടര്‍ന്ന് പൈപ്പുള്‍പ്പെടെ വാങ്ങി ഉല്ലാസ് പണി പകുതിയാക്കിയപ്പോഴാണ് താത്കാലിക ജീവനക്കാരനെത്തുന്നത്. തുടര്‍ന്ന് 12 മണിയോടെ തകരാര്‍ പരിഹരിച്ച് ഡയാലിസിസ് തുടങ്ങി. ആഴ്ചയില്‍ മൂന്ന് ദിവസം ഡയാലിസിസിന് വിധേയനാകുന്നയാളാണ് ഉല്ലാസ്.
ഏജന്‍സിയായ കിര്‍ലോസ്കറിനെ ഫില്‍ട്ടര്‍ തകരാറിലായ വിവരം അറിയിച്ചിട്ടുണ്ട്. ജീവനക്കാരന് താമസിച്ചതില്‍ വിശദീകരണം ചോദിക്കും'
https://www.facebook.com/Malayalivartha