പേരുകളും കൊടിയുടെ നിറവും മാറുന്നതല്ലാതെ കേരളത്തിലെ മണ്ണിൽ രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിക്കുന്നില്ല! രാഷ്ട്രീയ തിമിരം ബാധിച്ച കൊലപാതകങ്ങളിൽ യുവ ജീവനുകൾ പൊലിയുമ്പോൾ...

കുറേ വര്‍ഷങ്ങളായി ചോരമണമില്ലാത്ത ദിവസങ്ങള്‍ കേരളത്തിലുണ്ടായിട്ടില്ല. കണ്ണിന് കണ്ണ് ചോരയ്ക്ക് ചോര എന്ന ഗോത്ര നിയമം പോലെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ പരസ്പരം പോരടിച്ച് ജീവനെടുക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ പരിശോധിച്ചാല്‍ പാർട്ടികൾക്ക് കൊലപാതകം ഒരു ലഹരിയാണെന്ന് പറയേണ്ടിവരും.
രാഷ്ട്രീയത്തിന്റെ പേരിൽ മാത്രം കേരളത്തിൽ പാർട്ടികൾ കൊന്നുതള്ളിയത് ഇരുനൂറിലധികം ജീവനുകളെയാണ്. കണ്ണൂരിലാണ് രാഷ്ട്രീയ കൊലപാതകങ്ങളേറെയും നടക്കുന്നത്. എന്താണ് കണ്ണൂരില്‍ സംഭവിക്കുന്നത്..? രാഷ്ട്രീയ കൊലപാതകങ്ങളുടെ രാജ്യതലസ്ഥാനമായി കണ്ണൂര്‍ മാറുന്ന തരത്തിലാണ് കൊലപാതകങ്ങള്‍ അരങ്ങേറുന്നത്.
പകരത്തിന് പകരം ചോദിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ കൊലവിളി മുഴക്കുമ്പോഴെല്ലാം ആരുടെയൊക്കെയോ ജീവന്‍ പൊലിയുന്നു. എതിർ പാർട്ടിക്കാരുടെ എണ്ണം കൃത്യമാകും വരെ കൊലപാതകം തുടര്‍ന്ന് കൊണ്ടേയിരിക്കുകയാണ്. സാക്ഷര കേരളത്തിലെ രാഷ്ട്രീയ തിമിരം ബാധിച്ച കൊലപാതകങ്ങള്‍ പകപോക്കലിന്റെയും പകരം വീട്ടലിന്റെയും ഇരുണ്ട കാലത്തേക്കാണ് തിരിച്ച് പോകുന്നത്. എന്താണ് കണ്ണൂരില്‍ മാത്രം രാഷ്ട്രീയ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്. വ്യക്തികള്‍ക്കല്ല രാഷ്ട്രീയപാര്‍ട്ടികള്‍ക്കാണ് കണ്ണൂരില്‍ പ്രധാന്യം.
ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം. കഴിഞ്ഞ അമ്പത് വര്‍ഷങ്ങള്‍ക്കിടെ ജില്ലയില്‍ കൊല്ലപ്പെട്ടത് 230ഓളം രാഷ്ട്രീയ പ്രവര്‍ത്തകരാണ്. ഇപ്പോൾ ഏറ്റവുമൊടുവിലായി പകപോക്കലിൽ പൊലിഞ്ഞത് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹെെബിന്റെ ജീവനായിരുന്നു. കൊല്ലക്കളത്തിൽ തെറിച്ചുവീഴുന്ന ഓരോ രക്തത്തുള്ളികളും പാവപ്പെട്ട കുടുംബത്തിലുള്ള അണികളുടേതാണ്. തെരുവുകളിൽ കണ്ടം തുണ്ടമായി വെട്ടിയരിയുന്ന ശരീരം പാർട്ടിക്ക് രക്തസാക്ഷിയായി മാറുമ്പോൾ മറ്റൊരിടത്ത് നഷ്ടമാകുന്നത് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും അത്താണിയും.
വര്‍ഷാവര്‍ഷം പാര്‍ട്ടി നേതൃത്വത്തിന്റെ പേരില്‍ രക്തസാക്ഷി ദിനങ്ങളും ബലിദാനദിനങ്ങളും ആഘോഷിക്കുകയല്ലാതെ കൊലപാതക രാഷ്ട്രീയത്തിന് ജില്ലയില്‍ ഇതുവരെ ഒരു കുറവും വന്നിട്ടില്ല. അതിന്റെ തെളിവാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷവും ജില്ലയില്‍ തുടര്‍ന്ന വരുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍. രാഷ്ട്രീയത്തിന്റെ പേരില്‍ ഒരാളുടെ ജീവനെടുക്കുമ്പോൾ മനസിലെങ്കിലും ഒന്നോര്‍ക്കണം അവനെ കാത്ത് ഒരു കുടുംബം ഉണ്ടെന്ന്.
1969 ഏപ്രില്‍ 28ന് ജനസംഘം പ്രവര്‍ത്തകനായിരുന്ന വാടിക്കല്‍ രാമകൃഷ്ണന്‍ കൊല്ലപ്പെട്ടതോടെയാണ് ആശയരാഷ്ട്രീയത്തിനപ്പുറം കൊലക്കത്തി രാഷ്ട്രീയം കണ്ണൂരിന്റെ മണ്ണില്‍ പിറന്നു വീണത്. ഈ കേസില്‍ പ്രതിസ്ഥാനത്ത് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് പിണറായി പ്രതിപട്ടികയില്‍ നിന്ന് ഒഴിവായി. തലശേരി കലാപത്തിന്റെ സമയത്ത് കൊല്ലപ്പെട്ട യു.കെ കുഞ്ഞിരാമനായിരുന്നു ജില്ലയില്‍ സി.പി.എമ്മിന്റെ അറിയപ്പെടുന്ന ആദ്യരക്തസാക്ഷി. പ്രതിസ്ഥാനത്ത് ആര്‍.എസ്.എസും.
എന്നാല്‍ 1970-80 കാലഘട്ടത്തില്‍ സി.പി.എം-ആര്‍.എസ്.എസ് സംഘര്‍ഷത്തില്‍ നിന്നും വിട്ടുമാറി സി.പി.എം- കോണ്‍ഗ്രസ് സംഘര്‍ഷത്തിലേക്ക് വഴിമാറുന്ന കാഴ്ചയ്ക്കാണ് കണ്ണൂര്‍ ജില്ല സാക്ഷ്യം വഹിച്ചത്. എന്നാല്‍ പിന്നീട് തൊണ്ണൂറുകളില്‍ കോണ്‍ഗ്രസിന്റെ സ്ഥാനത്തേക്ക് വീണ്ടും ആര്‍.എസ്.എസ് എത്തി. 'ചോരയ്ക്ക് ചോര' എന്ന നിലപാടിലേക്ക് ഇരുകൂട്ടരും എത്തിയതോടെ തുടരെ സി.പി.എം-ആര്‍എ.സ്.എസ് സംഘര്‍ഷങ്ങള്‍ ജില്ലയില്‍ അരങ്ങേറി.
90കളില്‍ നേതാക്കള്‍ക്കെതിരെയും കൊലക്കത്തി വീശുന്ന രാഷ്ട്രീയം കണ്ണൂരില്‍ പിറന്നു. എസ്.എഫ്.എെയുടെ സംസ്ഥാന ഉപാദ്ധ്യക്ഷനായിരുന്നു കെ.വി സുധീഷിനെ മാതാപിതാക്കളുടെ മുന്നില്‍ വച്ച് കൊലപ്പെടുത്തിയതും യുവമോര്‍ച്ച നേതാവായിരുന്ന കെ.ടി ജയകൃഷ്ണന്‍ മാസ്റ്ററെ വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വച്ച് കൊലപ്പെടുത്തിതും ഈ സമയത്താണ്. സി.പി.എം നേതാക്കളായിരുന്ന പി. ജയരാജനെതിരെയും ഇ.പി ജയരാജനെതിരെയും വധശ്രമമുണ്ടായി.
അവിടെ നിന്നും തീരാതെ പിന്നീടും ഓരോ കുടുംബത്തിന്റെയും ഏക ആശ്രയമായിരുന്ന നിരവധി പേരാണ് വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ പേരില്‍ കണ്ണൂരില്‍ പിടഞ്ഞു വീണത്. രക്തസാക്ഷികളുടെ പേരുകള്‍ മാത്രമാണ് മാധ്യമങ്ങൾ പോലും ചര്‍ച്ചയാക്കിയിട്ടുള്ളൂ.
https://www.facebook.com/Malayalivartha