സി.പി.എമ്മും കോണ്‍ഗ്രസും ലീഗും കെ.എം മാണിക്ക് പിന്നാലെ; മാണിയില്ലാതെ മധ്യതിരുവിതാംകൂറില്‍ കോണ്‍ഗ്രസ് പച്ചതൊടില്ല

രമേശ് ചെന്നിത്തലയും കൂട്ടരും രാഷട്രീയ ഗൂഢാലോചന നടത്തി ഉണ്ടാക്കിയ ബാര്‍ക്കോഴ കേസിനെ ആയുധമാക്കി ധനമന്ത്രിയായിരുന്ന കെ.എം മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ നിയമസഭയില്‍ ഗുണ്ടാ വിളയാട്ടം നടത്തിയ സി പി എം തൃശൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ മുഖ്യപ്രഭാഷകനായി കെ എം മാണിക്ക് ചുവപ്പ് പരവതാനി വിരിച്ചു. തെറ്റ് തിരുത്തല്‍ സി.പി.എമ്മിന്റെ ഭരണഘടനയില്‍ ഏറ്റവും പ്രധാനമാണ്. അവരത് ചെയ്യുന്നു. സി.പി.ഐ ഓഖിയേക്കാള്‍ വലിയ ദുരന്തമായെന്നും അതിനേക്കാള്‍ നല്ലത് മാണിസാറാണെന്നുമാണ് സി.പി.എം നേതാക്കള്‍ പറയുന്നത്.
ഇപ്പോഴത്തെ ദേശീയ, സംസ്ഥാന സാഹചര്യം കണക്കിലെടുത്ത് കേരളാകോണ്‍ഗ്രസ് എമ്മും പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണിയും യു.ഡി.എഫിലേക്ക് വരണമെന്ന് ഉമ്മന്‍ചാണ്ടിയും പി.കെ കുഞ്ഞാലിക്കുട്ടിയും അടക്കമുള്ള നേതാക്കള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. മധ്യതിരുവിതാംകൂറില്‍ ശക്തമായ വേരോട്ടമുള്ള കേരളാകോണ്‍ഗ്രസും കെ.എം മാണിയും എല്ലാവര്‍ക്കും സ്വീകാര്യമാകുന്നു... ഇതാണ് മാണി മാജിക് അഥവാ അധ്വാനവര്‍ഗ സിദ്ധാന്തത്തിന്റെ കരുത്ത്.
ഉമ്മന്‍ചാണ്ടിയെ അടിക്കാന്‍ ചെന്നിത്തല മാണിയെ കരുവാക്കി
പ്രായോഗിക രാഷട്രീയത്തില്‍ യാതോരു കരുത്തുമില്ലാത്ത നേതാവാണ് രമേശ് ചെന്നിത്തല. ഇല്ലാത്ത ബാര്‍ക്കോഴ കേസ് ഉണ്ടാക്കി കെ.എം മാണിയെ യൂ.ഡി.എഫില്‍ നിന്ന് കുടഞ്ഞെറിഞ്ഞ രമേശ് ചെന്നിത്തലയും ഐ ഗ്രൂപ്പ് നേതാക്കളും തിരിച്ചറിയേണ്ട ചില വസ്തുതകള്‍ തിരിച്ചറിഞ്ഞില്ല. മധ്യതിരുവിതാംകൂറിലെ യൂ ഡി എഫ് ശക്തി എന്നും കേരളാ കോണ്‍ഗ്രസ് ആയിരുന്നു. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ നിര്‍ണ്ണായക ശക്തിയാണ് കേരള കോണ്‍ഗ്രസ്. അത് ഉമ്മന്‍ചാണ്ടിക്ക് നന്നായി അറിയാം. അതുകൊണ്ടാണ് കെ.എം മാണി അദ്ദേഹത്തിനിന്നും പ്രിയപ്പെട്ടവനാകുന്നത്.
കെ എം മാണിയെ ഒതുക്കുന്നതോടെ ഉമ്മന്‍ ചാണ്ടിയെയും എ ഗ്രൂപ്പിനെയും കോട്ടയം ജില്ലയില്‍ ദുര്‍ബലമാക്കാമെന്നാണ് ചെന്നിത്തല സ്വപ്‌നം കണ്ടത്. അത് പക്ഷെ, ദിവാസ്വപ്‌നമായി മാറിയെന്ന് കാലം തെളിയിക്കുന്നു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ചെന്നിത്തലയുടെ രാഷ്ട്രീയ നെറികേടിന് കെ.എം മാണി കൂ്ട്ട് നിന്നില്ല. അന്ന് മുതലാണ് മാണി രമേശിന്റെ കണ്ണിലെ കരടായത്. ഉമ്മന്‍ ചാണ്ടിയെ മാറ്റി തന്നെ മുഖ്യമന്ത്രിയാക്കാന്‍ മാണി സഹായിക്കണമെന്ന് ചെന്നിത്തല അഭ്യര്‍ത്ഥിച്ചു. മാണി വഴങ്ങിയില്ല. അതോടെ ക്രിസ്ത്യന്‍ നേതാവിനെ ഒതുക്കി. ആ കരുത്തില്‍ കേരളത്തിലെ ഭൂരിപക്ഷം വരുന്ന ഹിന്ദു വിഭാഗങ്ങളുടെ പൂര്‍ണ്ണ പിന്തുണ ഉറപ്പിക്കുകയായിരുന്നു ചെന്നിത്തലയുടെ ലക്ഷ്യം.
ബാര്‍ക്കോഴയിലെ ത്രിമൂര്‍ത്തികള്‍
ചെന്നിത്തലയും അടൂര്‍ പ്രകാശം ബിജുരമേശും ചേര്‍ന്ന് ബാര്‍ക്കോഴ ഭൂതത്തെ തുറന്ന് വിട്ടു. അവസാനം ആഭ്യന്തരമന്ത്രിയായിരുന്ന ചെന്നിത്തല വിജിലന്‍സിനെ കൊണ്ട് കേസും എടുപ്പിച്ചു. കോണ്‍ഗ്രസ്സുകാരെല്ലാം ആവേശത്തോടെ മാണിയ്‌ക്കെതിരെ ഉറഞ്ഞുതുള്ളി. മാര്‍ക്‌സിസ്റ്റുകാരേക്കാളും വാശിയായിരുന്നു കോണ്‍ഗ്രസിലെ സൈബര്‍ പോരാളികള്‍ക്ക്. പ്രതിപക്ഷനേതാവായിരുന്ന വി.എസ് എന്ത് ആരോപണവും എഴുത്തിക്കൊടുത്താല്‍ വായിക്കുന്നതിന് മുന്‍പേ ക്വിക്ക് വെരിഫിക്കേഷന് ഓര്‍ഡര്‍ ഇടലായിരുന്നു അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ പണി. കെ.എം.മാണി രാജി വയ്ക്കാനുണ്ടായ സാഹചര്യവും സമ്മര്‍ദവും കോണ്‍ഗ്രസ്സുകാരില്‍ നിന്നാണ് കൂടുതലും ഉണ്ടായത്. എസ് പി സുകേശനെയും ജേക്കബ് തോമസിനെയും കയറൂരിവിട്ട് മാണിയെ പരമാവധി നാറ്റിച്ചു. അന്വേഷണമെന്ന പേരില്‍
കാട്ടിക്കൂട്ടിയ പേക്കൂത്തുകള്‍ ആത്മാഭിമാനമുള്ള കേരള കോണ്‍ഗ്രെസ്സുകാരന് ഒരിക്കലും മറക്കാന്‍ കഴിയില്ല.
ബാര്‍ കോഴക്കേസ് വന്നപ്പോള്‍ കോണ്‍ഗ്രസ്സ് മാണിയെ സംരക്ഷിക്കണമായിരുന്നു. അതുണ്ടായില്ലെന്ന് മാത്രമല്ല അദ്ദേഹത്തെ പുകച്ച് പുറത്ത്
ചാടിക്കുകയാണുണ്ടായത്. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തതോടെയാണ് മാണി മനസ്സ്
കൊണ്ട് കോണ്‍ഗ്രസ്സുമായി തീര്‍ത്തും അകന്നത്. കാരണം ബാര്‍ കേസ് കുളമാക്കിയതിന്റെ ഉത്തരവാദിത്തം രമേശ് ചെന്നിത്തലക്കാണ്. ഉമ്മന്‍
ചാണ്ടി ആയിരുന്നു പ്രതിപക്ഷനേതാവെങ്കില്‍ മാണി ഒരിക്കലും യു.ഡി.എഫ് വിടില്ലായിരുന്നു. രമേശ് ചെന്നിത്തലയുടെ സ്ഥാനമോഹവും വി.എം.സുധീരന്റെ കടുകട്ടി ആദര്‍ശവുമാണ് കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ കുളം തോണ്ടിയത്. ഉമ്മന്‍ചാണ്ടി പ്രതിപക്ഷനേതൃസ്ഥാനം ഏറ്റെടുക്കാതെ മാറി നിന്നത് കോണ്‍ഗ്രസ്സിന്റെ അന്ത്യം കുറിക്കുന്നതിലേക്കാണ് കാര്യങ്ങള്‍ എത്തിച്ചത്. ഹൈക്കമാണ്ടില്‍ നിന്ന്, പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിയില്‍ നിന്ന് അനുകൂല സമീപനം കിട്ടാത്ത നിരാശയിലാണ് ഉമ്മന്‍ചാണ്ടി ഒരു സ്ഥാനവും ഏറ്റെടുക്കില്ലെന്ന് പറഞ്ഞത്. ഉമ്മന്‍ ചാണ്ടിയെക്കാളും സുധീരന് പ്രാധാന്യം കല്‍പ്പിച്ചതാണ് രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ അജ്ഞതയുടെ മറ്റൊരു തെളിവായി.
ഇനി യു.ഡി.എഫിലേക്കില്ല
ഇനി മാണി കോണ്‍ഗ്രസ്സിനൊപ്പം യു.ഡി.എഫിലേക്ക് വരില്ല. അത് ഉറപ്പാണ്. സി.പി.ഐ എല്‍ഡിഎഫ് വിട്ടാലും സി.പി.എം. മാണിയെ മുന്നണിയില്‍ എടുക്കും. ഇടത്പക്ഷ മുന്നണി എന്നൊരു സങ്കല്പത്തിന്റെ പുറത്താണ് സി.പി.ഐയെ സി.പി.എം. സഹിക്കുന്നത്. അല്ലാതെ സി.പി.ഐക്ക് പറയത്തക്ക സ്വാധീനമോ വോട്ടോ കേരളത്തിലില്ല. എല്‍.ഡി.എഫിന്റെ വോട്ടെന്ന് പറയുന്നത്
സി.പി.എം വോട്ടാണ്. കേരളത്തില്‍ സ്ഥിരഭരണം സ്ഥാപിക്കുക എന്ന പിണറായി വിജയന്റെ ഏറെക്കാലത്തെ സ്വപ്നമാണ് സാക്ഷാല്‍ക്കരിക്കാനാണ് കെ.എം മാണിയെ എല്‍.ഡി.എഫില്‍ കൊണ്ടുവരുന്നത്. സി.പി.ഐ.ക്ക് വേണ്ടി പിണറായി വിജയന്‍ ആ സ്വപ്നം ത്യജിക്കില്ല. ഇന്ത്യയുടെ
തെക്കേയറ്റത്തെ പിണറായി എന്ന ഗ്രാമത്തിലെ നേതാവ് ആണെങ്കിലും പിണറായി വിജയന്‍ ആണ് ഇന്ന് ഇന്ത്യയിലെ സി.പി.എം. അത് കൊണ്ടാണ് മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പോലും പിണറായി വിജയന്റെ പെട്ടിയും തൂക്കി നടക്കുന്നത്.
മാണി എല്‍.ഡി.എഫില്‍ ചേര്‍ന്നാല്‍ പിണറായിക്ക് തുടര്‍ഭരണം ഉറപ്പിക്കാന്‍ കഴിയും. സി.പി.ഐ യു.ഡി.എഫിലേക്ക് പോവുകയും കോണ്‍ഗ്രസ്സ് അത് ശരിവെക്കുകയും ചെയ്താലും യു.ഡി.എഫിന് നാല് വോട്ടിന്റെ പ്രയോജനം ലഭിക്കില്ല. സി.പി.എമ്മിനു തുടര്‍ഭരണം കിട്ടിയാല്‍ പിന്നെ കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ പൊടി ഉണ്ടാവില്ല. കോണ്‍ഗ്രസ്സ് ഇല്ലാതായാല്‍ ബി.ജെ.പി.ക്ക് ഭരണം പിടിക്കാന്‍ കഴിയില്ല. കാരണം ബി.ജെ.പി.യെ തളച്ചിടാന്‍ ന്യൂനപക്ഷ വോട്ടുകള്‍ മതി. ഹിന്ദു വോട്ടുകള്‍ മുക്കാല്‍ ഭാഗവും സി.പി.എമ്മിന്റെ കൂടെയായിരിക്കും. യു.ഡി.എഫിന്റെ ജനകീയാടിത്തറ വിപുലപ്പെടുത്തുകയാണ് വേണ്ടത്. മാണിയെ ആക്ഷേപിച്ച് പുറത്തെറിയരുതായിരുന്നു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അത്
സി.പി.എമ്മിന്റെ നിലവിലെ സീറ്റ് ആണെങ്കിലും വീണ്ടും സി.പി.എം അവിടെ ജയിക്കുകയാണെങ്കില്‍ അത് തുടര്‍ഭരണം കേരളത്തില്‍ ഉറപ്പിക്കുന്നതിനു തുല്യമായിരിക്കും.
ചെന്നിത്തല ശക്തനല്ല, വാചകക്കസര്‍ത്ത് മാത്രം
ഇതിനിടയില്‍ മാണിയെ തിരികെ യു.ഡി.എഫില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ വൃഥാശ്രമം നടത്തുകയുണ്ടായി. മാണിക്ക് എങ്ങനെ തിരിച്ചു വരാന്‍ പറ്റും? അദ്ദേഹം യു.ഡി.എഫിനോട് അകലാനുണ്ടായ സാഹചര്യത്തിനു ഒരു മാറ്റവും വന്നിട്ടില്ല. കോണ്‍ഗ്രസ്സില്‍ ഘടനാപരമായ മാറ്റം ഉണ്ടായാലേ മാണിക്ക് യു ഡിഎഫിലേക്കു തിരിച്ചു വരാന്‍ കഴിയു. രമേശ് ചെന്നിത്തലയെ ഒരു കാലത്തും കെ.എം
മാണി വിശ്വസിക്കില്ല. കോണ്‍ഗ്രസിലെ യുവനേതാക്കള്‍ ആത്മാര്‍ത്ഥമായാണ് പാര്‍ട്ടിക്ക് വേണ്ടി പൊരുതുന്നത്. എന്നാല്‍ ചെന്നിത്തലയോ? അദ്ദേഹത്തിനു പിണറായി വിജയനും മറ്റ് മാര്‍ക്‌സിസ്റ്റ് നേതാക്കളും കോണ്‍ഗ്രസ്സുകാരും ഒരു പോലെയാണ്. തന്റെ സ്ഥാനം മാത്രമേ ചെന്നിത്തലയ്ക്ക് നോട്ടമുള്ളൂ. അതാണ് കേരളാ കോണ്‍ഗ്രസിന് അദ്ദേഹവുമായി ഒത്തുപോകാന്‍ കഴിയാത്തത്.
പൊതുവെ സ്വീകാര്യമല്ലാത്ത എല്‍ ഡി എഫ് ഭരണം മുതലെടുക്കാന്‍ പ്രതിപക്ഷനേതാവിന് കഴിയുന്നില്ല. ജനങ്ങളെ ഒപ്പം നിര്‍ത്താന്‍ ശക്തമായ സമരപരിപാടികള്‍ ചെന്നിത്തല നടത്തുന്നില്ല. ചാനലുകളിലൂടെ വാചകക്കസര്‍ത്ത് നടത്തുക മാത്രമാണ് അദ്ദേഹത്തിന്റെ പോരാട്ടം. കൂടെയുള്ളവരെ സംശയിക്കുന്ന ദുര്‍ബലമായ രാഷ്ട്രീയമാണ് ചെന്നിത്തല പരീക്ഷിക്കുന്നത്. സി പി എം ആശ്വസിക്കുന്നത് പ്രതിപക്ഷത്തിന്റ ഈ ദുര്‍ബല അവസ്ഥയാണ്. ഇത് മുതലെടുത്ത് തുടര്‍ഭരണം സാധ്യമാക്കണമെങ്കില്‍ ഓഖിയേക്കാള്‍ വലിയ ദുരന്തമായ സി.പി.ഐയെ തുത്തെറിഞ്ഞ് കേരളാ കോണ്‍ഗ്രസിനെ ചേര്‍ത്തുനിര്‍ത്തണം.
https://www.facebook.com/Malayalivartha