കെ.എസ്.ആര്‍.ടി.സി.ക്ക് പെന്‍ഷന്‍ നല്‍കാനെത്തിയ സഹകരണബാങ്ക് കൂട്ടായ്മ പാവങ്ങളെ വലയ്ക്കുന്നു

കടത്തില്‍മുങ്ങിയ കെ.എസ്.ആര്‍.ടി.സി.ക്ക് പെന്‍ഷന്‍ നല്‍കാനെത്തിയ സഹകരണബാങ്ക് കൂട്ടായ്മ പത്തുശതമാനം പലിശയ്ക്കുപുറമേ 39,050 പേരുടെ അക്കൗണ്ട് കൂടി സ്വന്തമാക്കാന്‍ തീരുമാനിച്ചതോടെ പാവങ്ങൾ നെട്ടോട്ടമോടുകയാണ്. നിശ്ചലമായിരിക്കുന്ന പെന്‍ഷന്‍ ലഭിക്കുമെന്നറിഞ്ഞപ്പോൾ ഇത്രയും ദുരിതമനുഭവിക്കേണ്ടിവരുമെന്നു ആരും കരുതിയില്ല. കെ.എസ്.ആര്‍.ടി.സി. ചീഫ് ഓഫീസിന് മുന്നിലെ പടിക്കെട്ടില്‍ തളര്‍ന്നിരുന്ന കഴക്കൂട്ടം സ്വദേശിനി സരസ്വതിയമ്മ ഈറനണിഞ്ഞ കണ്ണുകളോടെ പറയുന്നു; 'ഞങ്ങളോട് ഈ ക്രൂരത വേണ്ടിയിരുന്നില്ല. കാല്‍മുട്ടിന് തേയ്മാനമാണ്. നടക്കുമ്പോള്‍ എല്ല് നുറുങ്ങുന്ന വേദന. ആറുമാസത്തെ പെന്‍ഷന്‍ കുടിശ്ശികയുണ്ട്. ജീവിക്കാന്‍ അത് മാത്രമേ മാർഗമായുള്ളൂ. പെന്‍ഷന്‍ രേഖകളുമായി രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയതാണ്. ഇനി അക്കൗണ്ട് തുറക്കാന്‍ ഒന്നരക്കിലോമീറ്റര്‍ അകലെയുള്ള സഹകരണബാങ്കിലേക്ക് പോകണം. അക്കൗണ്ട് തുടങ്ങിയ വിവരം അറിയിക്കാന്‍ വീണ്ടും ഈ പടികയറണം. ഈ വയസ്സുകാലത്ത് എന്തിനാ ഇങ്ങനെ ഓടിക്കുന്നത്''.
പുതിയ പെന്‍ഷന്‍ വിതരണ സംവിധാനം വൃദ്ധരെ സംബന്ധിച്ചിടത്തോളം അത്ര സുഖകരമല്ല. പെന്‍ഷന്‍ അനുവദിച്ച കെ.എസ്.ആര്‍.ടി.സി. ഓഫീസില്‍ പെന്‍ഷന്‍ രേഖകളുമായി എത്തണം. ഏത് ശാഖയിലാണ് അക്കൗണ്ട് തുടങ്ങാന്‍ നിര്‍ദേശിച്ചിട്ടുള്ളതെന്ന് അവിടെനിന്നാണ് അറിയാന്‍ കഴിയുന്നത്. അക്കൗണ്ട് തുടങ്ങിയശേഷം അതുമായി ബന്ധപ്പെട്ട വിവരം യൂണിറ്റില്‍ അറിയിക്കണം. ഓരോരുത്തർക്കും സൗകര്യമുള്ള ശാഖകളിൽ അക്കൗണ്ട് തുടങ്ങാവുന്നതാണ്. പക്ഷേ, അക്കാര്യം കെ.എസ്.ആര്‍.ടി.സി.യെ അറിയിക്കണം.
അക്കൗണ്ട് തുടങ്ങാനുള്ള രേഖകള്‍ സംബന്ധിച്ചും ആശയക്കുഴപ്പങ്ങളേറെയാണ്. ചില ബ്രാഞ്ചുകള്‍ ആധാറിന്റെ പകര്‍പ്പും രണ്ട് ഫോട്ടോകളുമാണ് ആവശ്യപ്പെടുന്നത്. മറ്റുചില ബാങ്കുകൾ പലരേഖകളും ആവശ്യപ്പെടുന്നത് പെന്‍ഷന്‍കാരെ വലയ്ക്കുകയാണ്. പെന്‍ഷന്‍ പേമെന്റ് ഓര്‍ഡര്‍മാത്രമാണ് കെ.എസ്.ആര്‍.ടി.സി. നിര്‍ദേശിക്കുന്ന രേഖ. ചില ബ്രാഞ്ചുകളില്‍ 100 രൂപ നല്‍കിയാല്‍മതി. എന്നാൽ ചിലയിടത്ത് 500 രൂപ ആവശ്യപ്പെടുന്നു. ചില ബാങ്കുകളില്‍ സീറോ ബാലന്‍സ് അക്കൗണ്ട് നല്‍കുന്നില്ല. ബാങ്കുകളില്‍ എത്താന്‍ കഴിയാത്തവിധം കിടപ്പിലായവരുണ്ട്. പരസഹായമില്ലാതെ ഇവര്‍ക്ക് അക്കൗണ്ട് തുടങ്ങാന്‍ കഴിയില്ല. പണം ലഭിച്ചാല്‍ ഒന്നോ രണ്ടോ മണിക്കൂറിനുള്ളില്‍ പെന്‍ഷന്‍ വിതരണം ചെയ്യാനുള്ള ഓണ്‍ലൈന്‍ സംവിധാനം കെ.എസ്.ആര്‍.ടി.സി.ക്കുണ്ടായിരുന്നു. 39,050 പെന്‍ഷന്‍കാര്‍ക്കും എ.ടി.എം. സൗകര്യമുള്ള ദേശസാത്കൃത ബാങ്ക് അക്കൗണ്ടുമുണ്ട്. വായ്പത്തുക സഹകരണ കണ്‍സോര്‍ഷ്യത്തിന്റെ ലീഡ് ബാങ്ക് സമാഹരിച്ച് കെ.എസ്.ആര്‍.ടി.സി.ക്ക് കൈമാറിയിരുന്നെങ്കില്‍ നിലവിലെ വിതരണസംവിധാനം ഉപയോഗിക്കാമായിരുന്നു. ചൊവ്വാഴ്ചമുതല്‍ പെന്‍ഷന്‍ നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha