യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്തിയത് പിണറായി വിജയന്റെ അനുമതിയോടെയെന്ന് കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം കെ.സുധാകരന്‍; കൊലപാതകത്തെക്കുറിച്ച് പി.ജയരാജനും അറിവുണ്ടായിരുന്നു

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതിയോടെയെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. കൊലപാതകത്തെ കുറിച്ച് ജില്ലാ സെക്രട്ടറി പി. ജയരാജന് അറിവുണ്ട്. അറസ്റ്റിലായ പ്രതി ജയരാജന്‍റെ സന്തത സഹചാരിയാണ്. ഇത്രയും അടുപ്പമുള്ള പ്രതികള്‍ കുറ്റം ചെയ്യുമ്പോൾ ജയരാജന് അക്കാര്യം അറിയില്ലേയെന്നും സുധാകരന്‍ ചോദിച്ചു.
സ്വാഭാവികമായും പിണറായിയുടെയും ജയരാജന്‍റെയും അറിവോടെയാണ് കൊലപാതകം ചെയ്തതെന്നാണ് വിശ്വസിക്കണ്ടത്. പ്രാദേശിക തലത്തില്‍ രണ്ടു പാര്‍ട്ടി പ്രവര്‍ത്തകര്‍ ചേര്‍ന്ന് ചെയ്തല്ലെന്ന് അവര്‍ തന്നെ പറയുന്നുണ്ട്. അറസ്റ്റിലായത് സാധാരണ പ്രവര്‍ത്തകരല്ലെന്നും സി.പി.എമ്മിന്‍റെ സൈബര്‍ പോരാളികളാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.
പൊലീസിലെ സി.പി.എം അനുഭാവികള്‍ കേസിന്‍റെ അന്വേഷണം വഴി തെറ്റിക്കുകയാണ്. വിവരങ്ങള്‍ ചോര്‍ത്തുന്ന ഉദ്യോഗസ്ഥര്‍ ഇപ്പോഴും അന്വേഷണ സംഘത്തിലുണ്ട്. പിടിയിലായത് ഡമ്മി പ്രതികളല്ലെന്ന് ഉത്തരമേഖല ഡി.ജി.പി ജനങ്ങള്‍ക്കു മുന്നില്‍ തെളിയിക്കണം. കേസില്‍ സ്വതന്ത്ര അന്വേഷണത്തിന് നിയമ വഴി തേടുമെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha