മിനിമം വേജസ് കേസുകള്‍ക്ക് പരിഹാരമാകുന്നു; വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് ഡെപ്യൂട്ടി ലേബര്‍ കമീഷണര്‍മാര്‍ക്ക് അധികാരം നല്‍കി സര്‍ക്കാര്‍ ഉത്തരവ്

തൊഴിലാളികളുടെ മിനിമം വേതനവും ഗ്രാറ്റ്വിറ്റിയുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് ഡെപ്യൂട്ടി ലേബര്‍ കമീഷണര്‍മാര്‍ക്ക് (ഡി.എല്‍.സി) അധികാരം നല്‍കി സര്‍ക്കാര്‍ ഉത്തരവ്. ഇത്തരം കേസുകള്‍ ലേബര്‍ കമീഷണര്‍ നേരിട്ട് കേള്‍ക്കണമെന്ന മുന്‍ സര്‍ക്കാറിന്റെ തീരുമാനത്തെ തിരുത്തിയാണ് പുതിയ നിര്‍ദേശം.
വിവിധ ജില്ലകളില്‍ കുന്നുകൂടുകയും നടപടികള്‍ മന്ദീഭവിക്കുകയും ചെയ്ത പതിനായിരത്തിലധികം മിനിമം വേജസ് കേസുകള്‍ക്കാണ് പുതിയ തീരുമാനത്തോടെ പരിഹാരത്തിന് വഴി തുറക്കുന്നത്. നിലവില്‍ രണ്ട് ജില്ലകള്‍ക്ക് ഒന്ന് എന്ന കണക്കില്‍ ഏഴ് ഡി.എല്‍.സിമാരാണ് സംസ്ഥാനത്തുള്ളത്. ഇവരിലേക്ക് പ്രശ്‌നപരിഹാരത്തിനുള്ള അധികാരമെത്തുന്നതോടെ കേസുകള്‍ക്ക് വേഗത്തില്‍ പരിഹാരം കാണാനാവുമെന്നാണ് പ്രതീക്ഷ.
ഗ്രാറ്റ്വിറ്റി കണക്കാക്കുന്നതിലെ പിഴവുകള്‍, ബോധപൂര്‍വമുള്ള വൈകിപ്പിക്കലുകള്‍, കുറവ് വരുത്തല്‍ അടക്കമുള്ള പരാതികളാണ് തൊഴില്‍ വകുപ്പിന്റെ പരിഗണനക്ക് വരുന്നത്. ഇതില്‍ തൊഴിലാളികളെ ഏറ്റവുമധികം വലക്കുന്നത് മിനിമം കൂലി നല്‍കാതെ ചൂഷണം ചെയ്യുന്ന ക്ലെയിം പെറ്റീഷന്‍ കേസുകളാണ്. ഇത്തരം കേസുകളില്‍ തൊഴിലാളിയുടെ സര്‍വിസ് കാലാവധി കണക്കാക്കി മിനിമം കൂലിയിനത്തില്‍ എത്ര തുക കുടിശ്ശികയായി നല്‍കണമെന്ന് ഉത്തരവിടാന്‍ തൊഴില്‍ വകുപ്പില്‍ ആളില്ലാത്ത സ്ഥിതിയായിരുന്നു. ചുമതലയുള്ള ലേബര്‍ കമീഷണര്‍ക്കാകട്ടെ ഭാരിച്ച മറ്റ് ജോലികളും. ഇതോടെ 2000 മുതലുള്ള കേസുകള്‍ ചുവപ്പുനാടയിലായി.ഇത്തരം കേസുകള്‍ പരിഗണിക്കാന്‍ ജില്ല ലേബര്‍ ഓഫിസര്‍മാരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, നിയമപരമായി അധികാരമില്ലാത്തതിനാല്‍ ജില്ല ലേബര്‍ ഓഫിസര്‍മാരുടെ തീരുമാനങ്ങള്‍ കോടതിയിലും മറ്റ് നിയമ പരിഗണനകളിലും പ്രാബല്യമില്ലാതായി. ഈ സാഹചര്യത്തില്‍ പ്രതിസന്ധി ബോധ്യപ്പെട്ടാണ് സര്‍ക്കാര്‍ ഉത്തരവ്.
https://www.facebook.com/Malayalivartha