മൃഗവേട്ടയ്ക്കിറങ്ങിയ രണ്ട് യുവാക്കള്‍ വനപാലകരുടെ വലയിലായി; രണ്ട് പേര്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി രക്ഷപെട്ടു

നെടുമങ്ങാട് വനം മേഖലയില്‍ അനധികൃതമായി നാടന്‍ തോക്കുമായി മൃഗവേട്ട നടത്താന്‍ ശ്രമിച്ച നാലംഗ സംഘത്തിലെ രണ്ട് പേര്‍ അറസ്റ്റില്‍. പാലോട് റെയ്ഞ്ച് പെരിങ്ങമ്മല സെക്ഷന്‍ ബ്രൈമൂര്‍ എസ്റ്റേറ്റിന് സമീപത്തെ റിസര്‍വ് വനമേഖലയില്‍ തോക്കുമായി വന്യമൃഗവേട്ടക്കെത്തിയ തെന്നൂര്‍ അനസ് മന്‍സിലില്‍ ടി. മുഹമ്മദ് അനസ് (29), പെരിങ്ങമ്മല ഇടവം ഇടിഞ്ഞാര്‍ ഷിബിനാ മന്‍സിലില്‍ ഷാന്‍ (30) എന്നിവരാണ് പാലോട് റെയ്ഞ്ച് ഓഫീസര്‍ ടി. രതീഷിന്റെ നേതൃത്വത്തിലുള്ള വനപാലകസംഘത്തം പിടികൂടിയത്.
സംഘത്തില്‍പ്പെട്ട പെരിങ്ങമ്മല കൊച്ചുവിള നജി മന്‍സിലില്‍ എം. നൈസാം, പെരിങ്ങമ്മല ഇടിഞ്ഞാര്‍ വെങ്കിട്ടമൂട് ബ്ലോക്ക് നമ്പര്‍ 22ല്‍ ആര്‍. ജയന്‍ എന്നിവര്‍ വനപാലകരെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു. രഹസ്യവിവരത്തെ തുടര്‍ന്ന് വനപാലകര്‍ റിസര്‍വ് മേഖലയില്‍ തെരച്ചില്‍ നടത്തുമ്പോള്‍ ഒന്നാം പ്രതിയായ നൈസാം വനപാലകര്‍ക്കുനേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയശേഷമാണ് ജയനോടൊപ്പം ഓടിരക്ഷപ്പെട്ടത്. പ്രതികളില്‍ നിന്നും നാടന്‍തോക്ക്, വെടിയുണ്ടകള്‍, വെടിമരുന്ന് എന്നിവയും പ്രതികള്‍ ഉപയോഗിച്ച ആള്‍ട്ടോ കാര്‍, എന്‍ഫീല്‍ഡ് ബുള്ളറ്റ്, പള്‍സര്‍ ബൈക്ക് തുടങ്ങിയവയും പിടിച്ചെടുത്തതായി പനപാലകര്‍ അറിയിച്ചു. രക്ഷപ്പെട്ട പ്രതികള്‍ക്കായി തെരച്ചില്‍ തുടരുന്നതായും കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തതായും വനപാലകര്‍ പറഞ്ഞു. സെക്ഷന്‍ ഓഫീസര്‍ ജി.വി ഷിബു, ബീറ്റ് ഓഫീസര്‍മാരായ എ.എസ് അനസ്, എസ്. അരുണ്‍, എം.എസ് ശ്രീലക്ഷ്മി, എം.എസ് അതുല്യ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha