ഷുഹൈബ് വധക്കേസ് സി ബി ഐക്ക് വിട്ടേ തീരൂ; കേസ് അന്വേഷണത്തെ അട്ടിമറിക്കാനും യഥാർത്ഥ പ്രതികളെ സംരക്ഷിക്കാനുമാണ് തുടക്കം മുതലേ പിണറായി വിജയന്റെയും സിപിഎമ്മിന്റേയും ശ്രമമെന്നും വി ടി ബൽറാം

കണ്ണൂരിലെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകൻ ഷുഹൈബിന്റെ കൊലപാതകത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്സ് എം എൽ എ വിടി ബല്‍റാം. ലക്ഷണമൊത്ത ഒരു ഭീകരവാദ സംഘടനയായി കേരളത്തിലെ സിപിഎം മാറിയിരിക്കുന്നുവെന്നും കേസ് അന്വേഷണത്തെ അട്ടിമറിക്കാനും യഥാർത്ഥ പ്രതികളെ സംരക്ഷിക്കാനുമാണ് തുടക്കം മുതലേ പിണറായി വിജയന്റെയും സിപിഎമ്മിന്റേയും ശ്രമമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഷുഹൈബ് വധക്കേസ് സി ബി ഐക്ക് വിട്ടേ തീരൂ. സംസ്ഥാന സർക്കാർ അതിന് തയ്യാറാവുന്നില്ലെങ്കിൽ ഈയാവശ്യവുമായി കോൺഗ്രസ് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ ഷുഹൈബിന്റെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ട ശേഷമാണ് ബൽറാമിന്റെ പ്രതികരണം.
വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സിപിഎമ്മുകാർ അതിക്രൂരമായി കൊന്നുകളഞ്ഞ പ്രിയ സ്നേഹിതൻ ഷുഹൈബിന്റെ എടയന്നൂരിലെ വീട്ടിലെത്തി മാതാപിതാക്കളേയും സഹോദരിമാരേയും കണ്ടു. വെട്ടിനുറുക്കിയിട്ടും കലി തീരാത്തത് കൊണ്ടാണോ നാട്ടുകാർക്ക് മുഴുവൻ പ്രിയപ്പെട്ട തന്റെ മകനേക്കുറിച്ച് അവർ ഹീനമായ നുണപ്രചരണം കൂടി നടത്തുന്നതെന്ന ഷുഹൈബിന്റെ ഉപ്പയുടെ ചോദ്യം ഇപ്പോഴും കാതിൽ അലക്കുന്നുണ്ട്.
പിന്നീട് കണ്ണൂർ കളക്റ്ററേറ്റിനു മുൻപിൽ നിരാഹാരമനുഷ്ഠിക്കുന്ന ശ്രീ. കെ.സുധാകരനെയും ജനാധിപത്യ പ്രവർത്തകരേയും അഭിവാദ്യം ചെയ്തു. സമാധാനകാംക്ഷികളായ നൂറുകണക്കിന് സാധാരണ മനുഷ്യരാണ് അണമുറിയാത്ത പ്രവാഹമായി സമരപന്തലിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
ലക്ഷണമൊത്ത ഒരു ഭീകരവാദ സംഘടനയായി കേരളത്തിലെ സിപിഎം മാറിയിരിക്കുന്നു. കേസ് അന്വേഷണത്തെ അട്ടിമറിക്കാനും യഥാർത്ഥ പ്രതികളെ സംരക്ഷിക്കാനുമാണ് തുടക്കം മുതലേ പിണറായി വിജയന്റെയും സിപിഎമ്മിന്റേയും ശ്രമം. കൊന്നവരേ മാത്രമല്ല, കൊല്ലിച്ചവരേയും പുറത്ത് കൊണ്ടുവരേണ്ടതുണ്ട്. ഇതിനായി കേസ് സിബിഐക്ക് വിട്ടേ തീരൂ. സംസ്ഥാന സർക്കാർ അതിന് തയ്യാറാവുന്നില്ലെങ്കിൽ ഈയാവശ്യവുമായി കോൺഗ്രസ് കോടതിയെ സമീപിക്കും.
കൊലക്കത്തി രാഷ്ട്രീയത്തിന് കേരളത്തിൽ അന്ത്യം കുറിക്കപ്പെടണം. നിഷ്ക്കളങ്കരായ ചെറുപ്പക്കാരുടെ ചോരയും നിരാലംബരായ കുടുംബങ്ങളുടെ കണ്ണീരും ഇനിയീ മണ്ണിൽ ഒഴുകാനിടവരരുത്.
https://www.facebook.com/Malayalivartha