കോണ്‍ഗ്രസ് നേതാക്കളും അണികളും കൂട്ടത്തോടെ ബിജെപിയിലേക്ക് ഒഴുകി, കോണ്‍ഗ്രസിന്റെ അടിത്തറയിളകി, സി.പി.എമ്മിന്റെ നാല് ശതമാനം വോട്ടേ ചോര്‍ന്നുള്ളൂ... എം.വി ജയരാജന്‍ തള്ളുന്നു...

ത്രിപുരയിലെ ബിജെപിയുടെ വിജയം മതനിരപേക്ഷ മനസ്സുകളിലാകെ തീ കോരിയിട്ട അനുഭവമായിരുന്നെന്ന് സി.പി.എം നേതാവ് എം.വി ജയരാജന്‍. അത് മതേതരത്വത്തിനും ജനാധിപത്യത്തിനും ഭീഷണിയാണെന്ന കാര്യവും നാം മറന്നുകൂടാ. ഭീകരവാദസംഘടനയുമായി ചേര്‍ന്നുനേടിയ വിജയം പണാധിപത്യത്തിന്റെ നേട്ടം കൂടിയാണ്. ഇതൊക്കെയാണെങ്കിലും സിപിഎമ്മും ഇടതുപക്ഷവും ഈ ജനവിധിയെ സൂക്ഷ്മമായി വിലയിരുത്തുകയും ആവശ്യമായ തിരുത്തലുകള്‍ വരുത്തി ജനങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടം ശക്തിപ്പെടുത്താന്‍ കഴിയേണ്ടതുമാണ്.
കോണ്‍ഗ്രസ് നേതാക്കളും അണികളും കൂട്ടത്തോടെ ബിജെപിയിലേക്ക് ഒഴുകിയതുമൂലമാണ് 36.53 ശതമാനത്തില്‍ നിന്ന് 1.8 ശതമാനമായി കോണ്‍ഗ്രസ് വോട്ട് ഗണ്യമായി കുറയാന്‍ എന്തേ കാരണം...? ഈ വോട്ടാകട്ടെ, ബിജെപിക്കാണ് ലഭിച്ചത്. 1.54 ശതമാനത്തില്‍ നിന്ന് ബിജെപി വോട്ട് 41 ശതമാനമായി ഉയര്‍ന്നു. സിപിഎമ്മിനാവട്ടെ 44.3 ശതമാനം വോട്ടുകള്‍ ലഭിച്ചു. കേവലം 4 ശതമാനത്തിന്റെ വ്യത്യാസം മാത്രം. ഘടകകക്ഷികളെല്ലാം ചേര്‍ന്ന് 45 ശതമാനമുണ്ട്. സീറ്റാകട്ടെ, 16 മാത്രം. ഇടതുപക്ഷം പരാജയപ്പെട്ടതുകൊണ്ടുതന്നെ ഒരു വാദം സ്വാഭാവികമായും ഉയര്‍ന്നുവരും, ബിജെപി എന്ന ഫാസിസ്റ്റ് സ്വഭാവമുള്ള ആപത്തിനെ തടയാന്‍ കോണ്‍ഗ്രസ്സുമായി ചേര്‍ന്നാല്‍ സാധിച്ചേനെ എന്ന അഭിപ്രായമാണത്.
ഇടതുപക്ഷത്തിന്റെ 45 ശതമാനം വോട്ടിനോടൊപ്പം കോണ്‍ഗ്രസ്സിന്റെ ഒന്നരശതമാനം വോട്ട് ചേര്‍ന്നാല്‍ മാത്രം ബിജെപിയെ പരാജയപ്പെടുത്താനുള്ള സീറ്റ് ലഭിക്കുമെന്ന് ത്രിപുര തെരഞ്ഞെടുപ്പിലെ കണക്കുകള്‍ പരിശോധിച്ചാല്‍ പറയാനാവില്ല. ത്രിപുരയിലെ എം.എല്‍.എ.മാരടക്കമുള്ള അണികളാകെ ബിജെപിയിലേക്ക് ഒഴുകിയതിനെ തുടര്‍ന്ന് അടിത്തറ തകര്‍ന്നാണ് കോണ്‍ഗ്രസ്സിന്റെ കിടപ്പ്. മറ്റുള്ളവരെ പഴിചാരി ഇരുട്ടുകൊണ്ട് ഓട്ടയടക്കാനുള്ള നീക്കമൊന്നും കോണ്‍ഗ്രസ്സിനെ രക്ഷിക്കില്ല. ബിജെപിക്കെതിരായ ബദലായി മതനിരപേക്ഷ പക്ഷത്ത് ഉറച്ചുനിന്നുകൊണ്ട് ആഗോളവല്‍ക്കരണ നയങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ കോണ്‍ഗ്രസ്സിന് കഴിയുമോ..!? എന്നാണ് ജനങ്ങള്‍ക്ക് അറിയേണ്ടത്.
സിപിഎമ്മിനും ഇടതുപക്ഷത്തിനും അടിത്തറ തകരാതെ സൂക്ഷിക്കാന്‍ കഴിഞ്ഞുഎന്ന് അഭിമാനിക്കാം. എന്നാല്‍ ക്ഷമാപൂര്‍വ്വമായ ജനകീയ പ്രവര്‍ത്തനങ്ങളിലൂടെ മതനിരപേക്ഷതയെ അടിസ്ഥാനമാക്കിക്കൊണ്ട് തൊഴിലാളികളെയും കൃഷിക്കാരെയും മറ്റു ജനവിഭാഗങ്ങളെയും അണിനിരത്തി പോരാട്ടം ശക്തിപ്പെടുത്തുകയാണ് വേണ്ടത്. 25 വര്‍ഷമായി ഭരിക്കുന്ന ഒരു പാര്‍ട്ടിക്കെതിരായി സ്വാഭാവികമായും ചിലപ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരാം. അതു കണ്ടെത്തി പരിഹരിക്കുക എന്നതാണ് പ്രധാനം.
പരാജയത്തില്‍ നിന്നു പാഠം പഠിച്ചുകൊണ്ട് മുന്നേറാം. ത്രിപുരയോടൊപ്പം തെരഞ്ഞെടുപ്പ് നടന്ന മേഘാലയയും നാഗാലാന്റും മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് ചര്‍ച്ചാവിഷയമേ ആയില്ല. നാഗാലാന്റില്‍ ബിജെപി മുന്നണിക്കാണ് മേല്‍ക്കൈയെങ്കില്‍ മേഘാലയയില്‍ കോണ്‍ഗ്രസ് ഭൂരിപക്ഷം സീറ്റുകളും നേടി. ഈ സംസ്ഥാനങ്ങളിലും ആരു ഭരണത്തിലെത്തുമെന്ന് വ്യക്തതയായിട്ടില്ല. കിഴക്കന്‍ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് ഫലം നിസ്സാരമായി അവഗണിച്ചുകൂടാ. വിഘടന വര്‍ഗീയവാദം വളര്‍ന്നുവരാനിടവരുന്ന ഏതു ശ്രമത്തെയും ഒറ്റപ്പെടുത്തേണ്ടത് രാജ്യസ്‌നേഹികളുടെ ചുമതലയാണെന്നും എം.വി ജയരാജന്‍ പറയുന്നു.
https://www.facebook.com/Malayalivartha


























