ത്രിപുരയിലെ പരാജയം കേരളത്തിലെ ഇടത്പക്ഷത്തെ ബാധിക്കില്ലെന്ന് കാനം; സി.പി.എമ്മുമായുള്ള ഭിന്നത ആയശത്തിന്റെ പേരിലാണ്, ആമാശയപരമായ പ്രശ്‌നമല്ല

പാര്‍ട്ടി കണ്‍ട്രോള്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ സമ്മേളന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയതില്‍ തനിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി രണ്ടാമതും തെരഞ്ഞെടുത്ത കാനംരാജേന്ദ്രന്‍. കോട്ടയം സമ്മേളനത്തിന് ശേഷം കണ്‍ട്രോള്‍ കമ്മിഷന് 81 പരാതികളാണ് ലഭിച്ചത്. അതവര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി. സംസ്ഥാന എക്‌സിക്യൂട്ടീവും കൗണ്‍സിലും ഈ റിപ്പോര്‍ട്ട് അംഗീകരിച്ചതാണ്. എല്ലാ സമ്മേളനങ്ങളും ഇത്തരം റിപ്പോര്‍ട്ടുകള്‍ വായിക്കാറുണ്ട്. അതേ മലപ്പുറത്തും നടന്നൂള്ളൂ. എനിക്കതില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് കാനം വ്യക്തമാക്കി. കണ്‍ട്രോള്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ കെ.ഇ ഇസ്മയിലിനെതിരെ രൂക്ഷവിമര്‍ശനം ഉണ്ട്. ഇത് സമ്മേളനത്തിന്റെ സംഘടനാ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയതിനെതിരെ വ്യാപക വിമര്‍ശനം പ്രതിനിധികള്‍ക്കിടയില്‍ നിന്നുയര്‍ന്നിരുന്നു.
കോട്ടയം സമ്മേളനത്തില്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള എല്ലാ സംഘടനാ പ്രവര്‍ത്തനങ്ങളും സമ്മേളനം വിലയിരുത്തിയെന്ന് കാനം പറഞ്ഞു. പാര്‍ട്ടി വളര്‍ച്ചയുടെ പാതയിലാണെന്ന വിലയിരുത്തലാണ് സമ്മേളനത്തിലുണ്ടായത്. ഇടത്‌നിലപാടില്‍ ഉറച്ച് മുന്നോട്ട് പോകും. ഞാന്‍ പറയുന്നത് വ്യക്തിപരമായ അഭിപ്രായങ്ങളല്ല, നേതൃത്വം ആലോചിച്ച് എടുക്കുന്ന കൂട്ടായ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലുള്ള തീരുമാനമാണ്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുക, രാഷ്ട്രീയ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുക എന്നതാണ് അടുത്ത മൂന്ന് വര്‍ഷത്തെ ലക്ഷ്യമെന്നും കാനം പറഞ്ഞു. സമ്മേളനത്തില്‍ പ്രതിനിധികള്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉണ്ടായെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും കാനം വ്യക്തമാക്കി. ചിലര്‍ വാട്‌സാപ്പിലൂടെ തന്ന തെറ്റായ വിവരങ്ങളാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ത്രിപുരയിലെ പരാജയം കേരളത്തിലെ ഇടത്പക്ഷത്തെ ബാധിക്കില്ലെന്നും കാനം വിലയിരുത്തി. ഇവിടെ ഇടത് ഐക്യത്തില്‍ ശക്തമായി മുന്നോട്ട് പോകും. സി.പി.എമ്മുമായി ആശയപരമായ ഭിന്നതയാണ് ഉള്ളത്, അല്ലാതെ ആമാശയപരമായ അഭിപ്രായ വ്യത്യാസമല്ല. ഒരുപാര്‍ട്ടിയില്‍ തന്നെ രണ്ട് അഭിപ്രായമുള്ള കാലമാണ്, അതിനാല്‍ സി.പി.ഐക്കും സി.പി.എമ്മിനും രണ്ടഭിപ്രായമാണെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. സി.പി.ഐയും സി.പി.എമ്മും അകലുന്നു എന്ന് പറയരുതെന്നും കാനം പറഞ്ഞു.
https://www.facebook.com/Malayalivartha


























