വഴക്കിട്ട് പോയ ഭാര്യയെ തിരിച്ചുകൊണ്ടുവരാൻ സ്വാമിയെക്കൊണ്ട് പൂജ നടത്തിയെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്

വഴക്കിട്ട് പോയ ഭാര്യയെ തിരിച്ചുകൊണ്ടുവരാൻ സ്വാമിയെക്കൊണ്ട് പൂജ നടത്തിയെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ മാതൃസഹോദരിക്കും ഭര്‍ത്താവിനും കോടതി മൂന്നുവർഷം തടവുശിക്ഷയും പതിനായിരം രൂപ പിഴ അടയ്ക്കാനും ശിക്ഷിച്ചു. പാമ്പാടി തേക്കുങ്കല്‍ രാജമ്മ പത്രോസ് (60), ഭര്‍ത്താവ് ടി.എം. പത്രോസ് (64) എന്നിവരെയാണ് കോടതി ശിക്ഷയ്ക്ക് വിധിച്ചത്.
കോഴഞ്ചേരി മെഴുവേലി ചക്കിരേല്‍തുമ്പേല്‍ റോബിന്‍ മാത്യുവിനെ പറ്റിച്ച് 50300 യു.എസ് ഡോളര്‍ (ഉദേശം 25 ലക്ഷം രൂപ) ആണ് ഇവർ തട്ടിയെടുത്തത്. വഴക്കിട്ട് മാറി താമസിക്കുന്ന റോബിന്റെ ഭാര്യയെ തിരികെ കൊണ്ടു വരുന്നതിനു ചങ്ങനാശേരിയിലുള്ള ഒരു സ്വാമിയെക്കൊണ്ട് പൂജ നടത്തിയെന്നു വിശ്വസിപ്പിച്ചു പണം തട്ടുകയായിരുന്നു. സ്വാമി പൂജിച്ചുവെന്നു വിശ്വസിപ്പിച്ച് ഒരു രുദ്രാക്ഷ മാല റോബിന് അയച്ചുകൊടുക്കുകയും ചെയ്തു. മാല അണിഞ്ഞാല്‍ എല്ലാ പ്രശ്നവും തീരുമെന്നും വിശ്വസിപ്പിച്ചു. എന്നാല്‍ പ്രശ്നം തീര്‍ന്നില്ല. പിന്നീട് റോബിന്‍ നാട്ടിലെത്തിയപ്പോള്‍ സ്വാമിയെ കാണണമെന്നു പറഞ്ഞെങ്കിലും അത് അപകടമാകുമെന്നു പറഞ്ഞ് അനുവദിച്ചില്ല. പിന്നീട് തട്ടിപ്പാണെന്ന് മനസിലായ റോബിൻ പാമ്പാടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. റോബിന്റെ അമ്മയുടെ സഹോദരിയാണു പ്രതി രാജമ്മ. 2004 ഓഗസ്റ്റു മുതല്‍ 2007 മാര്‍ച്ചു വരെ പല തവണയായി രാജമ്മയുടെ ഫെഡറല്‍ ബാങ്ക് പാമ്പാടി ശാഖയിലുള്ള അക്കൗണ്ടി ലേക്കാണു പണം നല്‍കിയത്. റോബിനും ഭാര്യയും അമേരിക്കയിലായിരുന്നു.
https://www.facebook.com/Malayalivartha


























