ലോകം വനിതാദിനം ആഘോഷിക്കുമ്പോൾ പോലീസ് സ്റ്റേഷനിൽ അഭയം തേടി ഒരു 'അമ്മ

ലോകം രാജ്യാന്തര വനിതാദിനം ആഘോഷിച്ചപ്പോൾ ഇതിന്റെയൊന്നും ആരവമില്ലാതെ ജീവിതം പെരുവഴിയിലായി കാര്‍ത്ത്യായനിയമ്മ. മക്കള്‍ നോക്കാതെ പെരുവഴിയിലായെന്ന് പരാതിയുമായി ആറു മക്കളുടെ അമ്മയായ 80കാരി രാജ്യാന്തര വനിതാദിനത്തില്‍ അഭയം തേടിയെത്തിയത് പോലീസ് സ്‌റ്റേഷനിലേക്കാണ്.
കേച്ചേരി തലക്കോട്ടുകര മമ്പറമ്പില്‍ പരേതനായ വേലായുധന്റെ ഭാര്യ കാര്‍ത്ത്യായനിയാണ് കുന്നംകുളം സ്‌റ്റേഷനില്‍ അഭയം തേടിയത്. ഭര്‍ത്താവിന്റെ മരണശേഷം കൂലിപ്പണിയെടുത്ത് ജീവിച്ച കാര്‍ത്ത്യായനിക്ക് വാർധക്യമായതോടെ ഒറ്റപ്പെട്ടു. മൂന്നുസെന്റ് ഭൂമിയൊഴികെ ബാക്കിയെല്ലാം മക്കള്‍ക്ക് വീതിച്ചു നല്‍കി. ആറുമക്കളില്‍ ഒരാള്‍ മരിച്ചു. മൂന്നാമത്തെ മകനൊപ്പമായിരുന്നു അമ്മയുടെ താമസം എന്നാൽ കാര്‍ത്ത്യായനിയുടെ കൈവശമുള്ള മൂന്നു സെന്റ് ഭൂമി തന്റെ മകന്റെ പേരിലാക്കിയാല്‍ മാത്രമേ കാര്‍ത്ത്യായനിയെ നോക്കുകയുള്ളൂവെന്ന് പറഞ്ഞ് മകൻ അമ്മയെ പുറത്താക്കി.
കാര്‍ത്ത്യായനിയുടെ പെന്‍ഷന്‍ തുകയടക്കം 60,000 രൂപ മൂന്നാമത്തെ മകനും കൊച്ചുമകനും കൈവശപ്പെടുത്തിയതായും പരാതിയിലുണ്ട്. ഇന്നലെ രാവിലെ തനിച്ചു കയറിവന്ന കാര്‍ത്ത്യായനിയുടെ പരാതി വനിതാ സിവില്‍ പോലീസ് ഓഫീസര്‍ എഴുതിയെടുത്തു. തുടർന്ന് മക്കളെ വിളിച്ചുവരുത്തി. എന്നാൽ മറ്റൊരു മകൻ അമ്മയെ കൊണ്ടുപോകാന്‍ തയാറായതിനാല്‍ പോലീസ് കാര്‍ത്ത്യായനിയെ ഇയാളുടെ കൂടെ വിട്ടയച്ചു.
https://www.facebook.com/Malayalivartha


























