പട്ടത്ത് അമിത വേഗതയില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് പാഞ്ഞുകയറി സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

അമിത വേഗതയില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് പാഞ്ഞുകയറി സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. പാറശാല പൊറ്റയില്‍കട ടി.വി ഭവനില്‍ തങ്കമണിയാണ് (45)മരിച്ചത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന പൊറ്റയില്‍കട എത്തിക്കാല കല്ലുവിള പുത്തന്‍വീട്ടില്‍ ജസ്റ്റിന്‍രാജിനെ (35)അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാര്‍ ഓടിച്ചിരുന്ന പട്ടം പ്ലാമൂട് സ്വദേശിയെന്ന് കരുതുന്ന സുരേഷ്‌കുമാര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ പരിക്ക് ഗുരുതരമല്ല. ഇന്ന് രാവിലെ 8മണിയോടെ പട്ടം കെ.വി സ്‌കൂളിന് മുന്നിലായിരുന്നു അപകടം. കേശവദാസപുരത്ത് നിന്ന് പട്ടത്തേക്ക് വരികയായിരുന്ന കെ.എല്‍ 33 4252 ഹ്യുണ്ടായ് കാറാണ് അപകടത്തിനിടയാക്കിയത്.
അമിതവേഗത്തിനിടെ ഡിവൈഡറിലേക്ക് പാഞ്ഞുകയറിയ കാര്‍ എതിര്‍ദിശയില്‍ നിന്ന് വരികയായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഇടിയേറ്റ് തെറിച്ചുവീണ ഇരുവരെയും ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും തങ്കമണി മരണപ്പെട്ടിരുന്നു.
മേസ്തിരിപ്പണിക്കാരനാണ് തങ്കമണി. നഗരത്തിലെ പണി സൈറ്റിലേക്ക് വരുമ്പോഴായിരുന്നു അപകടം. കാറിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. അപകടത്തിന്റെ സിസി ടിവി കാമറ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.
തങ്കമണിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: വിജയപുഷ്പം. മകള്‍ ബിലീന. ട്രാഫിക് പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha


























