ഹാദിയ ഭർത്താവ് ഷെഫിന്‍ ജഹാനൊപ്പം കേരളത്തിൽ; ഇരുവരും ഇന്ന് മാധ്യമങ്ങളെ കാണും

ഇസ്ലാം മതം സ്വീകരിച്ച അഖില എന്ന ഹാദിയ ഷെഫിന്‍ ജഹാനെ വിവാഹം ചെയ്തത് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി അസാധുവാക്കിയതിനുപിന്നാലെ ഹാദിയ കേരളത്തിലെത്തി. സേലത്ത് നിന്ന് ഭര്‍ത്താവ് ഷെഫിന്‍ ജഹാനോടൊപ്പം മലപ്പുറത്തെത്തിയ ഹാദിയ ഇന്ന് മാധ്യമങ്ങളെ കാണും. ഹാദിയ പഠിക്കുന്ന സേലത്തെ കോളജില്‍ എത്തിയ ഷെഫിന്‍ പ്രിന്‍സിപ്പാളിനെ കണ്ട് അനുമതി വാങ്ങിയ ശേഷമാണ് ഇരുവരും കേരളത്തിലെത്തിയത്.
ഭര്‍ത്താവ് ഷെഫിന്‍ ജഹാനുമായുള്ള വിവാഹ ബന്ധം സുപ്രീം കോടതി അംഗീകരിച്ചതില്‍ സന്തോഷമെന്ന് ഹാദിയ പ്രതികരിച്ചിരുന്നു. വിവാഹം നിയമപരമെന്ന് പറഞ്ഞ കോടതി, ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിന്മേല്‍ വിവാഹം റദ്ദാക്കാനാവില്ലെന്നും വ്യക്തമാക്കി. ഹൈക്കോടതി തങ്ങളുടെ അധികാരപരിധി ലംഘിച്ചാണ് തീരുമാനം എടുത്തതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ഹൈക്കോടതി വിധിക്കെതിരെ ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
2017 മേയ് 24നായിരുന്നു ഹൈക്കോടതി ഹാദിയയുടെ വിവാഹം റദ്ദാക്കിയത്. അതേസമയം, ഷെഫിന്‍ ജഹാന് തീവ്രവാദ ബന്ധമുണ്ടെന്ന പിതാവ് അശോകന്റെ ആരോപണത്തെ കുറിച്ചുള്ള എന്‍.ഐ.എ അന്വേഷണം തുടരാമെന്നും സുപ്രീം കോടതി പറഞ്ഞു.
https://www.facebook.com/Malayalivartha

























