കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ അങ്കമാലി കോടതിയുടെ വിധിയ്‌ക്കെതിരെ ദിലീപ് ഹൈക്കോടതിയില്‍...

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയില്‍. ദൃശ്യങ്ങള്‍ നല്‍കില്ലെന്ന അങ്കമാലി കോടതിയുടെ വിധിയ്‌ക്കെതിരെയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ദിലീപിന് കൈമാറിയിരുന്നു. നടിയുമായി വാഹനം കടന്നുപോയ വഴിയിലെ ആറ് സിസിടിവി ദൃശ്യങ്ങളാണ് കൈമാറിയിരുന്നത്. ഇതോടൊപ്പം രണ്ട് പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടും ദിലീപിന് കൈമാറി.
ദിലീപ് ദൃശ്യങ്ങള്‍ അവകാശപ്പെടുന്നത് ഇരയെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. ദിലീപിന് ദൃശ്യങ്ങള്‍ കൈമാറുന്നത് ഇരയുടെ സ്വകാര്യതയെ ബാധിക്കുമെന്നും പോലീസ് നിലപാട് സ്വീകരിച്ചു. മജിസ്‌ട്രേറ്റിന്റെ സാന്നിദ്ധ്യത്തില്‍ ദിലീപിന്റെ അഭിഭാഷകന് ദൃശ്യങ്ങള്‍ കാണാന്‍ കോടതി അവസരമൊരുക്കിയിരുന്നു. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതായി സംശയിക്കുന്നതായും ഈ സാഹചര്യത്തില്‍ ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നുമായിരുന്നു ദിലീപിന്റെ വാദം. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളും പോലീസിന്റെ കൈവശമുള്ള മറ്റ് തെളിവുകളും തമ്മില്‍ പൊരുത്തക്കേടുകളുണ്ടെന്നും ദിലീപ് വാദിക്കുന്നു.
നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ഒരു സ്ത്രീ ശബ്ദം ദൃശ്യങ്ങളിലുണ്ടെന്നും, നിര്‍ത്തിയിട്ടിരിക്കുന്ന ഒരു വാഹനത്തിലേതാണ് ദൃശ്യങ്ങളെന്നുമാണ് ദിലീപിന്റെ മറ്റൊരു വാദം. എന്നാല്‍ പോലീസ് വാദങ്ങള്‍ അംഗീകരിച്ച മജിസ്‌ട്രേറ്റ് കോടതി ദിലീപിന്റെ ആവശ്യം തള്ളിയിരുന്നു അതിനാലാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha

























