എം.പിയായ വി. മുരളീധരന്‍ സ്വീകരണങ്ങളേറ്റ് വാങ്ങി നടക്കുമ്പോള്‍ ബി.ജെ.പിക്ക് ഏറെ നിര്‍ണായകമായ ചെങ്ങന്നൂരിലേക്ക് പോകാന്‍ ഫെയിസ്ബുക്കിലൂടെ പ്രവര്‍ത്തകരുടെ ആഹ്വാനം

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് സംസ്ഥാനത്ത് ബി.ജെ.പിക്ക് മുന്നേറ്റം നടത്തേണ്ട സമയത്ത് മുന്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ ഗ്രൂപ്പ് പോരിന്റെ പേരില്‍ ഒറ്റയാനെ പോലെ ഇടഞ്ഞ് നില്‍ക്കുന്നു. സംസ്ഥാന നേതൃത്വം ഇടപെട്ട് താക്കീത് നല്‍കിയെങ്കിലും മുരളീധരന്‍ അത്രയ്ക്ക് അത് ഇഷ്ടപ്പെട്ടില്ല. മഹാരാഷ്ട്രയില്‍ നിന്ന് രാജ്യസഭാ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടിട്ട് ഒരാഴ്ച പിന്നിട്ടിട്ടും മുരളീധരന്‍ സ്വീകരണ പരിപാടികള്‍ക്ക് പിന്നാലെയാണ്. ഇതുവരെ ചെങ്ങന്നൂരിലേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. ബി.ജെ.പി പ്രവര്‍ത്തകരും അനുഭാവികളും ഇതിനെതിരെ അദ്ദേഹത്തിന്റെ ഫെയിസ്ബുക്കിലൂടെ പ്രതിഷേധം അറിയിക്കുന്നുണ്ട്. സ്വീകരണങ്ങളൊക്കെ പിന്നീടാകാം, എത്രയും വേഗം ചെങ്ങന്നൂര്‍ക്ക് തിരിക്കാനാണ് പ്രവര്‍ത്തകരുടെ ആവശ്യം.
എം.പിയായി കോഴിക്കോട്ടാണ് വി.മുരളീധരന്‍ പറന്നിറങ്ങിയത്. അവിടെ തുടങ്ങിയ സ്വീകരണം ഇപ്പോഴും തുടരുന്നു. കോഴിക്കോട് മാതൃഭൂമി ഓഫീസിലും കണ്ണൂരിലും കൊച്ചിയിലെ മനോരമ, ജന്‍മഭൂമി ഓഫീസുകളിലും എറണാകുളം റെയില്‍വേ സ്റ്റേഷനിലും സ്വീകരണം ലഭിച്ചു. പക്ഷെ, ഇതുവരെ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഏറെ സാധ്യതകളുള്ള ചെങ്ങന്നൂരേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. പകരം പാര്‍ട്ടി സ്ഥാനാര്‍ത്ഥി പി.എസ് ശ്രീധരന്‍പിള്ളയുടെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കാനുള്ള നീക്കങ്ങള്‍ പരസ്യമായി നടത്തുകയും ചെയ്തു. കെ. എം മാണിയെ പോലുള്ള അഴിമതിക്കാരുടെ വോട്ട് ബി.ജെ.പിക്ക് വേണ്ടെന്ന് മുരളീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാല്‍ തനിക്കങ്ങനെ നിലപാടില്ലെന്ന് ശ്രീധരന്‍പിള്ള തിരിച്ചടിച്ചു. സംസ്ഥാന നേതൃത്വത്തിന് ശ്രീധരന്‍പിള്ള പരാതിയും നല്‍കി.
ബി.ജെ.പിയിലെ മാന്യനും മിതവാദിയുമായ നേതാവാണ് പി.എസ് ശ്രീധരന്‍പിള്ള. മികച്ച അഭിഭാഷകനും എഴുത്തുകാരനുമാണ്. പക്ഷെ, ഗ്രൂപ്പ് വൈരത്തിന്റെ പേരില്‍ അദ്ദേഹത്തെ ഒതുക്കുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ നിന്ന് ശ്രീധരന്‍പിള്ള ജയിക്കാനുള്ള സാഹചര്യങ്ങളുണ്ടായിരുന്നു. ബി.ജെ.പി നേതൃത്വം അതിനായി ആഞ്ഞ് പിടിച്ചില്ല. അന്നേ അദ്ദേഹം അതൃപ്തി അറിയിച്ചിരുന്നു. ഇത്തവണ മല്‍സരിക്കാനില്ലെന്ന് ആദ്യമേ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ശ്രീധരന്‍പിള്ള സ്ഥാനാര്‍ത്ഥിയായി. എതിരഭിപ്രായം ഉണ്ടെങ്കില്‍ അന്നേ പറയേണ്ടതിന് പകരം തന്റെ വിജയത്തിന് തുരങ്കം വയ്ക്കുന്ന നിലപാട് മുരളീധരന്‍ സ്വീകരിക്കുകയാണെന്ന് ശ്രീധരന്‍പിള്ള കുമ്മനത്തിന് പരാതി നല്‍കി. കുമ്മനം കോര്‍കമ്മിറ്റി യോഗത്തില്‍ ഈ കത്ത് വായിച്ചു. ഒടുവില്‍ മാധ്യമങ്ങളിലൂടെ മുരളീധരന്‍ നിലപാട് തിരുത്തിയെങ്കിലും പ്രായോഗിക തലത്തില്‍ അത് ചെയ്തിട്ടില്ല.
പിണറായി സര്‍ക്കാരിനെതിരായ ജനവികാരവും കണ്ണൂരിലെ കൊലപാതക രാഷ്ട്രീയവും ബി.ജെ.പിക്ക് വോട്ടാക്കി മാറ്റാവുന്ന രാഷ്ട്രീയ കാലാവസ്ഥയാണ് ചെങ്ങന്നൂരിലുള്ളത്. കണ്ണൂരിലെ ഷുഹൈബ് വധം സി.ബി.ഐ ഏറ്റെടുക്കാമെന്ന് അറിയിച്ചത് അടക്കമുള്ള കാര്യങ്ങളും കേന്ദ്രസര്‍ക്കാര്‍ ഓഖി ദുരന്തത്തിലടക്കം സ്വീകരിച്ച നടപടികളും ചൂണ്ടിക്കാട്ടി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലേണ്ടതിന് പകരം ഭിന്നതകള്‍ സൃഷ്ടിക്കുന്നത് മുരളീധരനെ പോലൊരു നേതാവിന് യോജിച്ചതല്ല. അതുകൊണ്ട് സ്വീകരണത്തിന്റെ പടം ഫെയിസ്ബുക്കില്‍ അദ്ദേഹം പങ്കുവച്ചപ്പോള്‍ - നേരെ ചെങ്ങന്നൂരേക്ക് തിരിക്കുക- എന്ന് ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ കമന്റിട്ടത്.
https://www.facebook.com/Malayalivartha