കീഴാറ്റൂര്‍ സമരത്തെ പരോക്ഷമായി പിന്തുണച്ചത് വി.എസ് ; സമരം തുടരുമെന്ന് വയല്‍ക്കിളികള്‍

കീഴാറ്റൂര്‍ സമരത്തില്‍ സര്‍ക്കാരിനെതിരെ ഒളിയമ്പുമായി ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. ജലദിനത്തില്‍ നല്‍കിയ സന്ദേശത്തിലാണ് കീഴാറ്റൂര്‍ സമരത്തെ വി.എസ് പരോക്ഷമായി പിന്തുണച്ചത്. വയലുകളും കുന്നുകളും നിരത്തപ്പെട്ടാല്‍ കേരളം മരുപ്പറമ്പാകുമെന്ന് വി.എസ് പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി. ജലസ്രോതസ്സുകള്‍ ഇല്ലാതാക്കുന്നത് സാമ്രാജ്യത്വ വികസന മാതൃകകളാണ്. കുടിവെള്ളത്തിനു വേണ്ടി ജനകീയ സമരം തുടങ്ങിയ പ്ലാച്ചിമടയെ കൂടി ഓര്‍മ്മിക്കണമെന്നും സന്ദേശത്തില്‍ പറയുന്നു.
അതേസമയം, കീഴാറ്റൂരില്‍ സമരം തുടരുമെന്ന് വയല്‍ക്കിളികള്‍ അറിയിച്ചു. ആര്‍.എസ്.എസും എസ്.ഡി.പി.ഐയും അടക്കം ആര് പിന്തുണ നല്‍കിയാലും സ്വീകരിക്കും. ആറന്മുളയിലെ സി.പി.എം സമരമാണ് കീഴാറ്റൂരില്‍ സമരം നടത്താന്‍ ഊര്‍ജം നല്‍കിയത്. കഴിഞ്ഞ ദിവസം സി.പി.എം പരിപാടികളില്‍ സ്വീകാര്യരായിരുന്ന തങ്ങളില്‍ ചിലര്‍ ഇപ്പോള്‍ അവര്‍ക്ക് മാവോയിസ്റ്റുകളായി മാറിയെന്നും വയല്‍ക്കിളികള്‍ പറഞ്ഞു.
കീഴാറ്റൂര്‍ സമര നേതാവ് സുരേഷിന്റെ വീടിനു നേര്‍ക്കുണ്ടായ ആക്രമണം മറ്റൊന്നും ഇല്ലാത്തതിനാല്‍ പറയുന്നതാണെന്ന് സിപിഎം നേതാവ് എം.വി ഗോവിന്ദന്‍ പറഞ്ഞു. ആര്‍.എസ്.എസ് ആയിരിക്കും ആക്രമണത്തിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു. കീഴാറ്റൂരിനെ മറ്റൊരു നന്ദിഗ്രാമാക്കാന്‍ ശ്രമിക്കേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ശ്രമമെങ്കില്‍ ജനങ്ങള്‍ ചെറുത്ത് തോല്‍പ്പിക്കും. കീഴാറ്റൂരില്‍ ബൈപാസ് നിര്‍മ്മിക്കുന്നത് പിണറായിയല്ല, കേന്ദ്രസര്‍ക്കാരിന്റെ ദേശീയപാത അതോറിറ്റിയാണ്. പരിസ്ഥിതി പ്രശ്‌നം പറഞ്ഞ് വികസനം തടസപ്പെടുത്തരുത്. അങ്ങനെ വന്നാല്‍ സി.പി.എം ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്നും കോടിയേരി കണ്ണൂരില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha