തിരുവനന്തപുരം സബ്കളക്ടർ ദിവ്യ എസ് അയ്യർ വർക്കല അയിരൂരിൽ കോൺഗ്രസ് കുടുംബത്തിന് വഴിവിട്ട് സർക്കാർഭൂമി പതിച്ചുനൽകിയ സംഭവം: ജില്ലാ കളക്ടർ കെ വാസുകി ഇന്ന് തെളിവെടുപ്പ് നടത്തും

തിരുവനന്തപുരം സബ്കളക്ടർ ദിവ്യ എസ് അയ്യർ വർക്കല അയിരൂരിൽ കോൺഗ്രസ് കുടുംബത്തിന് വഴിവിട്ട് സർക്കാർഭൂമി പതിച്ചുനൽകിയ സംഭവത്തിൽ ഇന്ന് ജില്ലാ കളക്ടർ കെ വാസുകി തെളിവെടുപ്പ് നടത്തും. ലാൻഡ് റവന്യൂ കമീഷണർ എ ടി ജയിംസിന്റെ നിർദേശപ്രകാരമാണ് കെ വാസുകി ഇന്ന് തെളിവെടുപ്പ് നടത്തുന്നത്. സബ്കളക്ടർ ദാനംചെയ്തത് സർക്കാർഭൂമിയാണെന്ന് തെളിയിക്കുന്ന രേഖകൾ വർക്കല താലൂക്ക് അധികൃതർ ശേഖരിച്ചിട്ടുണ്ട്. 25 വർഷംമുമ്പ് നടന്ന റീ സർവേയുടെയും അതിനുമുമ്പ് നടന്ന സർവേയുടെയും രേഖകൾ നെയ്യാറ്റിൻകര അസിസ്റ്റന്റ് റീ സർവേ ഡയറക്ടർ ഓഫീസിൽനിന്ന് വാങ്ങിയിട്ടുണ്ട്. ഈ രണ്ട് സർവേകളിലും അയിരൂരിലെ ഭൂമി സർക്കാർ പുറമ്പോക്കാണെന്ന് വ്യക്തമാണ്.
തഹസിൽദാർ. മറ്റു റവന്യൂ ഉദ്യോഗസ്ഥർ, ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ എന്നിവർ തെളിവുകൾ നൽകുകയും ചെയ്യും. അയിരൂരിലെ 27 സെന്റ് സർക്കാർഭൂമിയാണ് നിയമം ഭേദിച്ച് ദാനംചെയ്തത്. ഭൂമിദാനം വിവാദമായതോടെ സബ്കളക്ടറുടെ നടപടി സർക്കാർ സ്റ്റേചെയ്യുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് തെളിവെടുപ്പ് നടത്തുന്നത്. ഇവർക്കെതിരെ പരാതി വ്യാപകമായതോടെ കെ എസ് ശബരീനാഥൻ ആദ്യദിവസം ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചെങ്കിലും പിന്നീട് വിവാദം കൊഴുത്തതോടെ പ്രതികരിച്ചിട്ടില്ല. അയിരൂർ മാതൃകയിൽ കാട്ടാക്കട മണ്ണൂർക്കര കോട്ടൂരിൽ അരക്കോടിയിലേറെ രൂപ വിലമതിക്കുന്ന പഞ്ചായത്തുവക ഭൂമി വെറും ആറുലക്ഷം രൂപ വിലയ്ക്ക് കോൺഗ്രസ് പ്രാദേശിക നേതാവിന് സബ്കളക്ടർ പതിച്ചുനൽകാൻ ഉത്തരവിട്ടതും അന്വേഷണത്തിലാണ്.
https://www.facebook.com/Malayalivartha

























