വാഹനപരിശോധന നടത്തവേ ഹൈവേ പോലീസ് ടീ ഷര്‍ട്ടില്‍ പിടിച്ചു വലിച്ചു: ബൈക്കുമായി റോഡിലേക്ക് തെറിച്ച് വീണ് യുവാക്കള്‍ക്ക് പരിക്ക്: യുവാക്കൾ മദ്യപിച്ചിരുന്നുവെന്നും ടീ ഷര്‍ട്ടില്‍ പിടിച്ചു വലിച്ചിട്ടില്ലെന്നും ഹൈവേ പോലീസ്

വാഹനപരിശോധനയ്ക്കിടെ അപകടങ്ങൾ സംഭവിക്കുന്നത് ഇപ്പോൾ സാധാരണമായിരിക്കുകയാണ്. ഈയടുത്ത് തന്നെ വാഹനപരിശോധന നടത്തവേ നിരവധി അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും ഒടുവിലായി ഇത്തരത്തിൽ അപകടമുണ്ടായിരിക്കുന്നത് കൂത്താട്ടുകുളത്താണ്. കൂത്താട്ടുകുളത്ത് എം.സി. റോഡില്‍ രാമപുരം കവലയ്ക്ക് സമീപം മീഡിയ ജങ്ഷനില്‍ ഇന്നലെ ഏഴ് മണിയോടെയാണ് സംഭവം. ബൈക്ക് ഓടിച്ചിരുന്ന കൂത്താട്ടുകുളം കോഴിപ്പിള്ളി വേങ്ങത്താനത്ത് വിനോദി (34)നാണ് അപകടത്തില്‍ പരിക്കേറ്റത്. പിന്നില്‍ യാത്ര ചെയ്ത സാബു(37)വിനും പരിക്കേറ്റു.
ഹൈവേ പോലീസ് വാഹനപരിശോധനയ്ക്കിടെ ബൈക്ക് യാത്രക്കാരന്റെ ടീ ഷര്‍ട്ടില്‍ പിടിച്ചു വലിച്ചതിനെ തുടര്‍ന്ന് യുവാക്കള്‍ അപകടത്തില്‍പ്പെടുകയായിരുന്നു. എന്നാൽ പോലീസ് പറയുന്നത് യുവാക്കൾ മദ്യപിച്ചിരുന്നുവെന്നും ടീ ഷര്‍ട്ടില്‍ പിടിച്ചു വലിച്ചിട്ടില്ലെന്നുമാണ്. ഹൈവേ പോലീസ് കൈകാണിച്ചതിനെ തുടര്‍ന്ന് ബൈക്കിലെത്തിയ യുവാക്കളുടെ വാഹനം പാളിപ്പോയിരിക്കാമെന്നാണ് കൂത്താട്ടുകുളം പോലീസ് പറയുന്നത്. ഹൈവേ പോലീസിന്റെ വാഹനത്തിന്റെ ബമ്പറില്‍ തട്ടി ബൈക്ക് മറിഞ്ഞുവീഴുകയായിരുന്നുവെന്നും പോലീസ് പറയുന്നു.
ബൈക്ക് ഉള്‍െപ്പടെ റോഡിലേക്ക് തെറിച്ചുവീണ വിനോദിന്റെ വലതു കാല്‍പ്പാദത്തില്‍ ഗുരുതരമായ മുറിവുണ്ട്. തോളെല്ലിനും പരിക്കേറ്റിട്ടുണ്ട്. മുറിവേറ്റ വിനോദിനെ ആശുപത്രിയില്‍ എത്തിക്കണമെന്ന് നാട്ടുകാര്‍ ഹൈവേ പോലീസിനോട് ആവശ്യപ്പെട്ടു. വലത് കാല്‍പ്പാദത്തിലുണ്ടായ മുറിവില്‍ നിന്ന് ചോര റോഡിലേക്ക് ഒഴുകുന്നത് കഴുകിക്കളയാനുള്ള ശ്രമത്തിലായിരുന്നു ഹൈവേ പോലീസ് എന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍, സംഭവസ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാര്‍ ഇത് തടഞ്ഞു. വിനോദിനെ ആശുപത്രിയിലെത്തിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. കൂത്താട്ടുകുളം പോലീസ് സ്ഥലത്തെത്തി റോഡില്‍ കിടന്ന ചോര കഴുകിക്കളയാന്‍ ശ്രമിച്ചു. അതും നാട്ടുകാര്‍ തടഞ്ഞു. തെളിവ് നശിപ്പിക്കാനുള്ള ശ്രമത്തിനെതിരേയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.
രാമപുരം കവലയിലെ വ്യാപാരികളും ഓട്ടോ ഡ്രൈവര്‍മാരും ഉള്‍പ്പടെയുള്ളവരും ചേര്‍ന്ന് റോഡില്‍ ഒരു മീറ്ററോളം ഭാഗത്ത് ഒഴുകി പരന്നിരുന്ന ചോരപ്പാടുകള്‍ക്ക് ചുറ്റും കല്ലുകളും തടിക്കഷ്ണങ്ങളും നിരത്തിവച്ചു. തുടര്‍ന്ന് കൂത്താട്ടുകുളം പ്രിന്‍സിപ്പല്‍ എസ്.ഐ. ഇ.എസ്. സാംസണിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി വെള്ളമൊഴിച്ച് ചോരപ്പാടുകള്‍ കഴുകിക്കളഞ്ഞു.
പാലക്കുഴ ടിംബര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (ഐ.എന്‍.ടി.യു.സി.) തൊഴിലാളിയാണ് അപകടത്തില്‍ പരിക്കേറ്റ വിനോദ് . ജോലികഴിഞ്ഞ് രാമപുരം കവലയിലെ ബേക്കറിയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി കൂട്ടുകാരനോടൊപ്പം ബൈക്കില്‍ വീട്ടിലേക്ക് പോകുകയായിരുന്നു. അപ്പോഴായിരുന്നു സംഭവം. സംഭവത്തില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. മുന്‍ നഗരസഭാ ചെയര്‍മാന്‍ പ്രിന്‍സ് പോള്‍ ജോണ്‍, സി.പി.എം. ഏരിയ സെക്രട്ടറി ഷാജു ജേക്കബ് തുടങ്ങിയവര്‍ അപകടം നടന്ന സ്ഥലത്തെത്തി. അന്വേഷണം നടത്തണമെന്ന് ജില്ലാ പോലീസ് ഭാരവാഹികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഷാജു ജേക്കബ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ബുധനാഴ്ച റിപ്പോര്‍ട്ട് നല്‍കാന്‍ മൂവാറ്റുപുഴ ഡിവൈ.എസ്.പിയെ റൂറല്‍ എസ്.പി. ചുമതലപ്പെടുത്തി. തന്റെ ബൈക്ക് ഹൈവേ പോലീസിന്റെ ജീപ്പില്‍ ഇടിപ്പിച്ചുവെന്നും പോലീസ് ഉദ്യോഗസ്ഥനെ ഇടിച്ചു വീഴ്ത്താന്‍ തുടങ്ങിയെന്നും പറഞ്ഞുകൊണ്ടാണ് തന്നെ പോലീസ് ജീപ്പിലേക്ക് വലിച്ചു കയറ്റിയതെന്നും വിനോദ് ആശുപത്രിയിലെത്തിയ മാധ്യമപ്രവര്‍ത്തകരോടും രാഷ്ട്രീയ നേതാക്കളോടും പറഞ്ഞു.
https://www.facebook.com/Malayalivartha