സംസ്ഥാനത്തെ സി ബിഎസ് സി സ്കൂളുകൾ പ്ലസ് ടു പരീക്ഷക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങാൻ സാധിക്കില്ലെന്ന് കരുതുന്ന പ്ലസ് വൺ വിദ്യാർത്ഥികളെ കൂട്ടത്തോടെ തോൽപ്പിക്കുന്നു

സംസ്ഥാനത്തെ സി ബിഎസ് സി സ്കൂളുകൾ പ്ലസ് ടു പരീക്ഷക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങാൻ സാധിക്കില്ലെന്ന് കരുതുന്ന പ്ലസ് വൺ വിദ്യാർത്ഥികളെ കൂട്ടത്തോടെ തോൽപ്പിക്കുന്നു. രക്ഷകർത്താക്കൾ ഇതിനെതിരെ അധിക്യതർക്ക് പരാതി നൽകിയിട്ടും ഒരു ഫലവുമില്ല. എല്ലാവർക്കും വിദ്യാഭ്യാസമെന്ന ഭരണഘടനാ ദത്തമായ അവകാശത്തെ ചോദ്യം ചെയ്യുന്ന നഗ്ന പ്രവണത കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ.
എറണാകുളം ഇടപ്പള്ളി അൽഅമീൻ സ്കൂളിനെതിരെയാണ് ആദ്യം പരാതി ലഭിച്ചത്. മനുഷ്യാവകാശ കമ്മീഷനിൽ ഒരു കൂട്ടം രക്ഷകർത്താക്കളാണ് പരാതി അയച്ചത്. പരാതി ബഹുരസമാണ്. പ്ലസ് വൺ പരീക്ഷ സ്കൂൾ അധികൃതർ തന്നെ നടത്തി. സി ബി എസ് സി നിയമം അനുസരിച്ച് പ്ലസ് വണ്ണിൽ പരീക്ഷ നടത്താറില്ല. ബോർഡ് പരീക്ഷ പ്ലസ്ടുവിലാണ് നടത്തുന്നത്. എന്നാൽ ഇത്തരം നിയമങ്ങളൊക്കെ സ്കൂൾ അധികൃതർ തള്ളിക്കളയുന്നു.
എറണാകുളത്തിന് പുറമേ തിരുവനന്തപുരത്തെ സ്കൂളുകളിലും ഇത്തവണ പ്രവണതകൾ നടക്കുന്നുണ്ട്. നാലാഞ്ചിറയിലെ നവജീവൻ ബഥനി സ്കൂളിലെ തോൽവി പരാതിയായിട്ടുണ്ട്. ബഥനിയിൽ തോറ്റ ചില വിദ്യാർത്ഥികൾ മറ്റ് ചില സ്കൂളുകളിൽ പ്രവേശനം തേടി നടത്തിയ ടെസ്റ്റിൽ അതേ പരീക്ഷകൾ പാസായതായി പറയപ്പെടുന്നു.
സംസ്ഥാനത്തെ സിബി എസ് സി സ്കൂളുകൾ യാതൊരു തത്വദീക്ഷയുമില്ലാതെയാണ് പ്രവർത്തിക്കുന്നത്. തലസ്ഥാനത്തും എറണാകുളത്തും സിബിഎസ് സി റീജിയണൽ ഓഫീസുകൾ ഉണ്ടായിട്ടും ഒരു പ്രയോജനവുമില്ല. ആർക്കും എന്തുമാകാം എന്ന അവസ്ഥയാണ് കേരളത്തിലുള്ളത്.
സ്കൂൾ അധികൃതരുടെ നടപടിക്കെതിരെ പരാതി നൽകിയാലും ഫലമില്ലാത്ത അവസ്ഥയാണുള്ളത്. തിരുവനന്തപുരത്തെ സിബിഎസ് സി അധികൃതർക്ക് നടപടി സ്വീകരിക്കാൻ സാങ്കേതിക തടസമുണ്ടെന്നാണ് പറയുന്നത്. എന്നാൽ അത് ശരിയല്ല. റീജിയണൽ ഓഫീസർക്ക് കൃത്യമായും നടപടി സ്വീകരിക്കാം.
തങ്ങൾക്ക് ഇക്കാര്യത്തിൻ ഒന്നും ചെയ്യാനില്ലെന്ന നിലപാട് സംസ്ഥാന സർക്കാരും സ്വീകരിക്കാറുണ്ട്. അതും ശരിയല്ല. സി ബി എസ് സി സ്കൂൾ പ്രവർത്തിക്കണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ അംഗീകാരം വേണം. എന്നാൽ ഇത്തരം കാര്യങ്ങൾ അറിയില്ലെന്ന മട്ടിലാണ് സർക്കാർ പ്രതികരിക്കുന്നത്.
പ്ലസ് വൺ തോൽവിയെ കുറിച്ച് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലെത്തി പരാതി പറഞ്ഞവരോട് സ്റ്റാഫ് കൈമലർത്തി എന്ന വാർത്തയും പിന്നാലെ വരുന്നുണ്ട്. സി ബി എസ് സി സ്കൂളിൽ തങ്ങൾക്ക് ഒരു റോളുമില്ലെന്നാണ് സർക്കാർ വാദം. സർക്കാരിന് റോൾ ഉണ്ടെന്ന് പറഞ്ഞപ്പോൾ കൈ മലർത്തിയതായും പരാതിയുണ്ട്. ഇതു തന്നെയാണ് സിബിഎസ് സി വിദ്യാലയങ്ങളുടെ ഹുങ്ക് വർധിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha