ഇട റോഡില്‍ പെൺകുട്ടികളെ കയറിപ്പിടിക്കുന്ന പൂവാലനെ ചുരുട്ടിക്കൂട്ടി നാട്ടുകാർ; യുവകോമളനെ സംരക്ഷിച്ച് പോലീസുകാരും...

പുലര്‍ച്ചെ റോഡില്‍ നടക്കുന്ന സ്ത്രീകളെ കയറിപ്പിടിക്കുന്നത് പതിവാക്കിയയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ചെമ്മരത്തൂര്‍ സ്വദേശിയായ മുപ്പതുകാരനെ ചൊവ്വാഴ്ച രാവിലെയാണ് പിടികൂടിയതെങ്കിലും രാത്രിവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഏതാനും ദിവസം മുമ്പ് ഇയാളുടെ അതിക്രമത്തിനിരയായ പെണ്‍കുട്ടി സ്റ്റേഷനിലെത്തി മൊഴിനല്‍കിയിരുന്നു.
ആളെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്ന് പോലീസ് കേസുമെടുത്തു. എന്നാല്‍, ഇയാളുടെ പേര് നല്‍കാന്‍ പറ്റില്ലെന്ന മറുപടിയാണ് പോലീസില്‍നിന്ന് ലഭിച്ചത്. ഇയാളെ രക്ഷിക്കാന്‍ കടുത്ത സമ്മര്‍ദം പോലീസിനുമേല്‍ ഉണ്ടെന്നാണ് വിവരം. ഒട്ടേറെ സ്ത്രീകള്‍ക്ക് ഇയാളില്‍നിന്ന് അതിക്രമം നേരിടേണ്ടിവന്നിട്ടുണ്ടെങ്കിലും ഒരു പെണ്‍കുട്ടി മാത്രമാണ് പോലീസില്‍ പരാതിനല്‍കിയത്.
ഈ പരാതി സ്റ്റേഷനില്‍ നിലനില്‍ക്കെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ സിദ്ധാശ്രമത്തിനു സമീപംവെച്ച് രണ്ടു സ്ത്രീകളെ ഇയാള്‍ കയറിപ്പിടിച്ചത്. തുടര്‍ന്ന് സമീപത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു. റൂറല്‍ എസ്.പി. താമസിക്കുന്ന സ്ഥലത്തിനുസമീപമാണ് സംഭവം നടന്നത്.
പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അതിക്രമത്തിനിരയായ സ്ത്രീകള്‍ ആദ്യം പരാതിയുണ്ടെന്ന് പറയുകയും പിന്നീട് പിന്‍വാങ്ങുകയും ചെയ്തു. എന്നാല്‍, നേരത്തേ പരാതി നല്‍കിയ പെണ്‍കുട്ടി വിവരമറിഞ്ഞ് സ്റ്റേഷനിലെത്തി ഇയാളെ തിരിച്ചറിഞ്ഞു. ഇയാളുടെ സ്‌കൂട്ടര്‍ നമ്പർ ഉള്‍പ്പെടെയാണ് പെണ്‍കുട്ടി പരാതിനല്‍കിയത്. സ്‌കൂട്ടറിലെത്തിയാണ് ഇയാള്‍ സ്ത്രീകളെ കയറിപ്പിടിക്കുന്നത്. ഇതോടെ പോലീസിന് കേസെടുക്കേണ്ടിവന്നു.
പുലര്‍ച്ചെ 5.45-ന് തീവണ്ടിയില്‍ പോകാന്‍വേണ്ടി മേമുണ്ടയിലേക്ക് നടക്കുന്നതിനിടെയാണ് സ്‌കൂട്ടറില്‍ എത്തിയ യുവാവ് പെണ്‍കുട്ടിയെ കയറിപ്പിടിച്ചത്. അന്നുതന്നെ പോലീസില്‍ പരാതിനല്‍കി. മറ്റൊരുദിവസം പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പുലര്‍ച്ചെ ഇയാളെ കാത്തിരുന്നെങ്കിലും അന്നും അതിക്രമം നടത്തി ഇയാള്‍ രക്ഷപ്പെട്ടു. സ്‌കൂട്ടര്‍ സ്ത്രീകളുടെ സമീപത്തായി നിര്‍ത്തിയശേഷമാണ് കൈയേറ്റം.
https://www.facebook.com/Malayalivartha