കേരളത്തില്‍ നോക്കുകൂലി അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കു പിന്നാലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നോക്കുകൂലിത്തര്‍ക്കം; ക്രെയിന്‍ ഉപയോഗിച്ച് ഇറക്കുന്ന കേബിളിന് നോക്കു കൂലിയായി തൊഴിലാളികള്‍ ആവശ്യപ്പെട്ടത്

വിമാനത്താവളത്തില്‍ നോക്കുകൂലി തര്‍ക്കം. ക്രെയിന്‍ ഉപയോഗിച്ച് ഇറക്കുന്ന കേബിളിന് നോക്കുകൂലിയായി തൊഴിലാളികള്‍ ആവശ്യപ്പെട്ടത് 30000 രൂപ. തിരുവനന്തപുരം വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലില്‍ ആയിരുന്നു സംഭവം.
തര്‍ക്കത്തെ തുടര്‍ന്ന് ലോറിയില്‍നിന്ന് കേബിളുകള്‍ ഇറക്കുന്നത് മണിക്കൂറുകളോളം തടസ്സപ്പെട്ടു. തൊഴിലാളികള്‍ ഇറക്കിയാല്‍ കേടുപാടുകള്‍ സംഭവിക്കുമെന്നതിനാല്‍ ക്രെയിന്‍ ഉപയോഗിച്ച് ഇറക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് കേബിള്‍ കൊണ്ടുവന്ന സ്വകാര്യ കമ്പനിയുടെ നിലപാട്.
നോക്കുകൂലിയായി ആദ്യം മുപ്പതിനായിരം രൂപയും പിന്നീട് ഇരുപതിനായിരം രൂപയും തൊഴിലാളികള്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും കമ്പനി പ്രതിനിധികള്‍ പറഞ്ഞു. സംഭവം വാര്‍ത്തയായതോടെ ലേബര്‍ ഓഫീസര്‍ വിഷയത്തില്‍ തീരുമാനമെടുക്കട്ടെ എന്ന നിലപാടിലേക്ക് എത്തുകയായിരുന്നു. കേരളത്തില്‍ നോക്കുകൂലി അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ഇന്നത്തെ സംഭവം.
https://www.facebook.com/Malayalivartha

























