അതിർത്തി ഗ്രാമങ്ങളിൽ പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്നു; തുടർന്ന് തൂങ്ങി മരിക്കുന്നു... ആരുമറിയുന്നില്ല ആ വേദന

പാലക്കാട് ജില്ലയിലെ അതിർത്തിഗ്രാമങ്ങളിൽ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്യുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ എണ്ണം വർധിക്കുന്നു. വാളയാറിൽ കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച പെൺകുട്ടി പീഡനത്തിന് ഇരയായിരുന്നു എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
പതിനൊന്നും ഒൻപതും വയസുള്ള രണ്ട് പെൺകുട്ടികൾ കഴിഞ്ഞ വർഷമാണ് വാളയാറിൽ തൂങ്ങി മരിച്ചത്. ഇരുവരും ലൈംഗിക പീഡനത്തിന് ഇരയായിരുന്നു എന്ന് പോലീസ് പിന്നീട് കണ്ടെത്തി. തൂങ്ങി മരിച്ച നിലയിലാണ് പെൺകുട്ടികളെ കണ്ടെത്തിയതെങ്കിലും അവരെ കൊന്നതാണെന്ന സംശയവും പോലീസിനുണ്ട്.
ഇത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് പതിനാറുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച കുട്ടിയും പീഡനത്തിന് ഇരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.
നിർദ്ധനരായ പെൺകുട്ടികളാണ് വാളയാറിൽ പീഡനത്തിന് ഇരയാകുന്നത്. ഇത്തരം പെൺകുട്ടികളുടെ വീട്ടുകാർ അനുഭവിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്. പല വീട്ടിലും മാതാപിതാക്കൾ ലഹരിക്ക് അടിമയാണ്. ബന്ധുക്കളുടെയും മറ്റും സഹായത്തോടെയാണ് അതിർത്തിഗ്രാമങ്ങളിലെ വീട്ടുകാർ ജീവിക്കുന്നത്. ലഹരിക്ക് അടിമയായ പുരുഷൻ ഭാര്യയെയും മക്കളെയും ക്രൂരമായി പീഡിപ്പിക്കുന്ന സംഭവങ്ങളും കുറവല്ല. ഒരു നേരത്തെ ആഹാരത്തിനു പോലും ബുദ്ധിമുട്ടുന്ന കുടുംബങ്ങൾ വാളയാറിലുണ്ട്.
അടച്ചുറപ്പുള്ള ഒരു വീട് പോലും വാളയാറിലുള്ള പല കുടുംബങ്ങൾക്കുമില്ല. പലരും തള്ളിയാൽ തുറക്കുന്ന വീടുകളിലാണ് താമസം. വീടിനുള്ളിലോ പരിസരത്തോ ശുറി മുറികളില്ല. അർദ്ധരാത്രിയിൽ പെൺകുട്ടികൾക്ക് മൂത്രശങ്കയുണ്ടായാൽ പോലും തീർന്നു കാര്യങ്ങൾ. കൂടുതലും പട്ടികജാതി, പട്ടികവർഗ്ഗ കുടുംബങ്ങളാണ് വാളയാറിലുള്ളത്. സംസ്ഥാന പട്ടികജാതി പട്ടിക വർഗ്ഗ മന്ത്രി പാലക്കാട് സ്വദേശിയാണ്. പട്ടിക വർഗ ക്ഷേമത്തിനായി സർക്കാർ നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെങ്കിലും അതിന്റെ ഗുണഫലം യഥാർത്ഥ ഉപഭോക്താക്കൾക്ക് ലഭിക്കുന്നില്ല.
മിച്ചഭൂമിയിലാണ് പല കുടുംബങ്ങളും താമസിക്കുന്നത്. ഇവർക്ക് പട്ടയം ലഭിച്ചിട്ടില്ല. പട്ടയം ലഭിച്ചിട്ടുണ്ടെങ്കിൽ ചൂഷണം അതു വഴിയും വരും. പട്ടയം ലഭിച്ചവരുടെ ഭൂമി കവർന്നെടുക്കാൻ പണം എറിഞ്ഞെത്തുന്ന അന്യദേശക്കാർ ധാരാളമുണ്ട്. അവർ നിസാര തുകയും കഞ്ചാവും നൽകി പെൺകുട്ടികളുടെ മാനം കവരുന്നു. അതിർത്തികളിൽ കഞ്ചാവും മദ്യവും ഉപയോഗിക്കുന്ന പെൺകുട്ടികളുണ്ട്. ഇവർക്ക് സ്കൂൾ വിദ്യാഭ്യാസം പോലും ലഭിക്കാറില്ല. പലരും നിരക്ഷരരുമാണ്. ഇതാണ് പെൺകുട്ടികളെ ദുരുപയോഗം ചെയ്യാനുള്ള ഒരു കാരണം.
ഇത് പാലക്കാട്ടെ കാര്യം. വയനാട്ടിലും ഇടുക്കിയിലും നൂറുകണക്കിന് പെൺകുട്ടികൾ ഇത്തരക്കാരുടെ വലയിൽ അകപ്പെടാറുണ്ട്. അവർ ആത്മഹത്യ ചെയ്യാത്തതു കൊണ്ടു മാത്രം ആരും അറിയുന്നില്ല. എല്ലാം ശരിയാക്കിത്തരാം എന്ന് പറയുന്ന സർക്കാർ പോലും ഇവരുടെ വേദന അറിയുന്നില്ല.
https://www.facebook.com/Malayalivartha























