മാലാഖമാരുടെ പോരാട്ടത്തിന് വിജയം കണ്ടു; ശമ്പളം പരിഷ്കരിച്ച് ലേബർ കമ്മിഷണർ വിജ്ഞാപനമിറക്കി

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം പരിഷ്കരിച്ച് ലേബർ കമ്മിഷണർ വിജ്ഞാപനം പുറപ്പെടുവിച്ചതായി റിപ്പോർട്ടുകൾ. വിജ്ഞാപനപ്രകാരം എല്ലാ സ്വകാര്യ ആശുപത്രികളിലെയും നഴ്സുമാർക്ക് 20,000 രൂപയാണ് അടിസ്ഥാന ശമ്പളമായി നൽകുക.
ജനറൽ, ബിഎസ് സി നഴ്സുമാർക്കായിരിക്കും ഈ ശമ്പളം ലഭിക്കുക. പത്തു വർഷം സർവീസുള്ള എഎൻഎം നഴ്സുമാർക്കും 20,000 രൂപ വേതനമായി ലഭിക്കും. ഡിഎ, ഇൻക്രിമെന്റ്, വെയ്റ്റേജ് എന്നീ ആനുകൂല്യങ്ങൾ എല്ലാവർക്കും ലഭിക്കുമെങ്കിലും ഉപദേശക സമിതി റിപ്പോർട്ട് അനുസരിച്ച് പുറത്തിറക്കിയിട്ടുള്ള വിജ്ഞാപനത്തിൽ അലവൻസുകൾ ഒഴിവാക്കിയിട്ടുണ്ട്.
സെക്രട്ടേറിയറ്റിലേക്കു ലോംഗ് മാർച്ച് നടത്തിയുള്ള നഴ്സുമാരുടെ സമരം ഒഴിവാക്കുന്നതിന്റെ ഭാഗമായാണു തിരക്കിട്ടു വിജ്ഞാപനം പുറത്തിറക്കിയത്. അതേസമയം, വിജ്ഞാപനം പരിശോധിച്ചശേഷം ചൊവ്വാഴ്ചത്തെ പണിമുടക്കു പിൻവലിക്കുന്നതിനെക്കുറിച്ചു തീരുമാനിക്കുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
സുപ്രീം കോടതി നിർദേശം അനുസരിച്ച് വേതന വർധനവ് നടപ്പാക്കണമെന്നും അലവൻസ് നിരക്കുകൾ കുറയ്ക്കരുതെന്നുമാണ് നിയമസെക്രട്ടറിയുടെ നിലപാട്. ഈ നിലപാട് തള്ളിയാണ് ഇപ്പോൾ വിജ്ഞാപനം പുറത്തിറക്കിയത്. അലവൻസ് നിരക്കുകൾ കുറയ്ക്കണമെന്നായിരുന്നു ഉപദേശക സമിതി നൽകിയ ശുപാർശ.
https://www.facebook.com/Malayalivartha






















