കളി വിദ്യാര്‍ത്ഥികളോട് വേണ്ട; വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിച്ചില്ലെങ്കില്‍ ബസ് നിരത്തിലിറക്കില്ലെന്ന് എഐഎസ്എഫിന്റെ വെല്ലുവിളി

ജൂണ്‍ ഒന്നു മുതല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സഷന്‍ യാത്ര നിര്‍ത്തലാക്കിയാല്‍ ഒരു സ്വകാര്യബസും നിരത്തിലിറക്കില്ലെന്ന് എഐഎസ്എഫ്. വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്ന കണ്‍സഷന്‍ നിര്‍ത്തലാക്കി മുഴുവന്‍ ചാര്‍ജും ഈടാക്കുമെന്നുള്ള ബസുടമകളുടെ കമ്മിറ്റി യോഗ തീരുമാനം ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് എഐഎസ്എഫ് സെക്രട്ടറി ശുഭേഷ് സുധാകരന്‍ വ്യക്തമാക്കി. ബസുടമകള്‍ തീരുമാനവുമായി മുന്നോട്ട് പോകുകയാണെങ്കില്‍ കടുത്ത പ്രതിഷേധങ്ങള്‍ കേരളത്തില്‍ അരങ്ങേറും.
സംസ്ഥാനത്ത് സ്വകാര്യ ബസിന്റെ സര്‍വ്വീസുകള്‍ നിര്‍ത്തലാക്കുന്ന തരത്തില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നാണ് എഐഎസ്എഫ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. കണ്‍സഷന്‍ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും വിദ്യാര്‍ത്ഥി കണ്‍സഷന്‍ നിലപാടില്‍ ഉടമകള്‍ക്ക് മാറ്റമില്ലങ്കില്‍ ബസ്സുകളുടെ പെര്‍മിറ്റ് റദ്ദാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. അനിയന്ത്രിതമായി ഇന്ധന വില ഉയര്‍ന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ യാത്ര ജൂണ്‍ ഒന്ന് മുതല്‍ നിര്‍ത്തലാക്കാന്‍ ബസുടമകളുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗമാണ് തീരുമാനിച്ചിരിക്കുന്നത്.
വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്റെ പണം സര്‍ക്കാര്‍ സബ്‌സിഡിയായി ബസുടമകള്‍ക്കു നല്‍കുക, ഇന്ധന വില കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു മേയ് എട്ടിനു സെക്രട്ടേറിയറ്റിനു മുന്നില്‍ 24 മണിക്കൂര്‍ നിരാഹാര സമരം നടത്തും. 1966ലെ ഹൈക്കോടതി ഉത്തരവ് അനുസരിച്ചു വിദ്യാര്‍ഥികള്‍ക്കു ബസുകളില്‍ കണ്‍സഷന്‍ കൊടുക്കേണ്ടതില്ലെന്നു ബസുടമകള്‍ പറഞ്ഞു. ഒരു ബസില്‍ രണ്ട് തരത്തിലുള്ള നിരക്ക് നിശ്ചയിക്കാന്‍ സര്‍ക്കാരിനു അധികാരമില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























