ലിഗ കൊല്ലപ്പെടുന്നതിന് തൊട്ടുമുൻപ് അമിതമായ അളവില്‍ ലഹരി വസ്തുക്കള്‍ ശരീരത്തിലെത്തിയിരുന്നു... ലീഗയുടെ മരണത്തിൽ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ നിന്നും പുറത്തവരുന്നത് കൂടുതൽ വിവരങ്ങൾ ...

ദുരൂഹ സാഹചര്യത്തിൽ കോവളത്തെ കണ്ടല്‍ക്കാടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വിദേശ വനിത ലിഗ കൊല്ലപ്പെടുന്നതിന് തൊട്ടുമുൻപ് അമിതമായ അളവില്‍ ലഹരി വസ്തുക്കള്‍ ശരീരത്തിലെത്തിയിരുന്നുവെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ എന്ത് വസ്തുവാണ് ശരീരത്തിലെത്തിയതെന്ന് വ്യക്തമല്ല. രാസപരിശോധന ഫലം ലഭിച്ചാല്‍ മാത്രമേ ശരീരത്തിലെത്തിയ വസ്തുവെന്താണെന്നതില് വ്യക്തത ലഭിക്കൂ.
ലിഗയുടെ കഴുത്തിലെ ഞരമ്പുകൾ വിട്ടുമാറിയ നിലയിലാണ് കാണപ്പെട്ടതെന്ന് റിപ്പോര്‍ട്ടിലുണ്ട്. അക്രമത്തിലോ വീഴ്ചയിലോ സംഭവിച്ചതാകാമെന്നാണ് നിഗമനം. ഇരുകാലുകള്‍ക്കും ഒരേ രീതിയില്‍ മുറിവേറ്റിട്ടുമുണ്ട്. തലച്ചോറിൽ രക്തം കട്ടപിടിച്ചിരുന്നു. ഇടുപ്പെല്ലിന് ക്ഷതമേറ്റിരുന്നു. എന്നാല്‍ ബലാത്സംഗ ശ്രമം നടന്നതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥീരീകരിക്കാനായിട്ടില്ല. അന്തിമ റിപ്പോര്‍ട്ട് ഇന്ന് വൈകുന്നേരത്തിനുള്ളില്‍ പോലീസിന് കൈമാറുമെന്നാണ് സൂചന.
ലാത്വിയന്‍ സ്വദേശിയായിരുന്ന ലിഗ ചികിത്സാര്‍ഥമാണ് കേരളത്തിലെത്തിയത്. ചികിത്സയിലിരിക്കെ കാണാതായ ഇവരെ മാസങ്ങള്‍ക്ക് ശേഷം കോവളത്തെ കണ്ടല്‍ക്കാട്ടിനുള്ളില്‍ മരിച്ച് അഴുകിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ ലിഗയുടെത് കൊലപാതകമാണെന്നതിന് പൊലീസിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ലിഗയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടിലുള്ളത്.
ഇതിന്റെ പകര്‍പ്പ് സഹോദരി ഇല്സിക്കും കൈമാറിയിട്ടുണ്ട്. കോവളത്തെ ടൂറിസ്റ്റ് ഗൈഡും യോഗ അധ്യാപകനുമായ യുവാവാണ് കേസിലെ മുഖ്യപ്രതിയെന്നാണ് വിവരം. കൊലപാതകത്തില്‍ സഹായിച്ച നാലോളം പേരുടെ അറസ്റ്റ് രണ്ടുദിവസത്തിനുള്ളില്‍ ഉണ്ടാകും.
വള്ളിപ്പടര്‍പ്പുകളില്‍നിന്ന് ലഭിച്ച സ്രവം പ്രതികളുടേതാണെന്ന് ഉന്നതതല മെഡിക്കല്‍ ബോര്‍ഡ് വെള്ളിയാഴ്ച രാത്രിയോടെയാണ് സ്ഥിരീകരിച്ചത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ഉപയോഗിച്ചെന്ന് സംശയിക്കുന്ന വള്ളിയില്‍നിന്നും നിര്‍ണായക തെളിവുകള്‍ ലഭിച്ചിരുന്നു. ഇതിന്റെ ശാസ്ത്രീയ പരിശോധനാ ഫലവും കൂടി ലഭിക്കുന്നതോടെ അറസ്റ്റ് രേഖപ്പെടുത്തും.
https://www.facebook.com/Malayalivartha

























