കണ്ണൂര്‍ തില്ലങ്കേരിയില്‍ കൈതച്ചാമുണ്ഡി തെയ്യം രണ്ട് പേരെ വെട്ടി; ഇതോടെ സി.പി.എം - ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

തെയ്യത്തിന്റെ പേരില്‍ കണ്ണൂരില്‍ രാഷ്ട്രീയ സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആകാശ് തില്ലങ്കരിയുടെ വീടിനടുത്താണ് സംഭവം. ഉറഞ്ഞാടിയ തെയ്യം രണ്ട് സി.പി.എം അനുഭാവികളെ വെട്ടിപ്പരിക്കേല്‍പ്പിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതിനിടെ തെയ്യക്കാരന്‍ കാഴ്ചക്കാരില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി ചവിട്ടിപ്പൊട്ടിക്കുകയും ചെയ്തു. ഇരിട്ടി തില്ലങ്കേരി പാടിക്കച്ചാല്‍ ഇയ്യമ്പോട് വയല്‍ത്തിറ മഹോത്സവത്തിനിടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഇതോടെ കൈതച്ചാമുണ്ഡി തെയ്യം കെട്ടിയാടിയ ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബി.ജെ.പി പ്രവര്‍ത്തകര്‍ അത് ചോദ്യം ചെയ്തു.
രൗദ്രഭാവത്തില്‍ കെട്ടിയാടിയ കൈതച്ചാമുണ്ഡി തെയ്യം കൈത വെട്ടാന്‍ പോകുന്ന ചടങ്ങിനിടെയാണ് വഴിയരികില്‍ ഫോണ്‍ ചെയ്തു നിന്നയാളുടെ മൊബൈല്‍ പിടിച്ചുവാങ്ങി ചവിട്ടിപ്പൊട്ടിച്ചത്. ശേഷം കാഴ്ചക്കാരനായ സുനില്‍കുമാറിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. കൂടാതെ ഉത്തമന്‍ എന്ന യുവാവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഞരമ്പ് മുറിഞ്ഞ സുനിലിനെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തമന്റെ പരിക്ക് അത്ര കാര്യമുള്ളതല്ല. സ്ഥലത്തെത്തിയ മുഴക്കുന്ന് എസ്.ഐ: പി. രാജേഷാണ് കോലക്കാരന്‍ ബൈജുവിനെ കസ്റ്റഡിയിലെടുത്തത്. കോലം അഴിച്ചശേഷമായിരുന്നു നടപടി. തെയ്യം കെട്ടിയ ബൈജു മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാരില്‍ ചിലര്‍ ആരോപിച്ചു.
ഇതോടെ നാട്ടുകാരും തെയ്യക്കാരും തമ്മിലുണ്ടായ വാക്ക്തര്‍ക്കം കൈയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. തെയ്യം കലാകാരന്റെ ആക്രമണത്തെ സി.പി.എം പ്രവര്‍ത്തകര്‍ ചോദ്യംചെയ്തു. തെയ്യം ഉറയുമ്പോള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ മനഃപൂര്‍വമല്ലെന്ന് ബി.ജെ.പി. പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഇരുവിഭാഗവും ഏറ്റുമുട്ടിയത്. ബി.ജെ.പിക്കാരനായ പ്രസാദിനെ മര്‍ദ്ദിച്ചതിന് കണ്ടാലറിയുന്ന മൂന്നുപേര്‍ക്കെതിരേ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തെയ്യം ആളുകള്‍ക്കു നേരെ പാഞ്ഞടുക്കുന്നതും വാളോങ്ങുന്നതും സ്ത്രീകളും കുട്ടികളുമടക്കം അലറിക്കരഞ്ഞ് നാല് വഴിക്ക് ഓടുന്നതും നാട്ടുകാര്‍ പകര്‍ത്തിയ വീഡിയോയിലുണ്ട്. കൈതച്ചാമുണ്ടി തെയ്യം രൗദ്രഭാവം പൂണ്ടതിനാല്‍ ആരും അടുത്ത് പോകരുതെന്ന് അമ്പലക്കമ്മിറ്റിക്കാര്‍ മൈക്കിലൂടെ അറിയിപ്പ് നല്‍കിയിരുന്നു. അത് മറികടന്ന് ചിലര്‍ പോയതാണ് സംഭവം വഷളാക്കിയതെന്ന് കമ്മിറ്റിക്കാര്‍ പറയുന്നു.അവസാനം പരുക്കേറ്റവരുടെ ചികിത്സാച്ചെലവ് ക്ഷേത്രക്കമ്മിറ്റിയും തെയ്യക്കോലം കെട്ടിയ ബൈജുവും ഏറ്റെടുത്തതോടെയാണ് പ്രശ്‌നങ്ങള്‍ രമ്യമായി അവസാനിച്ചു.
https://www.facebook.com/Malayalivartha

























