വിനോദ സഞ്ചാരികൾക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ നീലകുറിഞ്ഞികൾ പൂക്കുന്നു; ഓഗസ്റ്റ് മുതല്‍ 'നീലക്കുറിഞ്ഞി' കാണാം

ഇടുക്കി തൊടുപുഴയിൽ നീലക്കുറിഞ്ഞി പൂക്കുന്ന ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ വിനോദ സഞ്ചാരികള്‍ക്കായി മൂന്നാറില്‍ വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ ജി.ആര്‍ ഗോകുല്‍. ഇതിനായി തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചുള്ള നടപടികള്‍ ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാറില്‍ നടപ്പാക്കുന്ന ക്രമീകരണങ്ങളുടെ വിലയിരുത്തലിന് കളക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൈവവൈവിധ്യം സംരക്ഷിച്ചുകൊണ്ട് സഞ്ചാരികള്‍ക്ക് ഏറ്റവും സുഗമമായി കുറിഞ്ഞിപൂക്കള്‍ കാണാനുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ യോഗത്തില്‍ വിശദമായി ചര്‍ച്ചചെയ്തു കൂടുതല്‍ കുറ്റമറ്റതാക്കി. അടുത്തമാസം സംസ്ഥാനതലത്തില്‍ യോഗം ചേര്‍ന്ന് ക്രമീകരണങ്ങളുടെ പുരോഗതി വിലയിരുത്തും. ജൂണില്‍ ക്രമീകരണങ്ങളുടെ ട്രയല്‍ ആരംഭിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജില്ലാ ഭരണകൂടം, ടൂറിസം വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ എല്ലാ വകുപ്പുകളുടെയും ഏകോപിത പ്രവര്‍ത്തനത്തിലൂടെയാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. 12 വര്‍ഷം മുമ്പുള്ള നീലക്കുറിഞ്ഞി സീസണില്‍ മൂന്നര ലക്ഷം ആളുകളാണ് എത്തിയത്. ഇക്കുറി അത് എട്ട് ലക്ഷമായി ഉയരുമെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha

























