ഫാ. സേവ്യര്‍ തേലക്കാട്ടിനെ കൊലപ്പെടുത്തിയ കപ്യാര്‍ ജോണിക്ക് തെളിവെടുപ്പിനിടെ ചായയും പലഹാരങ്ങളും നല്‍കാന്‍ അനുമതി തേടി നാട്ടുകാർ; കൊലയില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് കപ്യാർ: കുറ്റപത്രം ഉടന്‍

മലയാറ്റൂര്‍ കുരിശുപള്ളി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിനെ കുത്തിക്കൊന്ന കേസില്‍ കപ്യാര്‍ ജോണിക്കെതിരെ ഉടന്‍ കുറ്റപത്രം നല്‍കും. അച്ഛന്റെ കൊലപാതകം ജോണിയുടെ മാത്രം തീരുമാനമായിരുന്നുവെന്ന് കണ്ടെത്തിയ പോലീസ് കൊലപാതകത്തിലെ ഗൂഡാലോചന സാധ്യത തള്ളി.
പള്ളിയിലെ മറ്റു ചിലര്‍ക്കും കൊലയില്‍ പങ്കുള്ളതായി മൊഴി ലഭിച്ചെങ്കിലും പോലീസ് അന്വേഷണത്തില്‍ അത്തരം സൂചനകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. അച്ഛനെതിരായ ജോണിയുടെ നീക്കത്തിനു പിന്നില്‍ മുന്‍വൈരാഗ്യം മാത്രമാണുള്ളതെന്നും കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും പോലീസ് സ്ഥിരീകരിച്ചു.
താനില്ലെങ്കില്‍ അച്ഛനും പെരുന്നാള്‍ കൂടേണ്ടെന്ന് മനസ്സിലുറച്ച് വീട്ടില്‍ നിന്നും കത്തിയെടുത്താണ് ജോണി പുറപ്പെട്ടത്. എന്നാല്‍, ഇത് തടഞ്ഞ ഭാര്യ കത്തി പിടിച്ചു വാങ്ങി. തുടര്‍ന്ന് പള്ളി സ്റ്റാളില്‍ നിന്നെടുത്ത ആയുധം കൊണ്ടാണ് ജോണി ഫാ.സേവ്യര്‍ തേലക്കാട്ടിനെ കുത്തിയത്. ഇനി ചിലപ്പോഴേ നേരില്‍ കാണുകയുള്ളൂ എന്നും കണ്ടാല്‍ തന്നെ അത് ജയിലില്‍ വെച്ചാകുമെന്നും ഭാര്യയോട് പറഞ്ഞശേഷമാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. സ്വര്‍ണ്ണമാലയും ഉപയോഗിച്ചിരുന്ന മൊബൈലും ഭാര്യയെ ഏല്‍പ്പിച്ച്, ഇന്ന് എല്ലാം തീര്‍ക്കും എന്നും പറഞ്ഞായിരുന്നു പോയത്.
ക്രൂരകൃത്യം ചെയ്തിട്ടും ജോണിയുടെ അവസ്ഥയില്‍ പരിതപിക്കുന്നവരാണ് പ്രദേശവാസികളില്‍ ഏറെയും എന്നത് കൗതുകമുണര്‍ത്തിയതായി പോലീസ് പറയുന്നു. പോലീസ് തെളിവെടുപ്പിനായി നാട്ടില്‍ എത്തിച്ചപ്പോള്‍ ജോണിക്ക് ചായയും പലഹാരങ്ങളും നല്‍കാന്‍ അനുമതി തേടി നിരവധിപ്പേരാണ് പോലീസുകാരെ സമീപിച്ചത്. തെളിവെടുപ്പില്‍ ജോണി പോലീസുമായി പൂര്‍ണ്ണമായും സഹകരിച്ചുവെന്നും പോലീസ് പറയുന്നു. കത്തിയെടുത്ത സ്റ്റാളും ആക്രമണ ശേഷം ഒളിച്ചു കഴിഞ്ഞ സ്ഥലവുമെല്ലാം ജോണി പോലീസിന് കാട്ടിക്കൊടുത്തു.
https://www.facebook.com/Malayalivartha

























