കുപ്പിവെള്ളത്തിന്റെ വില ലിറ്ററിന് 12 രൂപയായി നിജപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ്

കുപ്പിവെള്ളത്തിന്റെ വില ലിറ്ററിന് 12 രൂപയായി നിജപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടു വരും. സംസ്ഥാനത്ത് എപ്രില്‍ രണ്ടു മുതല്‍ ഒരു ലിറ്റര്‍ കുടിവെള്ളം 12 രൂപയ്ക്കു വില്‍ക്കാന്‍ കുടിവെള്ള നിര്‍മ്മാണ കമ്പനികള്‍ (മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷന്‍) തീരുമാനിച്ചിരുന്നു. എന്നാല്‍ ആ തീരുമാനം വിതരണക്കാരും വ്യാപാരികളും ചേര്‍ന്ന് അട്ടിമറിക്കുകയായിരുന്നു. 20 രൂപയ്ക്കാണ് ഇപ്പോഴും ഒരു ലിറ്റര്‍ വെള്ളം വില്‍ക്കുന്നത്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയമം മൂലം കുപ്പിവെള്ളത്തിന്റെ വില നിയന്ത്രിക്കാന്‍ തീരുമാനിച്ചത്.
12 രൂപയ്ക്കു വിറ്റാല്‍ ലാഭം കുറയുമെന്ന് ചൂണ്ടിക്കാട്ടിയാണ് വ്യാപാരികള്‍ മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷന്റെ തീരുമാനത്തെ അംഗീകരിക്കാന്‍ തയ്യാറാകാതിരുന്നത്. വില കുറച്ചതായി രേഖപ്പെടുത്തിയ കുപ്പിവെള്ളം കടകളില്‍ എത്തിച്ചിട്ടും വ്യാപാരികള്‍ വില കുറച്ചില്ല. മാത്രമല്ല, വില കുറവ് രേഖപ്പെടുത്തിയ കമ്പനികളെ ഒഴിവാക്കി 20 രൂപ രേഖപ്പെടുത്തിയ ബഹുരാഷ്ട്ര കമ്പനികളുടെ വെള്ളം വില്‍ക്കാന്‍ വ്യാപാരികള്‍ താത്പര്യം കാണിച്ചു. ഇതോടെ വില കുറയ്ക്കാന്‍ തീരുമാനിച്ച കമ്പനികളുടെ കച്ചവടം കുറഞ്ഞു.
തുടര്‍ന്ന് കുപ്പിവെള്ള നിര്‍മ്മാതാക്കളുടെ സംഘടനയായ കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷന്‍ വിപണിയിലെ പ്രതിസന്ധി മന്ത്രി പി.തിലോത്തമനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് നിയമം മൂലം വില നിയന്ത്രിക്കാന്‍ തീരുമാനമുണ്ടാകുന്നത്. ഇപ്പോള്‍ നിലിവിലുള്ള എസന്‍ഷ്യല്‍ ആര്‍ട്ടിക്കിള്‍ കണ്‍ട്രോള്‍ ആക്ടില്‍ കുപ്പിവെള്ളത്തിന്റെ വില കൂടി ഉള്‍പ്പെടുത്തി ഓര്‍ഡിനന്‍സ് പുറുപ്പെടുവിക്കാനാണ് തീരുമാനം.
105 കമ്പനികള്‍ അംഗങ്ങളായുള്ള കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷന്‍ ജനറല്‍ബോഡി യോഗമാണ് വില കുറയ്ക്കാന്‍ തീരുമാനിച്ചത്. കേരളത്തില്‍ ആകെ 154 കുപ്പിവെള്ള കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അസോസിയേഷനില്‍ അംഗങ്ങളല്ലാത്തവര്‍ വില കുറയ്ക്കാന്‍ തയ്യാറല്ല. പ്രതിവര്‍ഷം 40 ലക്ഷം മുതല്‍ ഒരു കോടിയുടെ വരെ കുടിവെള്ള കച്ചവടം നടത്തുന്ന കമ്പനികളുണ്ട്.
ഒരു കെയ്‌സ് കുപ്പിവെള്ളം (ഒരു ലിറ്ററിന്റെ 12 കുപ്പി) കമ്പനികള്‍ 90 രൂപയ്ക്കാണ് (കുപ്പിയൊന്നിന് 7.50 രൂപ) വിതരണക്കാര്‍ക്കു കൈമാറുന്നത്. ഇവര്‍ 100 രൂപയ്ക്ക് കടകളിലെത്തിക്കുന്നു. എട്ട് എട്ടര രൂപയ്ക്ക് കടക്കാര്‍ക്ക് കിട്ടുന്ന കുപ്പിവെള്ളം 20 രൂപയ്ക്കാണ് വില്‍ക്കുന്നത്. 11.50 രൂപയാണ് ഒരു കുപ്പിയിലെ ലാഭം. 12 രൂപയ്ക്ക് വില്പന നടത്തിയാല്‍ ലാഭം മൂന്നര രൂപയായി കുറയും.
പ്രകൃതിദത്തമായ കുടിവെള്ള അധികം പ്രക്രീയകളൊന്നുമില്ലാതെ ശുദ്ധീകരിച്ച് കുപ്പിയിലാക്കുകയാണ് ചെയ്യുന്നത്. ലിറ്ററിന് 20 രൂപ ഈടാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് നിയമം മൂലം വില നിയന്ത്രിക്കാന്‍ തീരുമാനിച്ചത്
https://www.facebook.com/Malayalivartha

























