സ്വകാര്യ വ്യക്തിയിൽ നിന്ന് ഭൂമി വാങ്ങി; തട്ടിപ്പിനിരയായ വൃദ്ധദമ്പതിമാര്‍ക്ക് ഭീഷണിയും നരകജീവിതവും

ഇടുക്കി ചെറുതോണിയിൽ പട്ടികജാതി വൃദ്ധദമ്പതിമാരില്‍നിന്ന് പണം വാങ്ങി സ്വകാര്യവ്യക്തി ഭൂമികൈമാറ്റത്തട്ടിപ്പ് നടത്തിയതായി പരാതി. വാര്‍ധക്യകാലത്ത് ആശുപത്രിയില്‍ പോയിവരാന്‍ വഴിയരികില്‍ ഒരു കിടപ്പാടം എന്ന ആഗ്രഹത്തോടെയാണ് ചേലച്ചുവട് കല്ലുകാലയില്‍ തങ്കപ്പന്‍(85), ഭാര്യ ചിന്നമ്മ(75)യും കൂലിപ്പണിചെയ്ത് സ്വരൂപിച്ച പണം നല്‍കി നാല് സെന്റ് സ്ഥലം വാങ്ങിയത്.
കഞ്ഞിക്കുഴി പഞ്ചായത്തില്‍ അഞ്ചാംവാര്‍ഡില്‍ ഇടുക്കി-നേര്യമംഗലം റോഡരികില്‍ നാല് സെന്റ് പട്ടയ സ്ഥലവും അതില്‍ 33 നംമ്പറിൽ കുടിലും സ്വകാര്യ വ്യക്തിയില്‍നിന്ന് 2003-ല്‍ വാങ്ങി. അഞ്ച് പെണ്‍മക്കളാണ് ഇവര്‍ക്ക്. മക്കള്‍ എല്ലാം വിവാഹിതരായി. മൂന്നാമത്തെ മകളെ വിവാഹം കഴിച്ചിരിക്കുന്നത് ബിഹാര്‍ സ്വദേശിയാണ്.
ഇവര്‍ക്ക് സ്വന്തമായി സ്ഥലം ഇല്ലാത്തതിനാല്‍ മരുമകന്റെ പേരിലാണ് സ്ഥലം വാങ്ങിയത്. പണം കൈപ്പറ്റിയതിന് ശേഷം സ്ഥല ഉടമ ഭൂമികൈമാറ്റ ഉടമ്പടി മുദ്രപ്പത്രത്തില്‍ എഴുതി തയ്യാറാക്കി. തുടര്‍ന്ന് തങ്കപ്പനും ഭാര്യയും വീട്ടില്‍ താമസം ആരംഭിച്ചു. എന്നാല്‍, തങ്കപ്പന് വിറ്റ സ്ഥലത്തിന് ഉള്‍പ്പെടെ ബാങ്ക് വായ്പ നിലനില്‍ക്കുന്നതിനാല്‍ സ്ഥലം ആധാരംചെയ്ത് നല്‍കിയില്ല. വായ്പ തീര്‍ത്തതിന് ശേഷം സ്ഥലം ആധാരംചെയ്തുനല്‍കാമെന്ന് ഉടമ്പടിയിൽ രേഖപ്പെടുത്തി. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ആധാരം ചെയ്തുനല്‍കിയില്ല.
ജില്ലാ കളക്ടര്‍, ആര്‍.ഡി.ഒ., പട്ടികവര്‍ഗ കമ്മിഷന്‍ തുടങ്ങിയ അധികാരികള്‍ക്ക് തങ്കപ്പന്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയെങ്കിലും നടപടിയായില്ല. ഷീറ്റ് മേഞ്ഞ കുടിലില്‍ കൊടുംചൂടില്‍ വെളിച്ചവും കാറ്റും ഇല്ലാതെ ഇവര്‍ യാതനകള്‍ അനുഭവിക്കുകയാണ്. സ്ഥലം ഒഴിഞ്ഞ് പോകണമെന്നാവശ്യപ്പെട്ട് സ്ഥലമുടമ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ തങ്കപ്പനെ സ്ഥലമുടമ റോഡില്‍ അടിച്ചുവീഴ്ത്തി മര്‍ദിച്ചതായും പരാതിയുണ്ട്.
https://www.facebook.com/Malayalivartha

























