ഇടുക്കി മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവത്തോടനുബന്ധിച്ച് ഭക്തരുടെ തിരക്ക് നിയന്ത്രിക്കാന്‍ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി

ഇടുക്കി കുമളിയിൽ മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവത്തിനെത്തുന്ന ഭക്തരുടെ തിരക്ക് നിയന്ത്രിക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. കുമളി പഞ്ചായത്ത് ബസ്സ്റ്റാന്‍ഡിലെ പൊതുവേദിക്ക് സമീപത്തുനിന്നാണ് മംഗളാദേവിയിലേക്കുള്ള ജീപ്പുകള്‍ പുറപ്പെടുന്നത്.
രാവിലെ 6 മുതല്‍ ജീപ്പുകള്‍ പുറപ്പെടും. ജീപ്പുകളില്‍ കയറുന്നതിന് ക്യൂ നില്‍ക്കാന്‍ ബാരിക്കേടുകള്‍ കെട്ടി ഉണ്ടാക്കിയിട്ടുണ്ട്. കുമളി പൊതുവേദിയില്‍നിന്ന് എസ്.ബി.ഐ.ക്ക് മുന്നിലൂടെ റോസാപ്പൂക്കണ്ടം ഭാഗത്തേക്കാണ് ബാരിക്കേടുകള്‍ സ്ഥാപിച്ചിരിക്കുന്നത്.ജീപ്പുകള്‍ ലഭിക്കുന്ന മുറയ്ക്ക് ഭക്തരെ ജീപ്പുകളില്‍ കയറ്റി മംഗളാ ദേവിയിലേക്ക് വിടുന്നതിനുള്ള ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കുമളി ബസ്സ്റ്റാന്‍ഡില്‍നിന്ന് പുറപ്പെടുന്ന ജീപ്പുകള്‍ തേക്കടി ബൈപ്പാസ് റോഡിലൂടെ അമ്ബാടി ജങ്ഷനിലെത്തി അവിടെനിന്ന് അമലാംബിക റോഡിലൂടെ മംഗളാദേവിയിലേക്ക് പോകണം. അമലാംബിക റോഡില്‍ വനത്തിലേക്ക് പ്രവേശിക്കുന്നിടത്ത് വനം വകുപ്പിന്റെ പ്ലാസ്റ്റിക് പരിശോധനയ്ക്കായി ജീപ്പുകള്‍ നിര്‍ത്തിക്കൊടുക്കണം. ഭക്തരുടെ കൈവശമുള്ള നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉള്‍പ്പെടെ എല്ലാ വസ്തുക്കളും ജീപ്പില്‍നിന്ന് നീക്കംചെയ്യും.
അവിടെനിന്ന് ഒരു കിലോമീറ്റര്‍ അകലെ കൊക്കര വനം വകുപ്പ് സ്റ്റേഷനുസമീപം ഭക്തര്‍ ജീപ്പില്‍നിന്നിറങ്ങി പോലീസിന്റെ ദേഹ പരിശോധനയ്ക്ക് വിധേയമാകണം. ഇവിടെ അഗ്നിശമന സേനയും ഉണ്ടാകും. അവിടെനിന്ന് കരടിക്കവല വഴി മംഗളാദേവിയിലെത്തുന്ന ഭക്തര്‍ പോലീസ് പരിശോധനയ്ക്ക് ശേഷം ക്ഷേത്രത്തിലേക്ക് പോകാം.
https://www.facebook.com/Malayalivartha

























