സ്ത്രീ സഞ്ചാരികൾക്ക് പ്രത്യേക സുരക്ഷയൊരുക്കാൻ വനിതാ ഗൈഡുമാർ; കല്യാണതണ്ട് ടൂറിസം മേഖലയിൽ എത്തുന്നവർക്ക് താങ്ങും തണലുമായി ഇനി ഇവർ ഉണ്ടാകും

ഇടുക്കി ചെറുതോണി കല്യാണത്തണ്ട് ടൂറിസം കേന്ദ്രത്തിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കു സുരക്ഷയൊരുക്കി കാല്‍വരി മൗണ്ട് വനസംരക്ഷണ സമിതിയിലെ വനിതകള്‍. വിനോദ സഞ്ചാരികളായ സ്‌ത്രീകള്‍ക്ക് ചില ടൂറിസ്‌റ്റു കേന്ദ്രങ്ങളില്‍ പോകാന്‍ ഭയവും ബുദ്ധിമുട്ടുമുള്ളവര്‍ക്ക് വേണ്ട എല്ലാ സഹായവും ചെയ്‌തുകൊടുക്കുകയാണ് ഈ വനിതകള്‍.
ആറു വനിതകളാണ് കല്യാണത്തണ്ട് ടൂറിസ്‌റ്റുകേന്ദത്തിലെത്തുന്ന സ്‌ത്രീകള്‍ക്കു താങ്ങും തണലുമായി പ്രവര്‍ത്തിക്കുന്നത്. മൂന്നുപേര്‍ വീതം എപ്പോഴും ഡ്യൂട്ടിയിലുണ്ട്. ഇതില്‍ ഒരാള്‍ വനംവകുപ്പിന്റെ വനിതാ ഫോറസ്‌റ്ററാണ്. രണ്ടുപേര്‍ വനസംരക്ഷണസമിതി അംഗങ്ങളും. ദിവസവും നൂറുകണക്കിനു വിനോദസഞ്ചാരികളാണ് ഇവിടം സന്ദര്‍ശിക്കാനെത്തുന്നത്.
പ്രകൃതിസുന്ദരമായ ഈ പ്രദേശത്തിന്റെ ഭംഗി ആവോളം നുകരാന്‍ എത്തുന്നവരുടെ സംശയങ്ങള്‍ക്ക് മറുപടിയും മറ്റ് സഹായങ്ങളും ഈ വനിതകള്‍ ചെയ്യുന്നുണ്ട്. സ്‌ത്രീകളെ അധിക്ഷേപിക്കാനും കമന്റടിക്കാനും ഭീഷണിപ്പെടുത്താനുമൊന്നും ഇവിടെ അനുവദിക്കില്ല. പെണ്‍കുട്ടികള്‍ക്ക് പ്രകൃതിരമണീയമായ ഈ മലഞ്ചെരിവുകള്‍ ചുറ്റിനടന്നു ധൈര്യപൂര്‍വം കാണാം. പരാതികള്‍ ഇവരെ അറിയിച്ചാല്‍ ആവശ്യമായ നടപടി സ്വീകരിക്കും.
ഇവിടെയെത്തുന്ന കൗമാരക്കാര്‍, അമ്മമാര്‍, പ്രായമുളള സ്‌ത്രീകള്‍ ഇവര്‍ക്കെല്ലാം ഇവര്‍ സഹായികളാണ്. അയ്യപ്പന്‍കോവില്‍ റേഞ്ചിന്റെ പരിധിയില്‍ വരുന്നതാണ് കാല്‍വരിമൗണ്ട് കല്യാണത്തണ്ട് ടൂറിസ്‌റ്റുകേന്ദ്രം. ദിവസം 400 പേര്‍ വീതം ഇവിടെ സന്ദര്‍ശിക്കാറുണ്ട്. മുതിര്‍ന്നവര്‍ക്ക് 20 രൂപയാണ് ഫീസ്. പത്തുവയസില്‍ താഴെയുളള കുട്ടികള്‍ക്കു സൗജന്യമാണ്. ചെറുതോണിയില്‍ നിന്നു 9 കിലോമീറ്ററും കട്ടപ്പനയില്‍ നിന്നു 16 കിലോമീറ്ററുമാണ് ദൂരം.
https://www.facebook.com/Malayalivartha


























