ഇടുക്കി ഹൈറേഞ്ചിന്റെ പ്രകാശ ഗോപുരം പ്രതിഷ്ഠാവാർഷിക നിറവിൽ; ലോകത്തെ ഏറ്റവും വലിയ ഗുരുദേവ കീർത്തി സ്തംഭമാണ് ഇത്

മതമൈത്രിയുടെ പ്രകാശഗോപുരമായി ഹൈറേഞ്ചിന്റെ അഭിമാനമായി കട്ടപ്പന നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ഗുരുദേവ കീർത്തിസ്തംഭത്തിന്റെ പ്രതിഷ്ഠാവാർഷികം ഇന്നും നാളെയും വിപുലമായ ചടങ്ങുകളോടെ നടക്കും. യുഗപ്രഭാവനായ ഭഗവാൻ ശ്രീനാരായണ ഗുരുദേവന്റെ ദിവ്യചൈതന്യത്തെ പ്രതിഷ്ഠിച്ചിട്ടുള്ള ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണ് കട്ടപ്പനയിലെ ഗുരുദേവ കീർത്തിസ്തംഭം.
ഗുരുവിന്റെ സർവ്വകാലികവും അനശ്വരവുമായ ദർശനമാണ് ഈ ക്ഷേത്രത്തിലൂടെ ലോകത്തിന് സമർപ്പിക്കപ്പെട്ടിട്ടുള്ളത്. ക്ഷേത്രത്തിൽ ഏകശിലയിൽ പ്രതിഷ്ഠിച്ചിട്ടുള്ള ഏകദൈവ പ്രതിഷ്ഠ മറ്റൊരു ക്ഷേത്രങ്ങളിലും കാണാത്ത പ്രത്യേകതയാണ്.വിശുദ്ധ കുരിശും ദിവ്യമായ ചന്ദ്രക്കലയും പ്രണവമന്ത്രമായ ഓംകാരവും ഒരു ശിലയിൽ പ്രതിഷ്ഠിക്കപ്പെട്ടതിനാൽ ഈ ക്ഷേത്രത്തിന് ദേശീയ പ്രാധാന്യമാണ് ലഭിച്ചിട്ടുള്ളത്. 1985ൽ രാഷ്ട്രപതിയായിരുന്ന ആർ വെങ്കിട്ടരാമൻ ആണ് ക്ഷേത്രം നാടിന് സമർപ്പിച്ചത്. താമരക്കുള്ളിൽ ഏഴുനിലകളിലായിട്ടാണ് കീർത്തിസ്തംഭം പണിതുയർത്തിയിരിക്കുന്നത്.
ഒന്നാം നിലയിൽ ശ്രീനാരായണ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയാണ് നടത്തിയിരിക്കുന്നത്. രണ്ടാം നിലയിൽ തമിഴ്‌നാട്ടിലെ നവോത്ഥാന നായകൻ ഇ.വി രാമസ്വാമിനായ്ക്കരുടെയും മൂന്നാം നിലയിൽ എസ്.എൻ.ഡി.പി യോഗത്തിന്റെ സ്ഥാപക നേതാവ് ഡോ. പൽപ്പുവിന്റേയും, നാലാം നിലയിൽ മഹാകവി കുമാരനാശാന്റേയും, വൈക്കം സത്യാഗ്രഹത്തിന്റെ മുഖ്യ ശിൽപ്പിയായ ടി.കെ മാധവന്റേയും, അഞ്ചാം നിലയിൽ ഡോ.ബി.ആർ അംബേദ്കറുടേയും, ആറാം നിലയിൽ ഗുരുവിന്റെ ഏക ദൈവസങ്കൽപ്പത്തിന്റെ പ്രതീകമായി ഏക ശിലയിൽ കൊത്തിവെച്ചിരിക്കുന്ന ഓംകാരവും, കുരിശും, ചന്ദ്രക്കലയും, എഴാമത് നിലയിൽ ശ്രീനാരായണ ഗുരുദേവന്റെ പൂർണകായ പ്രതിമയും സ്ഥാപിച്ചിരിക്കുന്നു. മതേതരത്വം എന്നത് കേവലം വാക്കിൽ മാത്രം ഒതുങ്ങുന്ന ഈ കാലഘട്ടത്തിൽ അത് പ്രവർത്തിയിൽ കൂടി കാണിച്ചു കൊടുക്കുകയാണ് മലനാട് എസ്.എൻ.ഡി.പി യൂണിയൻ.
https://www.facebook.com/Malayalivartha

























