ഒന്നുമറിയാതെ ഓട്ടം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങവേ ഷമേജ് ചെന്നുപെട്ടത് കലിപൂണ്ടു നില്‍ക്കുന്ന കൊലയാളി സംഘത്തിനു മുന്നില്‍... പരിചയക്കാരാണെന്നു കണ്ടപ്പോള്‍ ഒന്നാശ്വസിച്ചു, പക്ഷെ കഴുത്തിന് നേര്‍ക്ക് കൊലക്കത്തി പതിച്ചപ്പോഴും അവന്‍ അറിഞ്ഞില്ല കിലോമീറ്ററുകള്‍ക്കപ്പുറം നടന്ന രാഷ്ട്രീയ കൊലപാതകത്തിന്റെ പകയാണെന്ന്...

ഷമേജ് രാത്രി പത്തുമണിക്ക് ഓട്ടം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേ ചെന്നു പെട്ടത് കലിപൂണ്ട് പാഞ്ഞു നടന്ന കൊലയാളി സംഘത്തിന്റെ മുന്നിലായിരുന്നു. ഓട്ടോറിക്ഷ തടഞ്ഞതു പരിചയക്കാരടങ്ങുന്ന സംഘമായതിനാല്‍ കാര്യമാക്കിയില്ല. പക്ഷെ നിമിഷ നേരത്തിനുള്ളില്‍ കഴുത്തിനു നേര്‍ക്ക് പാഞ്ഞുവന്ന കൊലക്കത്തിയുടെ മൂര്‍ച്ചയില്‍ പിടയുമ്പോഴും ആ യുവാവറിഞ്ഞിരുന്നില്ല, കിലോമീറ്ററുകള്‍ക്കപ്പുറം നടന്ന രാഷ്ട്രീയ കൊലപാതകത്തിന്റെ പ്രതികാരത്തിന് ഇരയാകുകയാണു താനെന്ന്. മാഹി പള്ളൂരില്‍ സി.പി.എം. പ്രവര്‍ത്തകന്‍ ബാബു കൊല്ലപ്പെട്ടതോടെ എതിര്‍പാളയത്തില്‍പ്പെട്ട ആരെയെങ്കിലും വകവരുത്തി കണക്കുതീര്‍ക്കാന്‍ ആയുധങ്ങളുമായി തെരുവിലിറങ്ങിയ സംഘത്തിനു മുന്നിലേക്ക് ഒന്നുമറിയാതെ ഷമേജ് വന്നുപെടുകയായിരുന്നു.
നേരത്തെ ബി.ജെ.പി. പ്രവര്‍ത്തകനായിരുന്ന ഷമേജ് വിവാഹശേഷം പൊതുപ്രവര്‍ത്തനങ്ങളില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. പകരത്തിനു പകരം കൊല കണ്ണൂരില്‍ മുന്‍പേയുണ്ടെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ എതിര്‍പാര്‍ട്ടി അനുഭാവികളായ ആരെയെങ്കിലും കൊല്ലുന്നതു പുതിയ കീഴ്‌വഴക്കമാണ്.
രണ്ടു വര്‍ഷം മുന്‍പ് പയ്യന്നൂരില്‍ സി.പി.എം. പ്രവര്‍ത്തകന്‍ ധനരാജ് കൊല്ലപ്പെട്ട് മണിക്കൂര്‍ തികയുന്നതിനു മുന്‍പ് ബി.ജെ.പി. പ്രവര്‍ത്തകനായ ഓട്ടോ െ്രെഡവര്‍ രാമചന്ദ്രനെ കൊലപ്പെടുത്തിയതും സമാന സംഭവം.
അതിനു പിന്നാലെ തില്ലങ്കേരിയില്‍ സി.പി.എം. പ്രവര്‍ത്തകന്‍ ജിജോയ്ക്ക് നേരെയുണ്ടായ ബോംബറിനുള്ള പ്രതികാരമായി ഇരിട്ടിയില്‍ വിനീഷ് കൊല്ലപ്പെട്ടു. പത്തംഗസംഘമാണ് ബൈക്കില്‍ വരികയായിരുന്ന ബാബുവിനെ മാഹിയില്‍ അക്രമിച്ചു കൊലപ്പെടുത്തിയത്. ബാബുവിന്റേത് മാഹിക്കു പുറത്തുനിന്നെത്തിയ സംഘം നടത്തിയ കൊലപാതകമായിരുന്നെന്നും എന്നാല്‍, പെട്ടെന്നു സംഘടിച്ച പ്രദേശവാസികളായ ചിലരാണ് ഷമേജിനെ കൊന്നതെന്നും പോലീസ് പറയുന്നു. രാത്രി ഒന്‍പതേകാലിനാണു ബാബു കണ്ണിപ്പൊയിലിനു വെട്ടേല്‍ക്കുന്നത്.
കൊലപാതക വിവരം പുറത്തു വന്നു മുക്കാല്‍ മണിക്കൂര്‍ തികയും മുന്‍പ് ഷമേജിനു വെട്ടേറ്റു. ബാബു കൊല്ലപ്പെട്ട പളളൂരിനു മൂന്നു കിലോമീറ്റര്‍ അകലെ ന്യൂ മാഹി കല്ലായി റോഡില്‍ വച്ചായായിരുന്നു ആക്രമണം. വീട്ടിലേക്ക് ഓാേറിക്ഷ ഓടിച്ചു പോകുംവഴി ഒരു സംഘം തടഞ്ഞുവച്ചു വെട്ടുകയായിരുന്നു. 
മാഹിയില്‍ ആര്‍.എസ്. എസ്. പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തിന്റെ ആസൂത്രകനായണ് ബാബുവിനെ സംഘപരിവാര്‍ കണ്ടിരുന്നത്. അതുകൊണ്ടു തന്നെ അവര്‍ മുമ്പും ബാബുവിനെ ആക്രമിക്കാന്‍ ഒരുങ്ങിയിരുന്നു. എന്നാല്‍ ആര്‍.എസ്.എസ്. അനുഭാവി മാത്രമായി കഴിഞ്ഞു വരികയായിരുന്നു ഷമേജ്.
രാഷ്ട്രീയത്തിന്റെ പേരില്‍ ഷമേജിന് പ്രത്യക്ഷത്തില്‍ ആരും ശത്രുക്കളായി ഉണ്ടായിരുന്നില്ല. 1960കളില്‍ ബീഡിക്കമ്പനികളുമായി ബന്ധപ്പെട്ടു തുടങ്ങിയ കണ്ണൂരിലെ ആര്‍.എസ്.എസ്. സി.പി.എം. രാഷ്ട്രീയ കൊലപാതങ്ങള്‍ നാലുപതിറ്റാണ്ടിനു ശേഷവും അതേ രീതിയില്‍ ആവര്‍ത്തിക്കപ്പെടുകയാണ്.

പ്രതികാരത്തിന്റെ കണക്ക് ബാക്കിവച്ചാല്‍ പാര്‍ട്ടിയുടെ ശക്തി സംശയിക്കപ്പെടുമെന്ന ചിന്തയാണ് ഉടന്‍ പ്രതികാരത്തിലേക്ക് പാര്‍ട്ടികളെ നയിക്കുന്നത്. ഈ കിരാതത്വത്തിന് ഇരകളാകുന്നതു ഷമേജിനെപ്പോലെ നിരപരാധികള്‍. അതും കൂടുതല്‍ പ്രാകൃതവും നിഷ്ഠൂരവുമായ രീതികളിലാണ് കൊലകള്‍ നടത്തുന്നത്. കേസുകളില്‍ നിര്‍ണായകമാകാവുന്ന ദൃക്‌സാക്ഷി മൊഴികള്‍ ഒഴിവാക്കാനായി കൊല നടത്തുന്നത് രാത്രികാലത്താണ്.
https://www.facebook.com/Malayalivartha
























