ചരിത്രത്തിലെ ആദ്യ ട്രാൻസ്‍ജെൻഡർ വിവാഹം ഇന്ന് ; രാവിലെ ഒമ്പതിനും പത്ത് മുപ്പതിനും ഇടയ്ക്കുള്ള ശുഭ മുഹൂർത്തത്തിൽ ഇഷാൻ സൂര്യയ്ക്ക് താലി ചാർത്തും

ചരിത്രത്തിലെ ആദ്യ ട്രാൻസ് ജെൻഡർ വിവാഹത്തിന് ഇന്ന് കേരളം സാക്ഷിയാകും.രാവിലെ ഒമ്പതിനും പത്ത് മുപ്പത്തിനുമിടക്കുള്ള ശുഭ മുഹൂർത്തത്തിലാണ് ഇഷാൻ സൂര്യക്ക് മിന്നു ചാർത്തുന്നത്. തിരുവനന്തപുരം മന്നം നാഷണൽ ക്ലബ്ബിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടക്കുന്നത്.
ഏറെ പ്രതിസന്ധികളെ മറികടന്നാണ് ഇരുവരും ജീവിതം പങ്കിടാൻ തീരുമാനിച്ചിരിക്കുന്നത്. ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗങ്ങളായ സൂര്യയുടെയും ഇഷാന്റെയും ആറുവർഷത്തെ സൗഹൃദമാണ് വിവാഹത്തിലേക്ക് വഴിയൊരുക്കിയത്. ഇരുവരും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായതിനാൽ, ഐഡി കാർഡുകളിൽ സൂര്യ സ്ത്രീയും ഇഷാൻ പുരുഷനുമാണ്. അതുകൊണ്ടുതന്നെ, നിയമ വിധേയമായി വിവാഹം നടത്താൻ തടസ്സങ്ങൾ ഉണ്ടാവുകയില്ല.
ഇരു കുടുംബങ്ങളുടെയും പൂർണ്ണ സമ്മതത്തോടെ സ്‌പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരമാണ് തങ്ങൾ വിവാഹിതരാകുന്നതെന്ന് സൂര്യയും ഇഷാനും വ്യക്തമാക്കിയിരുന്നു .സൂര്യ ഹൈന്ദവ കുടുംബ പശ്ചാത്തലത്തിൽ നിന്നും ഇഷാൻ ഇസ്‌ലാം സമുദായത്തിൽ നിന്നുമായതിനാൽ കേവലമൊരു രജിസ്റ്റർ മാര്യേജ് എന്നതിലുപരി സമുദായവും ബന്ധുക്കളുമടങ്ങുന്ന ഒരു വിവാഹവേദി തന്നെ ഒരുക്കാനായിരുന്നു ഇരുവരും തീരുമാനിച്ചിരുന്നത് . സൂര്യ സംസ്ഥാന സമിതി അംഗവും, ഇഷാൻ തിരുവനന്തപുരം ജില്ലാ സമിതി അംഗവുമായിരിക്കുന്ന ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് ബോർഡിലെയും, ഒയാസിസ് തിരുവനന്തപുരം ട്രാൻസ് കമ്മ്യൂണിറ്റിയിലെയും അംഗങ്ങളുടെ പിന്തുണയോടു കൂടെയാണ് വിവാഹം നടത്തുന്നത്.
https://www.facebook.com/Malayalivartha

























