ഇന്ന് മികച്ച കർഷകനുള്ള അവാർഡ് വാങ്ങാനിരിക്കെ വേനൽ മഴ വില്ലനായി; നശിപ്പിച്ചത് രണ്ടേക്കർ പാവൽ തോട്ടവും ജോമോന്റെ സ്വപ്നങ്ങളും

ഇടുക്കി കട്ടപ്പനയിൽ വേനല്‍മഴയില്‍ കനത്ത കൃഷിനാശം. വാഴവര നിര്‍മലാസിറ്റി ഒഴുകയില്‍ ജോമോന് മാത്യുവിന്റെ രണ്ടേക്കര്‍ സ്ഥലത്തെ പാവല്‍ കൃഷി പൂര്‍ണമായും നശിച്ചു. കട്ടപ്പന നഗരസഭയിലെ മികച്ച യുവകര്‍ഷകനുള്ള പുരസ്കാരം ലഭിച്ചയാളിനാണ് ലക്ഷങ്ങള്‍ നഷ്ടമുണ്ടായിരിക്കുന്നത്.
18-ാം വയസില്‍ കൃഷിയോടു താത്പര്യംതോന്നിയതുമുതല് പണിയെടുത്ത് മണ്ണില്‍ പൊന്നുവിളയിക്കുന്ന യുവാവാണ് ജോമോന്. പാവല്‍, പയര്‍, വാഴ, തേയില, ഏലം, കുരുമുളക് തുടങ്ങിയ ദേഹണ്ഡങ്ങളാണ് ജോമോനുള്ളത്. ഇതില്‍ രണ്ടേക്കര്‍ സ്ഥലത്തെ പാവല്‍ കൃഷിയാണ് നശിച്ചത്. ശക്തമായ കാറ്റിലും മഴയിലും പന്തല്‍ നിലംപൊത്തി. മൂന്നുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. ആഴ്ചയില്‍ 90000 രൂപയുടെ പാവക്കയായിരുന്നു ലഭിച്ചിരുന്നത്.
തരിശുഭൂമി പാട്ടത്തിനെടുത്താണ് കൃഷിയിറക്കിയത്. ഇതിന് ലക്ഷങ്ങള്‍ ചെലവഴിക്കേണ്ടതായും വന്നു. നിര്‍മലാസിറ്റി ഗ്രീന്‍വാലി കര്‍ഷകസമിതിയിലെ അംഗമാണ് ജോമോന്. ജില്ലയിലെ രണ്ടാമത്തെ പച്ചക്കറി ക്ലസ്റ്റര്‍ കൂടിയാണ് ഗ്രീന്‍വാലി. ജില്ലയിലെ മൂന്നാമത്തെ മികച്ച യുവകര്‍ഷകനായി ജോമോനെ തെരഞ്ഞെടുത്തിരുന്നു. ഇന്ന് മുണ്ടക്കയം 35-ാം മൈലില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സ്വീകരിക്കാനിരിക്കെയാണ് കൃഷിനാശമുണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha






















