ചേട്ടന്റെ ഓർമ്മകൾ പേറുന്ന ആ വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകി രോഹിണി...

ക്വട്ടേഷന്‍ സംഘം വെട്ടിക്കൊലപ്പെടുത്തിയ റേഡിയോ ജോക്കിയും നാടന്‍പാട്ട് കലാകാരനുമായ രാജേഷിന് പെൺകുഞ്ഞ് പിറന്നു. ഇക്കഴിഞ്ഞ രണ്ടിന് രാത്രി 8.37 നാണ് ആറ്റിങ്ങലിലെ സ്വകാര്യ ആശുപത്രിയിൽ രാജേഷിന്റെ ഭാര്യ രോഹിണി തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. അമ്മയും അനിഴം നാളിൽ പിറന്ന കുഞ്ഞും സുഖമായിരിക്കുന്നു. രാജേഷിന്റെ വീട്ടിലായിരുന്ന രോഹിണിക്ക് അന്ന് രാവിലെയാണ് പ്രസവവേദന അനുഭവപ്പെട്ടത്. തുടർന്ന് ഭർതൃ വീട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചു. സുഖപ്രസവമായിരുന്നു.
മടവൂർ പടിഞ്ഞാറ്റേല ആശാ നിവാസിൽ രാജേഷിനെ ക്വട്ടേഷൻ സംഘം വെട്ടിക്കൊല്ലുമ്പോൾ രോഹിണി പൂർണ ഗർഭിണിയായിരുന്നു. ഭർത്താവിന്റെ മരണം അവൾക്ക് ഉൾക്കൊള്ളാനായിരുന്നില്ല. ഭർതൃവീട്ടുകാരുടെ സ്നേഹ സാന്ത്വനങ്ങൾ അവൾക്ക് കരുതലായി. ഭർത്താവിന്റെ മരണവുമായി ബന്ധപ്പെട്ടെത്തിയ പത്രക്കാരോട് പോലും ഒന്നും പറയാതെ കാമറകളിൽ നിന്ന് മാറി അവൾ തന്റെ ദുഃഖങ്ങൾ മനസിലൊളിപ്പിച്ചു. മൂത്ത മകൻ അർജുന് അഞ്ച് വയസായി.
രാജേഷിന്റെ അരുംകൊലയ്ക്ക് ശേഷവും തന്നെ ആശ്വാസിപ്പിച്ച ഭർതൃപിതാവിനും മാതാവിനുമൊപ്പം അവൾ കഴിഞ്ഞു. ദുഃഖം തളം കെട്ടിയ വീട്ടിലേക്ക് പുതിയ അതിഥിയെത്തിയത് കുടുംബാംഗങ്ങൾക്കും ആശ്വാസമേകുന്നുണ്ട്. ഭര്‍ത്താവിന്റെ വിയോഗം തളര്‍ത്തുമ്പോഴും ഉദരത്തില്‍ വളരുന്ന കുഞ്ഞിനെ തൊട്ട് രോഹിണി മുമ്പ് പറഞ്ഞിരുന്നു ''ഞാനിവിടെ തന്നെയുണ്ടാകും, ചേട്ടന്റെ ഓര്‍മ്മകള്‍ പേറുന്ന ഈ വീട് വിട്ട് എങ്ങും പോകില്ല. ചേട്ടന്റെ ഘാതകര്‍ക്ക് ദൈവം ശിക്ഷ നല്‍കുക തന്നെ ചെയ്യുമെന്ന്. രാജേഷിന്റെ ഘാതകരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന ആവശ്യം മാത്രമാണ് ഇപ്പോഴും രോഹിണിക്കുള്ളത് .
https://www.facebook.com/Malayalivartha






















