വരാപ്പുഴ കസ്റ്റഡിമരണത്തിൽ പോലീസിന് വീണ്ടും നാണക്കേട്; ശ്രീജിത്തിനെ മോചിപ്പിക്കാൻ കൈക്കൂലി വാങ്ങി

വാരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട ശ്രീജിത്തിനെ മോചിപ്പിക്കാനായി പോലീസ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയതായി ആരോപണം. പറവൂര്‍ സി.ഐ ക്രിസ്പിന് സാം 25,000 രൂപ കൈക്കൂലി വാങ്ങിയതായാണ് വെളിപ്പെടുത്തൽ.
ഇതില്‍ 15,000 രൂപ ശ്രീജിത്തിന്റെ ബന്ധു സിഐയുടെ ഡ്രൈവർ പ്രതീപ് കുമാർ കൈവശം നല്കി. ശ്രീജിത്തിനെ മോചിപ്പിക്കാമെന്നു പറഞ്ഞാണു പണം വാങ്ങിയത്. ശ്രീജിത്ത് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടശേഷം ഈ പണം ഇടനിലക്കാര്‍ വഴി പോലീസ് തിരികെ നല്‍കിയെന്നും ആരോപിക്കുന്നു.
അതേസമയം ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ നാലു പോലീസുകാരെ കൂടി പ്രത്യേക അന്വേഷണ സംഘം പ്രതിചേര്‍ത്തു. വരാപ്പുഴ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ജയാനന്ദന്, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ സുനില്‍ ബേബി, സുനില്‍കുമാര്‍, ശ്രീരാജ് എന്നിവരെയാണ് പുതിയതായി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ശ്രീജിത്തിനെ അന്യായമായി തടങ്കലില്‍ വച്ച് മര്‍ദ്ദിക്കുന്നതിന് കൂട്ടുനിന്നു എന്നതാണ് ഇവര്‍ക്കെതിരായ കുറ്റം. ഇവരെ പ്രതികളാക്കി കൊണ്ടുള്ള റിപ്പോര്‍ട്ട് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു.
അവധിയിലായിരുന്ന എസ്ഐ ദീപക് സ്റ്റേഷനിലെത്തിയാണ് ശ്രീജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. എസ്ഐ അവധിയിലായിരുന്നതിനാല്‍ ഗ്രേഡ് എസ്ഐ ജയനന്ദനായിരുന്നു സ്റ്റേഷന്റെ ചുമതല. സംഭവം നടക്കുമ്പോൾ സ്റ്റേഷന് ചുമതലയുണ്ടായിരുന്നയാള്‍ എന്ന നിലയ്ക്കാണ് ജയാനന്ദന് പ്രതിയായത്. ജയാനന്ദന് പുറമേ സ്റ്റേഷന് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് മൂന്ന് സിവില്‍ പോലീസ് ഉദ്യോഗസ്ഥരെയും കൂടി അന്വേഷണ സംഘം പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
https://www.facebook.com/Malayalivartha
























