60 കഴിഞ്ഞവരെ ഉപേക്ഷിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്താല്‍ ശിക്ഷ ചെറുതല്ല

60 കഴിഞ്ഞവരെ ഇനി നടുറോഡിയോ വൃദ്ധസദനങ്ങളിലോ ഉപേക്ഷിച്ചാല്‍ കിട്ടുന്ന ശിക്ഷ ചെറുതല്ല. നിയമവ്യവസ്ഥകള്‍ കൂടുതല്‍ കര്‍ക്കശമാക്കുന്നു.വയോധികരെ ഉപേക്ഷിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്യുന്ന മക്കളും കൊച്ചുമക്കളും മരുമക്കളുമൊക്കെ ആറു മാസം വരെ ജയിലില്‍ കിടക്കേണ്ടിവരും. ശിഷ്ടകാലം 'പൊന്നുപോലെ' നോക്കിക്കൊള്ളാമെന്ന് വാഗ്ദാനം ചെയ്ത് സ്വത്ത് തട്ടിയെടുക്കുകയും പിന്നീട് ഉറപ്പ് ലംഘിക്കുകയും ചെയ്താല്‍ മാതാപിതാക്കള്‍ക്ക് സ്വത്ത് തിരിച്ചുകൊടുക്കേണ്ടി വരും.
വയോജന പീഡനങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ നിലവിലെ നിയമം ഭേദഗതിചെയ്യാന്‍ തയാറാക്കിയ കരട് ബില്ലിലാണ് ഈ നിര്‍ദേശങ്ങള്‍. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമത്തിനും ജീവനാംശത്തിനുമുള്ള കരട് ബില്‍ സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയമാണ് തയാറാക്കിയത്. പൊതുജനാഭിപ്രായം തേടി ആവശ്യമായ ഭേദഗതികളോടെ മന്ത്രിസഭ അംഗീകരിക്കുന്ന മുറക്ക് ബില്‍ പാര്‍ലമന്റെിന്റെ പരിഗണനക്കു വരും.
മക്കള്‍ എന്നതിന്റെ നിര്‍വചനം വിപുലപ്പെടുത്തി. മക്കള്‍, ചെറുമക്കള്‍, മക്കളുടെ ഭാര്യ/ഭര്‍ത്താക്കന്മാര്‍, ചെറുമക്കളുടെ ഭാര്യ/ഭര്‍ത്താക്കാന്മാര്‍, ദത്തെടുത്ത മക്കള്‍ എന്നിവരെയെല്ലാം നിര്‍വചനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി.പരിപാലനം എന്നാല്‍ ഭക്ഷണം, വസ്ത്രം, കിടക്കാനൊരിടം, ചികിത്സ എന്നിവ മാത്രമല്ല.
മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷിതത്വവും അതില്‍ ഉള്‍പ്പെടും. പരിപാലിക്കാതെ തഴഞ്ഞാല്‍ ജീവനാംശ ട്രൈബ്യൂണലിനെ സമീപിക്കാന്‍ പ്രായം ചെന്നവര്‍ക്ക് അവകാശമുണ്ട്.പ്രതിമാസ ജീവനാംശത്തുക നിശ്ചയിക്കാന്‍ ട്രൈബ്യൂണലിന് അധികാരം ഉണ്ടായിരിക്കും.
https://www.facebook.com/Malayalivartha
























