ഇടുക്കി മൂലമറ്റത്ത് തൊഴിലുറപ്പിന് അന്യസംസ്ഥാന തൊഴിലാളികള്‍; റോഡ് കോണ്‍ക്രീറ്റിങ്ങില്‍ ക്രമക്കേട് എന്ന് പരാതി

ഇടുക്കി മൂലമറ്റം അറക്കുളം പഞ്ചായത്തില്‍ തൊഴിലുറപ്പു പദ്ധതിയില്‍പ്പെടുത്തി നടത്തിയ റോഡ് കോണ്‍ക്രീറ്റിങ്ങില്‍ വ്യാപക ക്രമക്കേടു നടന്നതായി പരാതി. പ്രാദേശിക തൊഴിലുറപ്പ് ജോലിക്കാരെക്കൊണ്ട് ചെയ്യിക്കേണ്ട പണികള്‍ മറുനാടന്‍ തൊഴിലാളികളെക്കൊണ്ട് ചെയ്യിച്ചതായും ആരോപണമുണ്ട്. നിലവാരം കുറഞ്ഞ സാമഗ്രികളാണ് പണിക്കുപയോഗിച്ചതെന്നും പരാതിയുണ്ട്.
പഞ്ചായത്തിലെ 15 വാര്‍ഡുകളിലുമായി 120 മീറ്റര്‍ വീതം 1800 മീറ്റര്‍ നീളത്തിലുള്ള റോഡ് നിര്‍മാണമാണ് പൂര്‍ത്തിയാക്കേണ്ടിയിരുന്നത്. ഇതിനാവശ്യമായ നിര്‍മാണ സാമഗ്രികള്‍ വാങ്ങുന്നതിന് വാര്‍ഡൊന്നിന് നാലുലക്ഷം വീതം 60 ലക്ഷം രൂപയും അനുവദിച്ചിരുന്നു. നിര്‍മാണ പ്രവൃത്തികള്‍ തൊഴിലുറപ്പു ജോലിക്കാരെക്കൊണ്ട് ചെയ്യിച്ച് അതിനുള്ള കൂലി തൊഴിലുറപ്പു ഫണ്ടില്‍നിന്നാണ് നല്‍കുന്നത്.
റോഡു നിര്‍മാണംപോലുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിന് മുമ്ബായി വാര്‍ഡ്-ഗ്രാമസഭകളും അയല്‍കൂട്ടവും വിളിച്ചുചേര്‍ത്ത് ചര്‍ച്ചചെയ്തശേഷം ഗുണഭോക്തൃ കമ്മിറ്റിയെടുത്ത് അതിന്റെ മേല്‍നോട്ടത്തില്‍ വേണം പണികള്‍ നടത്താന്‍. എന്നാല്‍, ഒട്ടുമിക്ക വാര്‍ഡുകളിലും ഇത്തരത്തിലുള്ള നടപടിക്രമങ്ങള്‍ പാലിച്ചില്ല. പരസ്യ ടെന്‍ഡറിലൂടെയാണ് നിര്‍മാണ സാമഗ്രികള്‍ എത്തിക്കേണ്ട കരാറുകാരനെ കണ്ടെത്തേണ്ടിയിരുന്നത്. കരാറേറ്റെടുത്ത ഇടുക്കി സ്വദേശി പല വാര്‍ഡുകളിലും നിര്‍മാണ സാമഗ്രികള്‍ മുഴുവനായും എത്തിച്ചില്ലെന്ന് ഗുണഭോക്താക്കള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























