വരാപ്പുഴ കസ്‌റ്റഡി മരണം ; മുന്‍ ആലുവ റൂറല്‍ എസ്.പി എ.വി.ജോര്‍ജിനെ കുടുക്കി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്; വകുപ്പ്തല നടപടിക്കും ശുപാര്‍ശ

വരാപ്പുഴ കസ്‌റ്റഡി മരണക്കേസില്‍ മുന്‍ ആലുവ റൂറല്‍ എസ്.പി എ.വി.ജോര്‍ജിനെ കുടുക്കി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. എസ്.പിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച റൂറല്‍ ടൈഗര്‍ ഫോഴ്‌സ് (ആര്‍.ടി.എഫ്) സംസ്ഥാന പൊലീസ് മേധാവിയുടെയും സര്‍ക്കാരിന്റെയും അനുമതിയില്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നത്. പലപ്പോഴും നിയമാനുസൃതമായിരുന്നില്ല സംഘത്തിന്റെ പ്രവര്‍ത്തനം. മാത്രവുമല്ല ഈ സംഘത്തിനെ മുപ്പതിലധികം തവണ എസ്.പി നേരിട്ട് അഭിനന്ദിച്ചിരുന്നതായും ക്രൈംബ്രാഞ്ച് കണ്ടെത്തി. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം തന്നെ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയതായാണ് വിവരം. എ.വി.ജോര്‍ജിനെതിരെ വകുപ്പ്തല നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.
അതേസമയം, ജോര്‍ജിനെതിരെ നിര്‍ണായകമായ പത്തിലധികം തെളിവുകള്‍ ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് ലഭിച്ചതായാണ് സൂചന. അന്വേഷണ വിധേയമായി എസ്.പി എ.വി ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്യാനും നീക്കം തുടങ്ങിയിട്ടുണ്ട്. തൃശൂര്‍ പൊലീസ് അക്കാഡമിയില്‍ അസിസ്റ്റന്റ് ഡയറക്ടറാണ് ഇപ്പോള്‍ ഇദ്ദേഹം. കസ്‌റ്റഡി മരണത്തിന് ഉത്തരവാദികളെന്ന് ആരോപിക്കപ്പെടുന്ന റൂറല്‍ ടൈഗര്‍ ഫോഴ്‌സിനെ (ആര്‍.ടി.എഫ്) ജോര്‍ജ് വഴിവിട്ട് സഹായിച്ചതിനുള്ള തെളിവുകള്‍ പ്രത്യേകാന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. മാത്രമല്ല, പ്രതികളാണെന്നറിഞ്ഞിട്ടും കുറ്റവാളികളായ പൊലീസുകാരെ കേസില്‍ നിന്ന് ഊരിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇന്റലിജന്‍സ് ഓപ്പറേഷനിലൂടെയാണ് ജോര്‍ജിനെതിരായ തെളിവുകള്‍ അന്വേഷണസംഘം ശേഖരിച്ചത്. ശ്രീജിത്തിന്റെ മരണത്തില്‍ ജോര്‍ജിന്റെ ഇടപെടലിനെക്കുറിച്ച് ആഴത്തില്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ഐ.ജി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
എസ്.പിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ശ്രീജിത്തിനെ കസ്‌റ്റഡിയിലെടുത്തതെന്ന് പറവൂര്‍ സി.ഐ ക്രിസ്പിന്‍ സാം നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതോടെയാണ് അന്വേഷണം എസ്.പിയിലേക്ക് തിരിഞ്ഞത്. യാത്ര അയപ്പ് വേളയില്‍ ജോര്‍ജ് നടത്തിയ പ്രസംഗത്തിന്റെ വീഡിയോയും ഇന്റലിജന്‍സ് പ്രത്യേകാന്വേഷണ സംഘത്തിന് കൈമാറി. കസ്‌റ്റഡി മരണത്തിന് ഉത്തരവാദികളായ പൊലീസുകാര്‍ക്ക് അനുകൂലമായാണ് എസ്.പിയുടെ പ്രസംഗമെന്നും കണ്ടെത്തി.
https://www.facebook.com/Malayalivartha
























