സജിചെറിയാന്റെ സ്വത്ത്: എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കണം: എം.ടി. രമേശ്

കോടികളുടെ സ്വത്ത് മറച്ചുവെച്ച് സത്യവാങ്മൂലം നല്‍കിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. അമ്പലപ്പുഴയില്‍ ഒരു ബിനാമി സംഘടനയെ മറയാക്കി ഒന്നേകാല്‍ കോടിയുടെ സ്വകാര്യസ്വത്താണ് സജി ചെറിയാന്‍ സമ്പാദിച്ചത്. സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും സജി ചെറിയാന്റെയും പേരിലാണ് വസ്തു. ഈ വസ്തു സത്യവാങ്മൂലത്തില്‍ കാണിക്കാത്തത് കോടിയേരിയുടെ ഇടപാടുകള്‍ പുറത്താകുമെന്ന ഭയം മൂലമാണ്. തൊഴിലാളി വര്‍ഗ്ഗ നേതാവ് കോടികളുടെ സ്വത്തിന് ഉടമയായത് എങ്ങനെയാണെന്ന് വിശദീകരിക്കണമെന്നും രമേശ് ആവശ്യപ്പെട്ടു.
കരുണ പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ വസ്തുവാണിതെന്നാണ് സജി ചെറിയാന്‍ ഇപ്പോള്‍ വാദിക്കുന്നത്. എന്നാല്‍ ശുദ്ധ കളവാണിത്. കരുണയുമായി ഇതിന് യാതൊരു ബന്ധവുമില്ല. കരുണകാണിക്കണമെന്ന് പറഞ്ഞാല്‍ ജനങ്ങള്‍ അതിന് തയ്യാറാവില്ല. ആലപ്പി റീഹാബിലിറ്റേഷന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ (എആര്‍പിസി) എന്ന സൊസൈറ്റിയുടെ മറവിലാണ് ഭൂമി ഇടപാട്. 2016 സെപ്റ്റംബറില്‍ രൂപീകരിച്ച സൊസൈറ്റിക്കെന്ന പേരില്‍ രണ്ട് മാസത്തിനിടെയാണ് ഇത്രയും സ്വത്ത് സമ്പാദിച്ചതെന്ന് രമേശ് ചൂണ്ടിക്കാട്ടി. കോടിയേരി ബാലകൃഷ്ണന് ഈ ഭൂമിയിടപാടില്‍ എന്താണ് പങ്കെന്ന് സിപിഎം വ്യക്തമാക്കണം. 23 പേര്‍ അംഗങ്ങളായാണ് എആര്‍പിസി രൂപീകരിച്ചത്. അത് ചുരുങ്ങി ഇപ്പോള്‍ 16 ആയിട്ടുണ്ട്. അതില്‍ കോടിയേരിയില്ല. പിന്നെന്താണ് കോടിയേരിയുടെ പങ്കെന്ന് പാര്‍ട്ടി വ്യക്തമാക്കണം. ആലപ്പുഴ ജില്ലയില്‍ മാത്രമല്ല സജിയും കോടിയേരിയും തമ്മിലുള്ള ഭൂമി ഇടപാടെന്നാണ് മനസ്സിലാക്കുന്നത്. കോടിയേരിയുടെ നാട്ടിലുള്‍പ്പെടെയുള്ള വസ്തുവിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ബിജെപി പുറത്തുവിടുമെന്ന് അദ്ദേഹം പറഞ്ഞു.
വ്യക്തമായ രേഖകള്‍ ഉള്‍പ്പടെ ഹാജരാക്കിയിട്ടും സജിചെറിയാന്റെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ച വരണാധികാരി ഏകപക്ഷീയമായാണ് പെരുമാറിയത്. സിപിഎം നേതാവിനെപ്പോലെ പെരുമാറുന്ന റിട്ടേണിംഗ് ഓഫീസര്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. എതിര്‍ കക്ഷികളുടെ വാദങ്ങള്‍ കേള്‍ക്കാന്‍ പോലും മനസ്സു കാണിക്കാതെയാണ് ഇദ്ദേഹം പലപ്പോഴും തീരുമാനങ്ങള്‍ സ്വീകരിച്ചത്. ഇത് ജനാധിപത്യ വിരുദ്ധമാണ്. വരണാധികാരിയ്‌ക്കെതിരെ കേന്ദ്ര നിരീക്ഷകന് ബിജെപി നല്‍കിയിട്ടുണ്ട്. ഇനി തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപി പരാതി നല്‍കും. പത്രികാ സമര്‍പ്പണ വേളയില്‍ സജി ചെറിയാനൊപ്പം കൂടുതല്‍ ആള്‍ക്കാര്‍ കയറിയെന്ന് തെളിഞ്ഞതാണ്. എന്നാല്‍ വരണാധികാരി പുറത്തു വിട്ട ഫോട്ടോയില്‍ ആളുകളുടെ എണ്ണം കുറവാണ്. ഇത്തരത്തില്‍ സജി ചെറിയാന് അനുകൂലമായി ഫോട്ടോ എഡിറ്റ് ചെയ്ത വരണാധികാരി വ്യാജ രേഖ ചമച്ചെന്നും അദ്ദേഹം ആരോപിച്ചു. ജില്ലാ അദ്ധ്യക്ഷന്‍ കെ സോമനും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha
























